ശ്രീനഗറിൽ നിന്നും ഏതാണ്ട് അൻപത് കിലോമീറ്റർ അകലെയായി പാക് അധീന കശ്മീരിൽ താത്കാലികമായി നിമ്മിച്ച ഒരു കേന്ദ്രത്തിലായിരുന്നു അവർ. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര സംഘടനയുടെ പ്രമുഖരായ രണ്ട് കൊലയാളികൾ. വലതുകയ്യിലിരുന്ന സിഗററ്റ് ചുണ്ടിലേക്ക് വച്ച് ആഞ്ഞൊരു പുകയെടുത്ത് അകലേക്ക് ദൃഷ്ടി പതിപ്പിച്ച് കൊണ്ട് അബു സബ്സർ ജനലിന് സമീപമാണ് ഇരുന്നത്. തൊട്ടടുത്ത് ആശങ്കയോടെ അബു തോറാറയും.
എനിക്കെന്തോ സംശയമുണ്ട് .. എവിടെയോ ചില പ്രശ്നങ്ങൾ കാണുന്നു. അബു തൊറാറ പറഞ്ഞു. കാൽക്കീഴിലായി ശ്രദ്ധാപൂർവ്വം വച്ചിരുന്ന രണ്ട് എകെ 47 തോക്കുകളിലേക്ക് നോക്കി അബു സബ്സർ മുരണ്ടു. നിനക്ക് അവനോട് ഇനിയും സംസാരിക്കണോ ? തോറാറ മറുപടി പറയാൻ ഒന്ന് മുന്നോട്ടാഞ്ഞു .തൊട്ടടുത്ത മുറിയിൽ നിന്ന് കാൽപ്പെരുമാറ്റം കേട്ടതോടെ അബു സബ്സർ ചുണ്ടിൽ കൈവച്ച് ആംഗ്യം കാണിച്ചു. തൊറാറ നിശ്ശബ്ദനായി.
ചുണ്ടിലൊരു മൂളിപ്പാട്ടും കയ്യിലെ ട്രേയിൽ ഗ്ലാസുകളിൽ കട്ടൻ ചായയുമായി ഇഫ്തിക്കർ മുറിയിലേക്ക് കടന്നുവന്നു. ഒരു ചെറു ചിരിയോടെ അബു തൊറാറയ്ക്കും അബു സബ്സറിനും ഓരോ ചായ ഗ്ലാസുകൾ നൽകി തന്റെ എകെ 47 തോക്കിനു സമീപം കാലു നീട്ടിയിരുന്നു.
നീ പറഞ്ഞതൊക്കെ സത്യമല്ലേ അബു തൊറാറ ചോദിച്ചു. ഇഫ്തിക്കർ എഴുന്നേറ്റു . കയ്യിലിരുന്ന തോക്ക് അവർക്ക് മുന്നിലേക്കിട്ടു .. നിങ്ങൾക്കിനിയും സംശയമോ എന്നെ . ഇതാ എന്റെ തോക്ക് നിങ്ങൾക്ക് ഈ നിമിഷം എന്നെ വെടിവെച്ചു കൊല്ലാം .. ഇരുവരുടേയും മുഖത്തേക്ക് മാറി മാറി നോക്കി ഇഫ്തികർ ശബ്ദം താഴ്ത്തി പറഞ്ഞു. അബു തൊറാറയും അബു സബ്സറും മുഖത്തോടു മുഖം നോക്കി. തൊറാറയുടെ കൈകൾ ഒന്ന് സംശയിച്ച് തോക്കിനു നേരേ നീണ്ടു .
