തവാംഗ് : യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈന കടന്നുകയറ്റം നടത്താൻ ശ്രമിച്ചതായി റിപ്പോർട്ട്. അരുണാചലിലെ തവാംഗിലായിരുന്നു ചൈനീസ് കടന്നുകയറ്റം. ഇരു വിഭാഗങ്ങളും പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു സംഭവം. ചൈനീസ് സൈനികർ കടന്നുകയറാൻ ശ്രമിക്കുന്നത് ശ്രദ്ധിയിൽ പെട്ട ഇന്ത്യൻ സൈന്യം ശക്തമായി പ്രതിരോധിക്കുകയായിരുന്നു.
ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ ഇടപെടലിൽ ചൈനീസ് സൈനികർ പിന്തിരിഞ്ഞു. ഇരുവശത്തും സൈനികർക്ക് പരിക്ക് പറ്റിയതായാണ് റിപ്പോർട്ട്. പെട്ടെന്ന് തന്നെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് സംഘർഷം ലഘൂകരിച്ചു. ഇരു സൈനിക വിഭാഗങ്ങളും പ്രദേശത്ത് നിന്ന് പിൻവാങ്ങിയതായാണ് സൂചന. രണ്ട് സൈന്യത്തിന്റെയും കമാൻഡർമാർ ഫ്ലാഗ് മീറ്റിംഗ് നടത്തിയാണ് പ്രശ്നം പരിഹരിച്ചത്.
തോക്കുകൾ ഉപയോഗിക്കാൻ അനുമതി ഇല്ലാത്തതിനാൽ നേരിട്ടുള്ള ഏറ്റുമുട്ടലാണ് നടന്നത്. നിരവധി ചൈനീസ് സൈനികർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ആറ് ഇന്ത്യൻ സൈനികരെ ഗുവാഹട്ടിയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
2020 ൽ ഗാൽവനിൽ നടന്ന സംഘർഷത്തിനു ശേഷം ഗുരുതരമായ ഏറ്റുമുട്ടൽ ഇതാദ്യമായാണ്. അന്ന് 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. ചൈനീസ് സൈനികരുടെ കണക്ക് ചൈന പുറത്തുവിട്ടില്ല. നൂറോളം ചൈനീസ് സൈനികർ കൊല്ലെപ്പെട്ടെന്ന അനൗദ്യോഗിക കണക്ക് പുറത്ത് വന്നിരുന്നു.
Discussion about this post