ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരർക്ക് കനത്ത ആഘാതം. രണ്ടു ദിവസത്തിനിടെ അറസ്റ്റിലായത് 9 ഭീകരർ. ഇന്ന് നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വകവരുത്തി. ഭീകരർക്ക് നുഴഞ്ഞു കയറാനായി വെടി നിർത്തൽ കരാർ ലംഘിച്ച പാക് സൈന്യത്തിനും ഇന്ത്യയുടെ കനത്ത തിരിച്ചടി കിട്ടിയെന്നാണ് റിപ്പോർട്ട്.
കുപ്വാര ജില്ലയിലെ ഹന്ദ്വാരയിൽ സൈന്യവും പൊലീസും ചേർന്ന് നടത്തിയ സംയുക്ത തിരച്ചിലിലാണ് 9 ഭീകരർ അറസ്റ്റിലായത്. ഇതിൽ നാലു പേർ സായുധരായ ലഷ്കർ ഭീകരരാണ്. അഞ്ച് പേർ ലഷ്കറിനു വേണ്ടി ഓവർ ഗ്രൗണ്ട് പ്രവർത്തനം നടത്തുന്നവരാണ്. പർവേയ്സ് അഹമ്മദ് ചോപ്പാൻ , മുദസിർ അഹമ്മദ് പണ്ഡിത് , മൊഅഹമ്മദ് റാഫി ഷെയ്ഖ്, ബുർഹാൻ മുഷ്താഖ് വാനി എന്നിവരാണ് അറസ്റ്റിലായ ഭീകരർ.ഇവരിൽ നിന്ന് മൂന്ന് എകെ 47 റൈഫിളുകൾ , 12 ഗ്രനേഡുകൾ , മൂന്ന് പിസ്റ്റളുകൾ തുടങ്ങിയവയും നിരവധി വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്.
കുൽഗാമിൽ ഇന്ന് നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചതായും റിപ്പോർട്ടുകളുണ്ട്. ഭീകരരുടെ ഒളിത്താവളം വളഞ്ഞ സൈന്യത്തിനു നേരെ ഭീകരർ വെടിവെക്കുകയായിരുന്നു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. അതേസമയം ഭീകരരെ നുഴഞ്ഞു കയറാൻ സഹായിക്കുന്നതിനായി പാക് സൈന്യം നിരന്തരം വെടിനിർത്തൽ കരാർ ലംഘനം നടത്തുകയാണ്. ഇന്ത്യൻ സൈന്യത്തിന്റെ കനത്ത തിരിച്ചടിയിൽ മൂന്ന് പാക് സൈനികർ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്.
Discussion about this post