യുദ്ധത്തിൽ ഒരു കാൽ നഷ്ടപ്പെട്ട് ദിവ്യാംഗനായതിനു ശേഷവും സൈന്യത്തെ നയിച്ച ഒരു പട്ടാളക്കാരനെ പറ്റി നിങ്ങൾക്കറിയുമോ ? ഒരു കാൽ നഷ്ടപ്പെട്ടിട്ടും ശാരീരിക ക്ഷമത പരീക്ഷണങ്ങളിൽ മറ്റ് പട്ടാളക്കാരെ പിന്നിലാക്കിയ പുലിക്കുട്ടി. ലഡാക്കിലെ കുന്നും മലകളും മഞ്ഞുമൂടിയ പ്രദേശങ്ങളും തന്റെ മരക്കാലുപയോഗിച്ച് നടന്നു തീർത്ത അസാധാരണക്കാരനായ പോരാളി..1971 ലെ യുദ്ധകാലത്ത് പാകിസ്താൻ പട്ടാളത്തെ തകർത്ത് തരിപ്പണമാക്കിയ ഗൂർഖ റെജിമെന്റിന്റെ സെക്കൻഡ് ഇൻ കമാൻഡ്
മേജർ ജനറൽ ഇയാൻ കാർഡോസോയെന്ന കാർട്ടൂസ് സാഹെബ്
കാർഡോസോ എന്ന വാക്ക് ഉച്ചരിക്കാൻ പ്രയാസമായതിനാൽ ഗൂർഖ സൈനികർ സൗകര്യ പൂർവ്വം വിളിച്ച പേരാണ് കാർട്ടൂ സാഹെബ്. കാർട്ടൂസെന്നാൽ ഹിന്ദിയിൽ കാഡ്രിഡ്ജ് എന്നാണ് അർത്ഥം.
മുംബൈയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഇയാൻ കാർഡോസോക്ക് രാജ്യത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് അദമ്യമായ ആഗ്രഹമുണ്ടായിരുന്നു. എല്ലാ ദേശാഭിമാനികളും ആദ്യം പരിഗണിക്കുന്ന സൈന്യം തന്നെയായിരുന്നു ആ ബാലന്റെയും ലക്ഷ്യം. അങ്ങനെ കാർഡോ നാഷണൽ ഡിഫൻസ് അക്കാഡമിയിലെത്തി. പിന്നീട് ഇന്ത്യൻ മിലിട്ടറി അക്കാഡമിയിൽ പരിശീലനവും പൂർത്തിയാക്കി.പരിശീലനകാലത്ത് തന്നെ ഏറ്റവും മികച്ച കേഡറ്റായി പേരെടുത്ത കാർഡോസോയെ ഗൂർഖ റൈഫിൾസിലായിരുന്നു നിയമിച്ചത്. 1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിലും അദ്ദേഹം പങ്കെടുത്തു.
1971 ലെ ഇന്ത്യ-പാകിസ്താൻ യുദ്ധകാലത്ത് വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിൽ ഒരു കോഴ്‌സിൽ പങ്കെടുക്കുകയായിരുന്നു കാർഡോസോ. അദ്ദേഹത്തിന്റെ ബറ്റാലിയനായ ഗൂർഖ റൈഫിൾസ്, കിഴക്കൻ മേഖലയിലാണ് വിന്യസിക്കപ്പെട്ടിരുന്നത്. ബറ്റാലിയന്റെ രണ്ടാമത്തെ കമാൻഡർ യുദ്ധത്തിൽ പൊരുതിമരിച്ചതോടെ പകരക്കാരനായി കാർഡോസോയെ നിയമിച്ചു. ഇന്ത്യൻ ആർമിയുടെ ആദ്യത്തെ ഹെലിബോൺ ഓപ്പറേഷനായ (ഹെലിക്കോപ്റ്റർ ഉപയോഗിച്ച്) സിൽഹെറ്റ് യുദ്ധത്തിൽ അദ്ദേഹം ബറ്റാലിയനൊപ്പം ചേർന്നു.