ഒരു നിമിഷം .. ഇഫ്തികറിന്റെ കയ്യിൽ ഇന്ത്യൻ പാര സ്പെഷ്യൽ ഫോഴ്സ് ഉപയോഗിക്കുന്ന ഇറ്റാലിയൻ നിർമ്മിത ബറേറ്റ പ്രത്യക്ഷപ്പെട്ടു . തൊറായുടെയും സബ്സറിന്റെയും തലയിലേക്ക് രണ്ട് ബുള്ളറ്റുകൾ ചീറിപ്പാഞ്ഞു.. മരണം ഉറപ്പു വരുത്താൻ ഒരിക്കൽ കൂടി ഇരുവരുടേയും തലയിലേക്ക് ബുള്ളറ്റുകൾ പായിച്ച ശേഷം അയാൾ മരിച്ചു കിടക്കുന്ന ഭീകരരുടെ സമീപത്തായി ഇരുന്നു .. നേരത്തെ ബാക്കി വച്ച കട്ടൻ ചായ നിശ്ശബ്ദമായി ഊതിക്കുടിച്ചു ..
മേജർ മോഹിത് ശർമ്മ..
ഹരിയാനയിലെ രോത്തക്കിൽ രാജേന്ദ്ര പ്രസാദ് ശർമ്മയുടേയും സുശീല ശർമ്മയുടേയും രണ്ടാമത്തെ മകനായി ജനനം. സ്നേഹമുള്ളവർ അവനെ ചിന്തുവെന്ന് വിളിച്ചു. കുട്ടിക്കാലത്ത് കുസൃതിക്കുടുക്കയായി വളർന്ന അവന് ഏറ്റവും ഇഷ്ടം സംഗീതമായിരുന്നു. മൈക്കൽ ജാക്സണെയായിരുന്നു ഏറെ പ്രിയം. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ വിവിധ തരത്തിലുള്ള സംഗീതോപകരണങ്ങൾ പഠിക്കാനുള്ള ചിന്തുവിന്റെ കഴിവ് ആരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു..
പഠനത്തിനു ശേഷം നാഷണൽ ഡിഫൻസ് അക്കാഡമിയിൽ ചേർന്ന മോഹിത് ഏറ്റവും മികച്ച കേഡറ്റായി പേരു കേൾപ്പിച്ചു കൊണ്ടാണ് കോഴ്സ് പൂർത്തിയാക്കിയത്. നീന്തലിലും കുതിരയോട്ടത്തിലും ബോക്സിംഗിലും മിടുക്കൻ. അസാമാന്യ ധൈര്യശാലി, അസാധാരണമായ പോരാട്ട വീര്യം. അക്കാഡമിയിൽ നിന്ന് പുറത്തിറങ്ങിയത് സംഗീതത്തെ ഇഷ്ടപ്പെട്ട കുസൃതിക്കാരനായ ചിന്തുവായിരുന്നില്ല. രാജ്യത്തിന്റെ അഭിമാനം കാക്കാൻ ഒരുങ്ങിയിറങ്ങിയ സൈനികൻ – എ ട്രൂ സോൾജ്യർ – മോഹിത് ശർമ്മ.
ഇന്ത്യൻ മിലിട്ടറി അക്കാഡമിയിലെ ഉപരിപഠനത്തിനു ശേഷം 1999 ൽ ഇന്ത്യൻ സൈന്യത്തിലെ മദ്രാസ് റെജിമെന്റിൽ ലെഫ്റ്റനന്റായി ആയിരുന്നു മോഹിത് ശർമ്മയുടെ ആദ്യ നിയമനം. മൂന്നു വർഷത്തിനു ശേഷം ഏത് സൈനികനും ആഗ്രഹിക്കുന്ന പാരാ സ്പെഷ്യൽ ഫോഴ്സിലേക്ക് മോഹിത് തിരഞ്ഞെടുക്കപ്പെട്ടു. വൺ പാരാ സ്പെഷ്യൽ ഫോഴ്സിൽ ക്യാപ്റ്റനായി മാറിയ മോഹിത് 2005 ൽ മേജറായി പ്രൊമോട്ട് ചെയ്യപ്പെട്ടു.
കശ്മീരിലെ ഭീകരർക്ക് പേടി സ്വപ്നം, കമാൻഡൊകൾക്ക് കർക്കശക്കാരനായ ഓഫീസർ, വിദഗ്ദ്ധ പരിശീലനം നൽകുന്ന പരിശീലകൻ, ഭീകരരെ തകർക്കാൻ ഭീകര സംഘടനയിൽ ചേർന്നുള്ള അണ്ടർ കവർ പ്രവർത്തനങ്ങൾ.. മേജർ മോഹിത് ശർമ്മയെന്ന യുവ സൈനികൻ ഇന്ത്യൻ സൈന്യത്തിന്റെയും രാജ്യത്തിന്റെയും അഭിമാനമായി മാറുകയായിരുന്നു.
