പാതാളത്തിൽ പോയാലും തകർത്തിട്ടല്ലാതെ തിരിച്ചു വരവില്ല. കരുത്തിന്റെയും ബുദ്ധിശക്തിയുടേയും ചങ്കുറപ്പിന്റെയും പ്രതിരൂപം .പിന്നിടുന്നത് മരണത്തെ പോലും നേരിട്ടുള്ള കൊടും പരിശീലനം . ഉപയോഗിക്കുന്നത് ഏറ്റവും ആധുനിക ആയുധങ്ങൾ.. ഇന്ത്യൻ പാരാ എസ്.എഫ് ലോകത്തെ ഏതൊരു സ്പെഷ്യൽ ഫോഴ്സിനോടും കിടപിടിക്കാൻ ശേഷിയുള്ള ഡെയർ ഡെവിൾസ്
സ്പെഷ്യൽ ഫോഴ്സിന് പാരച്യൂട്ട് ജമ്പുകൾ നിർബന്ധമായതിനാൽ പാരാ സ്പെഷ്യൽ ഫോഴ്സിനെ തെരഞ്ഞെടുക്കുന്നത് പാരാട്രൂപ്പർമാരിൽ നിന്നാണ്. ഇന്ത്യൻ സൈന്യത്തിന്റെ പാരച്യൂട്ട് റെജിമെന്റ് ലോകത്തെ ഏറ്റവും പഴക്കമുള്ള എയർബോൺ റെജിമെന്റാണ്. വർഷങ്ങളുടെ പോരാട്ട പാരമ്പര്യവും ധൈര്യത്തിന്റെയും സാഹസികതയുടേയും വീരകഥകളും ഇന്ത്യൻ പാരച്യൂട്ട് റെജിമെന്റിന്റെ പ്രത്യേകതകളാണ്.
1965 ലെ ഇന്ത്യ പാകിസ്താൻ യുദ്ധത്തോടെയാണ് പാരാ സ്പെഷ്യൽ ഫോഴ്സിന്റെ തുടക്കം. ബ്രിഗേശ് ഓഫ് ഗാർഡ്സിന്റെ മേജർ മേഘ് സിംഗാണ് യുദ്ധത്തിനിടയിലെ സ്പെഷ്യൽ ഓപ്പറേഷനുകൾക്കായി ഒരു പ്രത്യേക ടീമിനു രൂപം കൊടുത്തത്. വിവിധ റെജിമെന്റുകളിലെ മിടുക്കന്മാരെ തെരഞ്ഞെടുത്ത് രൂപീകരിച്ച മേഘദൂത് ഫോഴ്സ് കനത്ത നാശനഷ്ടങ്ങൾ ശത്രുക്കൾക്ക് വരുത്തിവെച്ചു. യുദ്ധം അവസാനിച്ചതോടെ ഈ ഗ്രൂപ്പ് പിരിച്ചു വിട്ടു. സൈനികർ അവരവരുടെ റെജിമെന്റിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു.
ഇന്ത്യക്ക് ഇത്തരമൊരു സ്പെഷ്യൽ ഫോഴ്സ് അത്യാവശ്യമാണെന്ന് മനസ്സിലാക്കിയ സൈന്യം മേജർ മേഘ് സിംഗിന്റെ കീഴിൽ ശക്തമായ ആദ്യ കമാൻഡോ സംഘത്തിന് രൂപം നൽകി. പാരച്യൂട്ട് റെജിമെന്റിന്റെ കീഴിൽ രൂപീകരിച്ച ഈ ടീമാണ് ഇന്ത്യയുടെ ആദ്യ പാരാ എസ്.എഫ് കമാൻഡോസ്. 1966 ജൂലൈ ഒന്നിന് ഔദ്യോഗികമായി ഇന്ത്യയുടെ ആദ്യ പാരാ കമാൻഡോ സംഘം രൂപീകരിക്കപ്പെട്ടു. നയൻത് പാരാ ബറ്റാലിയൻ. പിന്നീട് ഇത് രണ്ടു സംഘങ്ങളായി. 10 ത് പാരാ ബറ്റാലിയൻ എന്ന പുതിയ ടീം നിലവിൽ വന്നു.
