ഇന്ത്യൻ സൈന്യത്തെ ആധുനിക വത്കരിക്കാൻ ലക്ഷ്യമിട്ട് രണ്ട് പതിറ്റാണ്ട് മുൻപ് ആരംഭിച്ച പ്രോജക്റ്റാണ് എഫ്-ഇൻസാസ്- ഫ്യൂച്ചർ ഇൻഫൻട്രി സോൾജ്യർ ആസ് എ സിസ്റ്റം എന്നാണ് എഫ്- ഇൻസാസിന്റെ പൂർണ രൂപം. പുതിയ വെല്ലുവിളികൾ നിറഞ്ഞ യുദ്ധമേഖലയിൽ അതിന് തക്കതായ രീതിയിൽ പ്രതിരോധമുയർത്താൻ ഇന്ത്യൻ സൈന്യത്തെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എഫ്-ഇൻസാസ് പ്രോജക്റ്റ് ആരംഭിച്ചത്.
ഏത് കാലാവസ്ഥയിലും ഏത് മേഖലയിലും ഉപയോഗിക്കാൻ കഴിയുന്ന , കുറഞ്ഞ അറ്റകുറ്റപ്പണിയുള്ള , ഭാരം കുറഞ്ഞ- അതോടൊപ്പം താരതമ്യേന വിലക്കുറവുള്ള ആയുധങ്ങളും യുദ്ധോപകരണങ്ങളുമാണ് എഫ്- ഇൻസാസ് പ്രോജക്റ്റിലൂടെ ലക്ഷ്യമിട്ടത്. അതിർത്തിയിൽ ശത്രുവിനെ നേരിടുന്ന സൈനികനെ ഒരു സ്വയം സജ്ജീകരിച്ച യുദ്ധ യന്ത്രമാക്കി മാറ്റുന്ന പദ്ധതിയാണിത്. പൂർണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആയുധങ്ങളാണ് പദ്ധതിയിലുള്ളത്.
ജർമ്മനി, ഫ്രാൻസ്, ഇസ്രയേൽ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ ആധുനിക സംവിധാനങ്ങളുടെ പദ്ധതികൾ സമഗ്രമായി പഠിച്ചതിനു ശേഷമാണ്-ഇൻസാസ് വികസിപ്പിച്ചിട്ടുള്ളത്
റഷ്യയുമായി ചേർന്ന് ഇന്ത്യയിൽ നിർമ്മിക്കുന്ന എകെ 203 തോക്കുകളായിരിക്കും സൈനികരുടെ പ്രധാന ആയുധം. വ്യത്യസ്ത രീതികളിൽ നിറയൊഴിക്കാൻ കഴിയുന്ന ആധുനിക തോക്കാണിത്. തോക്കുകളിൽ അതികായനായ എകെ 47 ന്റെ ആധുനിക രൂപമാണിത്. 300 മീറ്ററാണ് ഇതിന്റെ ദൂരപരിധി. ഹോളോഗ്രാഫിക് വിഷൻ ഘടിപ്പിച്ചിട്ടുള്ള ആയുധമാണ് സൈനികന് നൽകുക. ഇരുനൂറു മീറ്റർ വരെ കിറു കൃത്യമായി ലക്ഷ്യം ഭേദിക്കാൻ കഴിയുന്ന വിധത്തിലുള്ള കാഴ്ച്ച നൽകാൻ ഈ ഹോളോഗ്രാഫിക് വിഷനു കഴിയും.
കഴുത്തിനുൾപ്പെടെ സംരക്ഷണം നൽകുന്ന ലൈറ്റ് വെയ്റ്റ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റാണ് മറ്റൊരു പ്രത്യേകത. 9 എം എം ബുള്ളറ്റ് ഉപയോഗിച്ചുള്ള വെടിവെപ്പിനെ പോയിന്റ് ബ്ലാങ്കിൽ പോലും പ്രതിരോധിക്കാൻ ഇതിനു കഴിയും. എകെ 47 പോലെ ശക്തിയുള്ള തോക്കിൽ നിന്ന് വരുന്ന ഉണ്ടകളേയും ഇത് പ്രതിരോധിക്കും.