അതിർത്തി കടന്ന് ഭീകരർക്കൊപ്പം അവരിലൊരു ഭീകരനായി ചേർന്ന് നടത്തിയ ഓപ്പറേഷൻ യുവസൈനികർക്കിടയിൽ മോഹിതിന് വീര പരിവേഷം സമ്മാനിച്ചു. സൈനികർക്കിടയിൽ മൈക്ക് എന്ന് അറിയപ്പെട്ടിരുന്ന അയാളോട് നീ ഇതെന്തിന് ചെയ്തു , പിടിക്കപ്പെടാനോ കൊല്ലപ്പെടാനോ സാദ്ധ്യതയില്ലേ എന്ന് സുഹൃത്തുക്കൾ ചോദിച്ചു. ഞാൻ ഒന്നുകിൽ തിരിച്ചു വരും അല്ലെങ്കിൽ കൊല്ലപ്പെടും, ഒരിക്കലും പിടിക്കപ്പെടില്ല എന്നായിരുന്നു ആ ധീരന്റെ മറുപടി.
2009 മാർച്ച് 21 .. ഹഫ്രുദ വനത്തിൽ പാകിസ്താനിൽ നിന്നുള്ള കൊടും ഭീകരർ നിലയുറപ്പിച്ചിട്ടുണ്ടെന്ന വിവരം കിട്ടിയതിനെ തുടർന്ന് മോഹിതിന്റെ നേതൃത്വത്തിൽ വൺ പാരാ എസ്.എഫ് അവിടേക്ക് തിരിച്ചു. 25 പേരടങ്ങുന്ന ടീമായിരുന്നു ഓപ്പറേഷനു നിയോഗിക്കപ്പെട്ടത്. ഇതിൽ 24 പേർ മൂന്നു ടീമുകളായി തിരിഞ്ഞായിരുന്നു കൊടും കാട്ടിലേക്ക് പ്രവേശിച്ചത്. ഒരാൾ രാഷ്ട്രീയ റൈഫിൾസിന്റെ ബേസ് ക്യാമ്പിൽ ഏകോപനത്തിനായി കാത്തിരുന്നു. ഇടതൂർന്ന കാടും രണ്ടരയടി കനത്തിൽ മഞ്ഞു പുതഞ്ഞ് കിടക്കുന്ന മണ്ണും. ഭീകരരുടെ വെടിയുണ്ടകൾ ഏത് നിമിഷവും തേടിയെത്താം. അതായിരുന്നു സാഹചര്യം.
രണ്ട് സ്ക്വാഡുകൾ ഭീകരരെ തിരയുമ്പോൾ ഒരു സ്ക്വാഡ് ഉയർന്ന പ്രദേശത്ത് കവർ ചെയ്യുക എന്നതായിരുന്നു കമാൻഡോ ടീം തിരഞ്ഞെടുത്ത സൈനിക തന്ത്രം.
കൊടും കാടായിരുന്നതിനാൽ വെളിച്ചം പോലും എത്തി നോക്കിയിരുന്നില്ല. എല്ലാ കോണിലേക്കും കണ്ണുകൾ പായിച്ച് നടന്ന കമാൻഡോ ടീം പെട്ടെന്ന് അത് കണ്ടത്തി. കനത്ത മഞ്ഞിൽ പുതഞ്ഞ് കാലടിപ്പാടുകൾ. എന്നാൽ ആ കാലടിപ്പാടുകൾ ഒരു ജോടി കാലുകളുടേത് മാത്രമായിരുന്നു. അതായത് ഭീകരർ നടന്നത് ഒരേ കാൽപ്പാടുകളിൽ ചവിട്ടിയായിരുന്നു.തങ്ങൾ എത്ര പേരുണ്ടാകുമെന്ന് സൈനികർ കണ്ടെത്താതിരിക്കാനായിരുന്നു ഈ നീക്കം.