നിലവിൽ പാരച്യൂട്ട് റെജിമെന്റിന്റെ കീഴിൽ 17 ബറ്റാലിയനുകളാണുള്ളത്. ഇതിൽ രണ്ടെണ്ണം ടെറിട്ടോറിയൽ ആർമി ബറ്റാലിയനുകളും ഒരെണ്ണം രാഷ്ട്രീയ റൈഫിൾസുമാണ്. ഒൻപത് പാരാ സ്പെഷ്യൽ ഫോഴ്സ് ബറ്റാലിയനുകളും ബാക്കി അഞ്ചെണ്ണം പാരാ എയർബോൺ ബറ്റാലിയനുകളുമാണ്.
പാരാ എസ്.എഫ്. കമാൻഡോ എന്ന സ്വപ്നം അത്ര എളുപ്പം സാധിക്കാൻ കഴിയുന്ന ഒന്നല്ല. ആദ്യം ഇന്ത്യൻ സൈന്യത്തിലെത്തുക . പിന്നീട് പാരാട്രൂപ്പറാകുക.. അതിനു ശേഷം പാരാ സ്പെഷ്യൽ ഫോഴ്സ് കമാൻഡോ ആവുക ഇതാണ് സെലക്ഷൻ പ്രോസസ്.
സ്വമേധയാ തയ്യാറാകുന്ന സൈനികരെ ആദ്യ മൂന്നു മാസത്തെ കഠിന പരീക്ഷയ്ക്ക് വിധേയരാക്കും. ഇതിൽ വിജയിക്കുന്നവരെ പാരാട്രൂപ്പർമാരായി തെരഞ്ഞെടുക്കും. പാരാ എസ്.എഫ്. ആകാൻ തയ്യാറാകുന്നവരെ വീണ്ടും ആറുമാസം നീളുന്ന അതി കഠിനമായ പരീക്ഷകൾക്ക് വിധേയരാക്കും . ഓരോ ബറ്റാലിയനുകൾക്കും വ്യത്യസ്തമായ ശാരീരിക മാനസിക പരീക്ഷകളാായിരിക്കും .ഇതിൽ വിജയിച്ചാൽ മാത്രമേ ഇന്ത്യയുടെ പാരാ സ്പെഷ്യൽ ഫോഴ്സായി തെരഞ്ഞെടുക്കുകയുള്ളൂ. ഈ പരീക്ഷകൾക്കിടയിൽ മരണം സ്വാഭാവികവും സാധാരണവുമാണ്. പത്ത് ശതമാനത്തിൽ കൂടുതൽ പേർ ഒരിക്കലും തെരഞ്ഞെടുക്കപ്പെടാറില്ല.
ഡെസർട്ട് സ്കോർപ്പിയൺ അഥവാ മരുഭൂമിയിലെ തേളുകളെന്നറിയപ്പെടുന്ന 10 ത് പാരാ ബറ്റാലിയന്റെ പരീക്ഷകൾ ലോകത്തിലെ ഏറ്റവും കടുപ്പമേറിയ സെലക്ഷൻ പ്രോസസുകളിൽ ഒന്നാണ്. പേരു സൂചിപ്പിക്കുന്നതു പോലെ മരുഭൂമിയിൽ തന്നെയാണ് പരിശീലനം. മരുഭൂമിയിൽ ശത്രു സൈനികരേക്കാൾ പരിതസ്ഥിതികളാണ് ഏറ്റവും വലിയ ശത്രുക്കൾ. കൊടും ചൂടും കൊടും തണുപ്പും തീക്കാറ്റും നേരിടേണ്ടി വന്നേക്കാം. ഒപ്പം ജീവനു ഭീഷണിയാകുന്ന തരത്തിലുള്ള ക്ഷുദ്ര ജീവികളേയും നേരിടേണ്ടി വരും.
