ഇസ്ലാമാബാദ് : ഭീകര ലോഞ്ച് പാഡുകൾക്ക് നേരേ ഇന്ത്യൻ സൈന്യം കനത്ത ആക്രമണം അഴിച്ചു വിട്ടതിനു പിന്നാലെ സമാധാനം വേണമെന്ന് പാകിസ്താൻ. പാകിസ്താൻ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി. ഇന്ത്യയാണ് നിരന്തരം ആക്രമണങ്ങൾ നടത്തുന്നത്. ഇന്ത്യയുടെ അഹങ്കാരത്തെ ലോക രാജ്യങ്ങൾ തടയണമെന്നും മഹമൂദ് ഖുറേഷി ആവശ്യപ്പെട്ടു.
കൊറോണ വ്യാപനം തടയുന്നതിൽ ഇന്ത്യ കഠിന പ്രയത്നം നടത്തുന്നതിനിടെ അതിർത്തിയിൽ ഭീകരരെ കയറ്റി വിടാൻ പാകിസ്താൻ നിരന്തരം ശ്രമിക്കുന്നതിനിടെയാണ് പാക് വിദേശകാര്യമന്ത്രിയുടെ പ്രസ്താവന. കൊറോണ രോഗമുള്ള ഭീകരരെപ്പോലും പാകിസ്താൻ ഇന്ത്യയിലേക്ക് കയറ്റി വിടുന്നെന്നാണ് ഇന്റലിജൻസ് ഏജൻസികളുടെ നിരീക്ഷണം. സൈന്യം വധിക്കുന്ന പാക് ഭീകരരുടെ മൃതദേഹങ്ങൾ കൊറോണ മാനദണ്ഡങ്ങൾ അനുസരിച്ച് അടക്കം ചെയ്യണമെന്ന് സൈന്യം നേരത്തെ നിർദ്ദേശം നൽകിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി പാക് സൈന്യത്തിന്റെ പിന്തുണയോടെ നുഴഞ്ഞുകയറിയ ഇരുപതോളം ഭീകരരെയാണ് സൈന്യം വധിച്ചത്. പാരാ സ്പെഷ്യൽ ഫോഴ്സിലെ അഞ്ച് സൈനികർ ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിക്കുകയും ചെയ്തു. തുടർന്ന് അതിർത്തിയിലെ ലോഞ്ച് പാഡുകൾക്ക് നേരേ ഇന്ത്യ കനത്ത ഷെൽ വർഷമാണ് നടത്തിയത്. നീലം താഴ്വരയിലെ പാക് ലോഞ്ച് പാഡുകൾ ഇന്ത്യയുടെ ഷെൽ വർഷത്തിൽ തകർന്നിരുന്നു. ഇതിന്റെ വീഡിയോയും ഇന്ത്യൻ സൈന്യം പുറത്തുവിട്ടിരുന്നു.
പാക് പ്രകോപനങ്ങൾക്ക് ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നൽകിയതോടെയാണ് സമാധാനം ആവശ്യപ്പെട്ട് പാകിസ്താൻ രംഗത്തെത്തിയത്. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കാൻ ഗൾഫിലെ ഉന്നത വ്യക്തികളുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ടുകൾ ഉണ്ടാക്കി ഇന്ത്യക്കെതിരെ നിരന്തരം വ്യാജ പ്രചാരണങ്ങളും പാകിസ്താൻ നടത്തിയിരുന്നു.
Discussion about this post