കാൽപ്പാടുകൾ ഇടയ്ക്ക് അവസാനിച്ചതോടെ കമാൻഡോ ടീം ഇനിയെങ്ങോട്ട് നീങ്ങുമെന്ന ചിന്താക്കുഴപ്പത്തിലായി. ഭീകരരുടെ ഒരു സൂചനയും ലഭിച്ചില്ല.. പെട്ടെന്ന് വയർലസ് ശബ്ദിച്ചു .. പാരാട്രൂപ്പർ നേത്രാം സിംഗ് ഭീകരരെ കണ്ടെത്തിയിരിക്കുന്നു. അവരെന്നെയും കണ്ടു എന്ന് നേത്രാം സിംഗ് പറഞ്ഞതും അദ്ദേഹത്തിന്റെ നെറ്റി തുളച്ച് ഭീകരർ പായിച്ച വെടിയുണ്ട കടന്നു പോയി. അതൊരു ഹെഡ് ഷോട്ടായിരുന്നു. നേത്രാം സിംഗ് ആ നിമിഷം തന്നെ മരിച്ചു വീണു.
പിന്നെ നടന്നത് ജീവന്മരണ പോരാട്ടമായിരുന്നു. സൈനികർക്ക് മുൻപ് തന്നെ സുരക്ഷിത സ്ഥാനങ്ങളിൽ സ്ഥാനം പിടിച്ച ഭീകരർക്കായിരുന്നു മേൽക്കൈ. സൈനികർക്ക് നേരേ തലങ്ങും വിലങ്ങും വെടിയുണ്ടകൾ ചീറിപ്പാഞ്ഞു.
വലതുവശത്തുകൂടെയും ഇടതുവശത്തുകൂടെയും പ്രത്യാക്രമണം നടത്താനുള്ള സൈനികരുടെ നീക്കം പാഴായി. അർദ്ധ വൃത്താകൃതിയിൽ ഭീകരർ തങ്ങളെ വളഞ്ഞിരിക്കുകയാണെന്ന് കമാൻഡർ മോഹിത് ശർമ്മ തിരിച്ചറിഞ്ഞു.
ഹവിൽദാർ രാകേഷ് നയിച്ച രണ്ടാം സ്ക്വാഡിനോട് ഉയർന്ന പ്രദേശത്തേക്ക് നീങ്ങി പ്രത്യാക്രമണം നടത്താൻ മേജർ മോഹിത് ശർമ്മ നിർദ്ദേശം നൽകി. നിർദ്ദേശപ്രകാരം മുന്നോട്ട് നീങ്ങിയ രാകേഷിന്റെ ടീമിനു നേരെ ബുള്ളറ്റ് മഴ തന്നെയുണ്ടായി. വെടിയുണ്ടകളേറ്റ് രാകേഷിന്റെ കാൽ തകർന്നു.
തത്കാലം പിൻവാങ്ങൽ അല്ലാതെ നിവൃത്തിയില്ലെന്ന് മനസ്സിലാക്കിയ മോഹിത് ശർമ്മ ടീമിനോട് പിന്നോട്ട് നീങ്ങി സുരക്ഷിത സ്ഥാനങ്ങൾ തിരഞ്ഞെടുക്കാൻ നിർദ്ദേശിച്ചു. ടീമംഗങ്ങൾ പിൻവാങ്ങുമ്പോൾ മോഹിത് തന്റെ പൊസിഷനിൽ തന്നെ ഇരുന്ന് അവർക്ക് കവർ ഫയർ ചെയ്തു. ഒരു വെടിയുണ്ട അദ്ദേഹത്തിന്റെ ഇടതു കയ്യിൽ തറച്ചു കയറി. പിൻവാങ്ങാനുള്ള ടീമംഗങ്ങളുടെ അഭ്യർത്ഥന തള്ളി അദ്ദേഹം നിരന്തരം നിറയൊഴിച്ചു. മറ്റ് സൈനികർ സുരക്ഷിതമായ സ്ഥാനങ്ങളിൽ എത്തുകയെന്നതായിരുന്നു തന്റെ പരിക്കിനേക്കാൾ അദ്ദേഹത്തിന് പ്രധാനം.