ഭക്ഷണമില്ലാതെ നാലു ദിവസം , മൂന്നു ദിവസത്തേക്ക് ഒരു ലിറ്റർ വെള്ളം മാത്രം കുടിച്ചു കൊണ്ട്. ഏഴു ദിവസം ഉറങ്ങാൻ കഴിയില്ല. 20 കിലോമീറ്റർ , 30 കിലോമീറ്റർ , 40 കിലോമീറ്റർ ഓട്ടം ട്രെയിനിംഗിന്റെ ഭാഗമാണ്. പത്തുകിലോ ബാഗ് ശരീരത്തിന്റെ ഭാഗമാണ്. ഇത് പലപ്പോഴും 30 കിലോ വരെയെത്തും.
90 ദിവസങ്ങൾ നീളുന്ന ഈ കായിക മാനസിക പരീക്ഷണങ്ങൾക്ക് നാലു ഘട്ടങ്ങൾ ഉണ്ട്. അവസാന 30 ദിവസത്തെ പരിശീലനം എന്തൊക്കെയാണെന്നത് രഹസ്യമാണ്. ഏറ്റവും കഠിനമായ പരീക്ഷകളാണ് ഈ സമയത്ത് നടക്കുന്നത്. സുരക്ഷ രഹസ്യം ആയതിനാൽ ഇത് സൈന്യം ഒരിക്കലും പുറത്തു വിടില്ല.
ഒന്നാം ഘട്ടമായ പരിശീലനമാണുള്ളത്. ഏറ്റവും കഠിനമായ ശാരീരിക അഭ്യാസങ്ങൾ ചെയ്യേണ്ടി വരും. വിവിധ ഭാഷകൾ ഈ സമയത്ത് പഠിക്കണം. ആയുധ പരിശീലനം, തകർക്കൽ , മെഡിക്കൽ പരിശീലനം , മൃഗങ്ങളെ നേരിടൽ ഇതൊക്കെ ഈ ഘട്ടത്തിലാണ്. ആദ്യ ഘട്ടം പൂർത്തിയാക്കുന്നതിൽ പൊതുവെ അൻപത് ശതമാനം പേർ മാത്രമാണ് വിജയിക്കുക.
നാൽപ്പത്തിയഞ്ചാം ദിവസമാണ് ഒരു പാരാ എസ് എഫ് പ്രൊബേഷണർ നേരിടുന്ന ഏറ്റവും കഠിനമായ പരീക്ഷ. 36 മണിക്കൂർ തുടർച്ചയായി നീളുന്ന പരിശീലനമാണിത്. ആയുധങ്ങളടക്കം 70 കിലോ ഭാരവുമായി 10 കിലോമീറ്റർ ഓട്ടം. സഹ പ്രൊബേഷണറെ എടുത്തുയർത്തലും ട്രക്ക് ടയറുകളും കൂറ്റൻ തടികളും വെള്ളം നിറച്ച വലിയ കാനുകളും ഒക്കെ പരീക്ഷണങ്ങളുടെ ഭാഗമാകും. പതിനൊന്നാമത്തെ മണിക്കൂറിൽ വെള്ളത്തിനടിയിലേക്കിട്ടുള്ള ടെസ്റ്റ്. വളരെ കുറഞ്ഞ ഓക്സിജൻ മാത്രമേ ലഭ്യമാകൂ. പെട്ടെന്നുള്ള ഭയപ്പെടലിനെ എങ്ങനെ നേരിടും എന്നത് കണ്ടെത്താനാണീ ടെസ്റ്റ് .
ആദ്യ പതിനാറു മണിക്കൂറിൽ ഒരു തുള്ളി വെള്ളമോ ആഹാരമോ ലഭിക്കില്ല. വീണ്ടും 10 കിലോമീറ്റർ ഓട്ടമടക്കമുള്ള ആറു മണിക്കൂർ നീളുന്ന കഠിന പരീക്ഷകൾ. പിന്നീട് ആക്രമണങ്ങളും നേരിട്ടുള്ള പോരാട്ടവുമൊക്കെ നടത്തേണ്ട അവസാന മണിക്കൂറുകൾ. ബാക്കി വന്നവരിൽ നല്ലൊരു പങ്കും ഈ പരീക്ഷണത്തോടെ പരാജയപ്പെടും. അൻപത്തിയാറാം ദിവസം 17 കിലോഗ്രാം ഭാരവും വഹിച്ചു കൊണ്ടുള്ള 100 കിലോമീറ്റർ ഓട്ടം. ഇത് 15 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കണം. 90 ദിവസത്തെ കഠിന പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയാൽ അഭിമാനമായ മെറൂൺ ക്യാപ് സൈനികനു ലഭിക്കും.
