യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈന അതിവേഗം പ്രതിരോധ അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നതായി റിപ്പോർട്ട് . ഇന്ത്യയുമായി ദീർഘകാല സംഘർഷത്തിനുള്ള സാദ്ധ്യതയാണ് ഇത് മൂലമുണ്ടാകുന്നതെന്ന് മുൻ സീനിയർ റോ ഓഫീസറും ചൈന വിദഗ്ധനുമായ ജയദേവ റാനഡെ .
കഴിഞ്ഞ വേനൽക്കാലത്ത് ഷി ജിൻപിങ്ങിന്റെ ടിബറ്റ് സന്ദർശനം മുതൽ ചൈന യഥാർത്ഥ നിയന്ത്രണ രേഖയിൽ അതിവേഗം പ്രതിരോധ പ്രവർത്തനങ്ങൾ കെട്ടിപ്പടുക്കുന്നുണ്ട് . ‘സിയാവോകാങ്’ മോഡൽ വഴി സുഗമമായ അതിർത്തി പ്രതിരോധ ഗ്രാമങ്ങളുടെ നിർമ്മാണമാണ് ചൈന ലക്ഷ്യം വയ്ക്കുന്നത് .
അതിർത്തിയിൽ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ദീർഘകാല അല്ലെങ്കിൽ സ്ഥിരമായ സാന്നിധ്യത്തിനായുള്ള പദ്ധതികളാണിത് . ടിബറ്റൻ പീഠഭൂമിയിൽ ഇപ്പോൾ നിരവധി വിമാനത്താവളങ്ങൾ അതിവേഗം നിർമ്മിക്കപ്പെടുന്നതായും സൂചനകളുണ്ട് .
ടിബറ്റൻ പീഠഭൂമിയിലും സിൻജിയാങ്ങിലുമായി മുപ്പതോളം വിമാനത്താവളങ്ങൾ ഇതിനകം തന്നെ നിർമ്മാണത്തിലാണെന്നാണ് റിപ്പോർട്ട്.യഥാർത്ഥ ടിബറ്റിന്റെ ഭാഗമായ ക്വിംഗ്ഹായ് പ്രവിശ്യ — 2025 ഓടെ 10 പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കാൻ പദ്ധതിയിടുന്നു. ഓരോ കൌണ്ടിയിലും കുറഞ്ഞത് ഒരു വിമാനത്താവളമെങ്കിലുമാണ് ലക്ഷ്യം . കൂടാതെ, 2017 ൽ ആരംഭിച്ച 9 പുതിയ വിമാനത്താവളങ്ങളുടെ നിർമ്മാണം 2030 ഓടെ പൂർത്തിയാകും.2022ൽ 5 വിമാനത്താവളങ്ങളുടെ നിർമാണം ആരംഭിക്കാനാണ് പദ്ധതി.
ഈ വർഷം ജനുവരിയിൽ, അടുത്തിടെ നിയമിതനായ പീപ്പിൾസ് ഗവൺമെന്റിന്റെ ചെയർമാൻ യാൻ ജിൻഹായ്, ലാസ, നഗാരി ജില്ലകളിൽ നിന്നുള്ള പ്രതിനിധികളോട് സംസാരിക്കവെ, അതിർത്തി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞിരുന്നു.ടിബറ്റിലെ സൈനിക നിർമ്മാണത്തിന് ഷി ജിൻപിംഗ് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും യുദ്ധത്തിന് തയ്യാറെടുക്കാനുള്ള ഉദ്യോഗസ്ഥരുടെയും സൈനികരുടെയും കഴിവ് ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ഷി ജിൻപിംഗ് പറഞ്ഞിരുന്നു.
Discussion about this post