ലാൻസ് നായിക് സുഭാഷ് സിംഗിനോട് മൾട്ടി ഗ്രനേഡ് ലോഞ്ചർ ഉപയോഗിച്ച് ഫയർ ചെയ്യാൻ മേജർ നിർദ്ദേശിച്ചു. അതിനായി തയ്യാറെടുത്ത സുഭാഷ് സിംഗിന്റെ തോളിൽ ഭീകരരുടെ വെടിയുണ്ടയേറ്റതോടെ അദ്ദേഹത്തിന് നിറയൊഴിക്കാൻ കഴിഞ്ഞില്ല. സുഭാഷ് സിംഗിനെ സുരക്ഷിത സ്ഥാനത്തേക്ക് നീക്കാൻ നിർദ്ദേശിച്ച മോഹിത് ശർമ്മ ഗ്രനേഡ് ലോഞ്ചർ കയ്യിലെടുത്ത് ഭീകരർക്ക് നേരെ നിറയൊഴിച്ചു. ഏറ്റവും കൂടുതൽ വെടിയുണ്ടകൾ വന്ന ഭാഗമായിരുന്നു ലക്ഷ്യം. ആറു ഗ്രനേഡുകൾ ഉഗ്രശബ്ദത്തോടെ ഭീകരർ നിന്ന സ്ഥലത്ത് പൊട്ടിത്തെറിച്ചു. അവരിൽ നിന്നുള്ള ആക്രമണം താരതമ്യേന കുറഞ്ഞു.
തിരിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറുന്നതിനിടെ ബുള്ളറ്റ് പ്രൂഫിന്റെ സംരക്ഷണം ഇല്ലാത്ത ഭാഗത്തു കൂടി ഒരു വെടിയുണ്ട മോഹിത് ശർമ്മയുടെ നെഞ്ചിലേറ്റു. അടുത്തേക്ക് എത്തിയ ടീമംഗങ്ങളോട് ഒന്നുമില്ല , ഇത് ഗുരുതരമല്ല എന്നായിരുന്നു ആ ധീരന്റെ മറുപടി. വെടിവെപ് നിർത്തരുത് .. നിരന്തരം തുടരൂ എന്നായിരുന്നു മേജർ മോഹിതിന്റെ ആജ്ഞ.
നമ്മൾ ഇതിനാണ് സ്പെഷ്യൽ ഫോഴ്സ് ആയത്. ഇതിനു വേണ്ടിയാണ് നമ്മൾ പരിശീലനം നേടിയത് . ഒരുത്തനെയും വെറുതെ വിടരുത്.. ഫയറിംഗ് തുടരൂ എന്ന് നിരന്തരം വയർലസിലൂടെ നിർദ്ദേശം നൽകി അദ്ദേഹം. ഗുരുതരമായി മുറിവേറ്റ മോഹിതിന്റെ ശബ്ദം മെല്ലെ മെല്ലെ താഴുന്നത് മറ്റ് സൈനികർക്ക് മനസ്സിലായിരുന്നു. എന്നാൽ അദ്ദേഹത്തിനടുത്തേക്ക് നീങ്ങാൻ ഭീകരരുടെ കടുത്ത വെടിവെപ്പ് അവരെ തടഞ്ഞു. എന്റെ പരിക്ക് ഗുരുതരമല്ല, ഫയറിംഗ് തുടരൂ എന്നായിരുന്നു മേജറിന്റെ നിർദ്ദേശം. പതിയെ പതിയെ അദ്ദേഹത്തിന്റെ ശബ്ദം ഇല്ലാതായി.
വർദ്ധിത വീര്യത്തോടെ പ്രത്യാക്രമണം തുടർന്ന സൈനികർ വൈകിട്ട് നാലു മണിയോടെ ഭീകരരെ പിൻവാങ്ങാൻ നിർബന്ധിതരാക്കി. എന്നാൽ അവരുടെ കമാൻഡിംഗ് ഓഫീസർ അപ്പോഴേക്കും വീരമൃത്യു വരിച്ചിരുന്നു. അപ്പോഴും കണ്ണുകൾ തുറന്നിരിക്കുകയായിരുന്നു. വിരലുകൾ മെഷീൻ ഗണ്ണിന്റെ കാഞ്ചിയിലും.