പാരാ സ്പെഷ്യൽ ഫോഴ്സിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതോടു കൂടി ലോകത്തിലെ ഏറ്റവും കാഠിന്യമേറിയ പരിശീലനമാണ് സൈനികനെ കാത്തിരിക്കുന്നത്. മൂന്നര വർഷത്തോളം നീളുന്ന കഠിന പരിശീലനം. വിവിധ മേഖലകളിലുള്ള വിവിധ തരത്തിലുള്ള ആക്രമണങ്ങൾ ഒരു കമാൻഡോ പരിശീലിക്കേണ്ടതായി വരും , പർവ്വതം , മഞ്ഞ് , കാട്, മരുഭൂമി , സമുദ്രം തുടങ്ങിയ യുദ്ധ ഭൂമികളിലെല്ലാം പരിശീലനം നടക്കും. മറ്റ് രാജ്യങ്ങളിലെ സ്പെഷ്യൽ ഫോഴ്സുമായി ചേർന്ന് സംയുക്ത പരിശീലനങ്ങളും പാരാ എസ് എഫ് ട്രെയിനിംഗിന്റെ ഭാഗമാണ്.
1971 ലെ ഇന്ത്യ – പാക് യുദ്ധത്തിൽ പാരാ ട്രൂപ്പർമാർ ശത്രു നിരയിൽ കനത്ത നാശം വിതച്ചു. പാക് അതിർത്തിക്കകത്ത് 240 കിലോമീറ്റർ ഉള്ളിലേക്ക് ലോഞ്ച് ചെയ്ത ആറു പേരടങ്ങുന്ന പാരാ ടീം ഏതാണ്ട് എൺപതോളം പാക് സൈനികരെ വധിക്കുകയും നൂറ്റിയൻപതോളം സൈനികരെ മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്തു. പാകിസ്ഥാന്റെ പീരങ്കിയും ഒരു എയർഫീൽഡും ഈ ടീം തകർത്തു. ബംഗ്ലാദേശിലെ ധാക്കയിലേക്ക് എയർലിഫ്റ്റ് ചെയ്ത പാരാ ടീം തന്ത്രപ്രധാനമായ ഒരു പാലം പിടിച്ചെടുക്കുകയും ഇന്ത്യൻ സൈന്യത്തിന് ധാക്കയിൽ കടക്കാനുള്ള വഴിയൊരുക്കുകയും ചെയ്തു.
സുവർണ ക്ഷേത്രത്തിൽ തമ്പടിച്ച ഖാലിസ്ഥാൻ ഭീകരവാദികളെ തർക്കുന്നതിൽ പാരാ കമാൻഡോസ് നിർണായക പങ്കു വഹിച്ചു. ശ്രീലങ്കയിൽ സമാധാന ശ്രമങ്ങളുടെ ഭാഗമായി തമിഴ് പുലികൾക്കെതിരെ ശക്തമായ ആക്രമണം നടത്തിയതും പാരാ എസ്.എഫ് തന്നെ. വേലുപ്പിള്ളൈ പ്രഭാകരനെ പിടിക്കാനുള്ള ശ്രമത്തിനിടയിൽ ശത്രുക്കൾക്കിടയിൽ കുടുങ്ങിയതും 24 മണിക്കൂറിലധികം ശക്തമായ വെടിവെപ്പിനെ നേരിട്ട് പിടിച്ചു നിന്നതും ത്രസിപ്പിക്കുന്ന ചരിത്രമാണ്. നിരവധി എൽ.ടി.ടി.ഇ തീവ്രവാദികളെ ഈ ഓപ്പറേഷനിടയിൽ പാരാ എസ്.എഫ് വധിച്ചു.