രാത്രിയിലും കാണാൻ സാധിക്കുന്ന ഉപകരണങ്ങൾ ഘടിപ്പിച്ച ബാലിസ്റ്റിക് ഹെൽമെറ്റാണ് ഇതിനൊപ്പമുള്ളത്. വിവര വിനിമയത്തിനായി ഹാൻഡ്സ് ഫ്രീ ഹെഡ്സെറ്റും എഫ്- ഇൻസാസിന്റെ ഭാഗമായി സൈനികനു ലഭ്യമാകും. കൈ മുട്ടുകളേയും കാൽ മുട്ടുകളേയും സംരക്ഷിക്കുന്ന പാഡുകളും മൊത്തം ആയുധ സംവിധാനത്തിന്റെ ഭാഗമാണ്.
വ്യത്യസ്ത രീതികളിൽ ഉപയോഗിക്കാൻ പറ്റുന്ന ഹാൻഡ് ഗ്രനേഡുകളും ഈ ആയുധ സംവിധാനത്തിലുണ്ട്. പ്രതിരോധത്തിനും ആക്രമണത്തിനും വ്യത്യസ്ത രീതികളിൽ ഇത് ഉപയോഗിക്കാൻ കഴിയും. നേരിട്ടുള്ള യുദ്ധത്തിനായി വിവിധോദ്ദേശ്യ കത്തിയാണ് മറ്റൊരു പ്രത്യേകത.
എഫ്- ഇൻസാസിനൊപ്പം മറ്റ് തദ്ദേശീയ നിർമ്മിത യുദ്ധോപകരണങ്ങളും പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് സൈന്യത്തിനു നൽകിയിട്ടുണ്ട്. നിപുൺ എന്ന ലാൻഡ് മൈനുകളാണ് അതിലൊന്ന്. വലിപ്പക്കുറവുണ്ടെങ്കിലും ശക്തമായ സ്ഫോടക ശേഷിയും സെൻസിംഗ് കഴിവും നിപുണിനുണ്ട് . ആക്രമിക്കാനെത്തുന്ന ശത്രു സൈനികനേയും ടാങ്കുകളേയും ചിതറിക്കാനുള്ള ശേഷി നിപുണിനുണ്ട്. ഇതും തദ്ദേശീയമായി നിർമ്മിച്ചതാണ്.
പാംഗോംഗ്സോയിലെ തടാകത്തിലുൾപ്പെടെ ശത്രു സൈന്യത്തിന്റെ ആക്രമണത്തെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ട് നിർമ്മിച്ച തദ്ദേശ നിർമ്മിത ലാൻഡിംഗ് ക്രാഫ്റ്റ് അസോൾട്ട് വാഹനവും സൈന്യത്തിന് കൈമാറിയിട്ടുണ്ട്. നിലവിൽ സൈനികർ സഞ്ചരിക്കുന്ന ബോട്ടുകൾക്ക് പകരമാണിത്. കൂടുതൽ വേഗത്തിൽ സഞ്ചരിക്കാനും പെട്ടെന്ന് കരയിൽ സൈനികരെ അണിനിരത്താനും സഹായിക്കുന്ന വാഹനമാണിത്.
ടാറ്റ നിർമ്മിച്ച ഇൻഫൻട്രി പ്രൊട്ടക്റ്റഡ് മൊബിലിറ്റി വെഹിക്കിൾ, ക്വിക്ക് റിയാക്ഷൻ ഫൈറ്റിംഗ് വെഹിക്കിൾ എന്നിവയും സൈന്യത്തിന് കൈമാറിയിട്ടുണ്ട്. കൂടുതൽ വേഗവും സുരക്ഷയും നൽകുന്ന വാഹനങ്ങളാണിവ.
കാലങ്ങളായി സൈന്യം ആവശ്യപ്പെട്ട ആധുനികവത്കരണമാണ് ഭാഗികമെങ്കിലും സാദ്ധ്യമാകുന്നത്. ധൈര്യത്തിന്റെയും പോരാട്ടമികവിന്റെയും കാര്യത്തിൽ ഇന്ത്യൻ സൈന്യം ആർക്കും പിന്നിലല്ല. എന്നാൽ ആധുനിക ഉപകരണങ്ങളുടെയും സംവിധാനങ്ങളുടേയും കാര്യത്തിൽ ലോകത്തെ വൻ കിട സേനകൾക്കൊപ്പമെത്താൻ ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ട്. എങ്കിലും ഇതൊരു വലിയ നാഴികക്കല്ലാണ് . അതൊരു മേക്ക് ഇൻ ഇന്ത്യ പദ്ധതി കൂടിയാകുമ്പോൾ പ്രത്യേകിച്ചും
Discussion about this post