മോഹിതിന്റെ ധൈര്യവും പോരാട്ടവീര്യവുമാണ് പാകിസ്താൻ ആസൂത്രണം ചെയ്ത ഒരു വലിയ ഭീകരാക്രമണത്തിൽ നിന്ന് കശ്മീരിനേയും രാജ്യത്തേയും രക്ഷിച്ചത്. പന്ത്രണ്ട് ഭീകരർ ആ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. രാജ്യത്തിനു വേണ്ടി മോഹിതുൾപ്പെടെ എട്ട് സ്പെഷ്യൽ ഫോഴ്സ് കമാൻഡോകളാണ് അന്ന് വീരമൃത്യു വരിച്ചത്. സൈനിക പരിശീലനം കിട്ടിയ ഭീകരരായിരുന്നു അതിർത്തി കടന്നെത്തിയത്.
ഗ്രനേഡ് ലോഞ്ചറുമായി മോഹിത് ശർമ്മ നടത്തിയ ആക്രമണത്തിൽ നാല് ഭീകരരാണ് ഒറ്റയടിക്ക് കൊല്ലപ്പെട്ടതെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
മേജർ മോഹിത് ശർമ്മ ഇനി തങ്ങൾക്കൊപ്പമില്ലെന്ന് വിശ്വസിക്കാൻ
ടീമംഗങ്ങൾക്ക് കഴിഞ്ഞില്ല. ഭീകരരെ അവരുടെ മടയിൽ പോയി നേരിട്ട ആ ധീരൻ ഇതും അതിജീവിക്കുമെന്ന് അവർ ആഗ്രഹിച്ചിരുന്നു.
മേജർ മോഹിത് ശർമ്മയുടെ സുധീരമായ പോരാട്ടത്തിന് രാജ്യം അദ്ദേഹത്തെ സമാധാന കാലത്തെ ഏറ്റവും ഉയർന്ന സൈനിക ബഹുമതിയായ അശോക ചക്ര നൽകി ആദരിച്ചു. മോഹിതിന്റെ ഭാര്യ മേജർ റിഷ്മ അന്നത്തെ രാഷ്ട്രപതി പ്രതിഭ പാട്ടീലിൽ നിന്ന് ഭർത്താവിന്റെ പേരിൽ മരണാനന്തര ബഹുമതി ഏറ്റു വാങ്ങി..
ഇന്നും നാഷണൽ ഡിഫൻസ് അക്കാഡമിയിലും പാരാ സെപ്ഷ്യൽ ഫോഴ്സിന്റെ പരിശീലന ക്യാമ്പുകളിലും മേജർ മോഹിത് ശർമ്മയുടെ ഓപ്പറേഷൻ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഭീകരനായി വേഷം മാറി അവരുടെ സ്ക്വാഡിൽ അംഗമായി രാജ്യത്തിന്റെ കൊടും ശത്രുക്കളായ രണ്ട് ഭീകരരെ വധിച്ച ആ ധൈര്യവും ആസൂത്രണവും ഇന്നും സൈനികർക്ക് ആവേശമാണ്..
ഇടിമിന്നലാകുന്നതാണ് നല്ലത് .. ഏറെ നാൾ പുകഞ്ഞു കത്തുന്നതിനേക്കാൾ .. എന്ന ധീരന്മാരുടെ മുദ്രാവാക്യം അർത്ഥവത്താക്കിയ ജീവിതം .. രാഷ്ട്രത്തിന്റെ വീരനായ പുത്രൻ ..
മേജർ മോഹിത് ശർമ്മ… സൂര്യനും ചന്ദ്രനുമുള്ള കാലത്തോളം ആ ധീരത ഓർമ്മിക്കപ്പെടുക തന്നെ ചെയ്യും.
Discussion about this post