മാലിദ്വീപ് സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം ഒരു സൈനികൻ പോലും മരിക്കാതെ വിഫലമാക്കിയതാണ് പാരാ എസ്.എഫിന്റെ മറ്റൊരു ശ്രദ്ധേയമായ ഓപ്പറേഷൻ. ഓപ്പറേഷൻ കാക്റ്റസ് എന്ന പേരിൽ നടന്ന ഈ സൈനിക നീക്കം അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. കാർഗിൽ യുദ്ധത്തിൽ ബറ്റാലിക് സെക്റ്ററിൽ കാണിച്ച പോരാട്ട വീര്യവും സിയറ ലിയോണിൽ കുടുങ്ങിയ ഗൂർഖ റൈഫിൾസ് സൈനികരെ രക്ഷിക്കാൻ നടത്തിയ ഓപ്പറേഷൻ കുക്രിയും പാരാ എസ്.എഫിന്റെ സൈനിക നേട്ടങ്ങളിൽപ്പെടുന്നു. കശ്മീരിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും നടക്കുന്ന ഭീകര വിരുദ്ധ പോരാട്ടങ്ങളിൽ പാരാ എസ്.എഫ് നിർണായക പങ്കു വഹിക്കുന്നുണ്ട്.
2015 ൽ മ്യാന്മറിൽ നടത്തിയ ഓപ്പറേഷനും ഉറി ഭീകരാക്രമണത്തിന് ബദലായി പാക് അധീന കശ്മീരിൽ കയറിയടിച്ച സർജിക്കൽ സ്ട്രൈക്കുമാണ് സമീപകാലത്ത് പാരാ എസ്.എഫ്. കമാൻഡോസ് നടത്തിയ പ്രധാന ഓപ്പറേഷനുകൾ. രണ്ട് ഓപ്പറേഷനുകളും വലിയ വിജയമായിരുന്നു. ഒരു സൈനികനെപ്പോലും ഈ ഓപ്പറേഷനുകൾക്കിടയിൽ നമുക്ക് നഷ്ടപ്പെട്ടില്ല.
വിവിധങ്ങളായ ആധുനിക ആയുധങ്ങളാൺ പാരാ എസ്.എഫ് ഉപയോഗിക്കുന്നത്. ഇവയിൽ പിസ്റ്റലുകളും ലൈറ്റ് മെഷീൻ ഗണ്ണുകളും റോക്കറ്റ് ലോഞ്ചറുകളും സ്നൈപ്പറുകളുമുണ്ട്. പോരാട്ട വീര്യത്തിലും കരുത്തിലും മറ്റ് രാജ്യങ്ങളിലെ സ്പെഷ്യൽ ഫോഴ്സുകൾക്കൊപ്പം നിൽക്കുമെങ്കിലും ആയുധങ്ങളിലും അനുബന്ധ ഉപകരണങ്ങളിലും ഇന്ത്യൻ പാരാ എസ്.എഫ് ഇനിയും മുന്നേറാനുണ്ട്. സൈന്യത്തിന്റെ ആധുനിക വത്കരണം അതി ദ്രുതം മുന്നേറുന്നതിനാൽ പാരാ എസ്.എഫും താമസിയാതെ അത്യാധുനികമാകുമെന്നതിൽ സംശയമില്ല..
സൈനികനായാൽ മാത്രം പോര – അതിനപ്പുറം രാജ്യത്തിന്റെ അഭിമാനമാകണമെങ്കിൽ പാരാ കമാൻഡോ ആകണം. അത് അത്ര എളുപ്പമല്ല. പക്ഷേ നിശ്ചയ ദാർഢ്യവും ചങ്കൂറ്റവുമുള്ളവർക്ക് കഠിന പ്രയത്നത്തിലൂടെ അത് നേടാൻ കഴിയുമെന്നതിലും സംശയമില്ല..
Discussion about this post