യുദ്ധത്തിൽ ഉടനീളം പങ്കെടുത്ത കാർഡോസോയെ വിധി കാത്തിരുന്നത് വിജയനിമിഷത്തിലായിരുന്നു. ധാക്കയിൽ പാകിസ്ഥാൻ കീഴടങ്ങിയ ശേഷം മുന്നേറിയ കാർഡോസോ അറിയാതെ കാലെടുത്തുവച്ചത് ഒരു ലാൻഡ് മൈനിലായിരുന്നു. സ്‌ഫോടനത്തിൽ അദ്ദേഹത്തിൻറെ കാലിന് ഗുരുതരമായി പരിക്കേറ്റു. വേദനസംഹാരികൾ ലഭ്യമല്ലാതിരുന്നതിനാലും വൈദ്യസഹായം തക്ക സമയത്ത് ലഭിക്കാതിരുന്നതുകൊണ്ടും തകർന്ന കാലിനെ ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റാൻ കഴിഞ്ഞില്ല. കൂടെയുള്ള സൈനികരോട് കാൽ മുറിച്ചു മാറ്റാൻ കാർഡോസോ ആവശ്യപ്പെട്ടെങ്കിലും ആരും അതിനു തയ്യാറായില്ല. അസാമാന്യ ധൈര്യശാലിയായ കാർഡോസോ തന്റെ ഖുക്രി ഉപയോഗിച്ച് സ്വന്തം കാല് മുറിച്ചുമാറ്റി. പിന്നീട് പാകിസ്ഥാൻ ആർമിയുടെ സർജൻ മേജർ മുഹമ്മദ് ബഷീറിനെ പിടികൂടിയ ഗൂർഖ ബറ്റാലിയൻ അദ്ദേഹത്തിന് വേണ്ട വൈദ്യസഹായം എത്തിക്കുകയായിരുന്നു.
കാൽ നഷ്‌ടമായ ശേഷം കാർഡോസോ ഒരു മരക്കാലുപയോഗിച്ച് നടക്കാൻ ശീലിച്ചു. അദ്ദേഹം തന്റെ ശാരീരികക്ഷമത കാത്തുസൂക്ഷിക്കുകയും പൂർണ്ണ ആരോഗ്യവാന്മാരും അംഗഭംഗം സംഭവിച്ചിട്ടില്ലാത്തവരുമായ നിരവധി ഉദ്യോഗസ്ഥരെ യുദ്ധ ശാരീരികക്ഷമതാപരിശോധനയിൽ നിസ്സാരമായി പിന്നിലാക്കുകയും ചെയ്തു. തന്നെ വീണ്ടും മുഴുവൻ സമയ സൈനികസേവനത്തിന് നിയോഗിക്കണമെന്ന് അന്നത്തെ കരസേനാ മേധാവി ജനറൽ തപീശ്വർ നരേൻ റെയ്‌നയോട് കാർഡോസോ അഭ്യർത്ഥിച്ചു. തന്നോടൊപ്പം ലഡാക്കിലേക്ക് യാത്ര ചെയ്യാൻ റെയ്ന കാർഡോസോയോട് ആവശ്യപ്പെട്ടു. മഞ്ഞിലും തണുപ്പിലും ഒരു കുഴപ്പവുമില്ലാതെ ലഡാഖിലെ പർവ്വതമേഖലയിലൂടെ നടന്ന കാർഡോസോയെ കണ്ട ജനറൽ അദ്ദേഹത്തിന് ഒരു ബറ്റാലിയനെ നയിക്കാൻ അനുവദിച്ചു. പിന്നീട് കാർഡോസോ ഒരു ബ്രിഗേഡിന്റെ നേതൃത്വം ഏറ്റെടുക്കുമ്പോഴും സമാനമായ സാഹചര്യം ഉണ്ടായി. 1984 മാർച്ച് 1ന് അദ്ദേഹത്തിന് ബ്രിഗേഡിയറായി സ്ഥാനക്കയറ്റം ലഭിച്ചു. തന്റെ അൻപത്തിയാറാം വയസ്സിൽ മേജർ ജനറലായാണ് കാർഡോസോ റിസ്സയർ ചെയ്തത്.
ഇന്ത്യൻ സൈന്യത്തിൽ ഒരു ബറ്റാലിയനും ബ്രിഗേഡും നയിക്കാൻ കഴിഞ്ഞ ആദ്യ ദിവ്യാംഗനാണ് മേജർ ജനറൽ കാർഡോസോ.
ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ടങ്ങളെക്കുറിച്ചും വീരന്മാരായ സൈനികരെ കുറിച്ചും നിരവധി പുസ്തകങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. 2019 ൽ തന്റെ എണപ്ത്തി രണ്ടാം വയസ്സിൽ മുംബൈ മാരത്തോണിലും അദ്ദേഹം പങ്കെടുത്തു.
നിങ്ങൾ ഇഷ്ടപ്പെടുന്നതെന്താണോ അത് ചെയ്യുക, നിങ്ങൾ ചെയ്യുന്നതിനെ ഇഷ്ടപ്പെടുക, ഭയമില്ലാതിരിക്കുക, ഒരിക്കലും വിട്ടുകൊടുക്കാതിരിക്കുക.. ഇതാണ് താൻ പിന്തുടരുന്ന ആപ്തവാക്യമെന്ന് കാർഡോസോ ഇരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്.
തന്റെ ജീവിതം കൊണ്ട് അദ്ദേഹമത് തെളിയിച്ചിട്ടുമുണ്ട്..
Discussion about this post