ശ്രീനഗർ : ജമ്മു കശ്മീരിൽ നാല് ഭീകരരെ സൈന്യം വധിച്ചു. കശ്മീരിലെ കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിലാണ് നാല് ഭീകരരെ സൈന്യം വധിച്ചത്. പ്രദേശത്ത് സൈന്യം തിരച്ചിൽ തുടരുകയാണ്. ഒരു സൈനികന് നിസ്സാര പരിക്കേറ്റു.
ഏപ്രിൽ മാസത്തിൽ മാത്രം ഇതുവരെ 22 ഭീകരരെയാണ് സൈന്യം വധിച്ചത്. കൊറോണ വ്യാപനത്തിനിടയിൽ ഇന്ത്യക്കെതിരെ പാകിസ്താൻ ഭീകര പ്രവർത്തനം വ്യാപകമായി തുടരുന്നതിന്റെ സൂചനയാണിത്. മാത്രമല്ല കൊറോണ രോഗമുള്ള ഭീകരരെ കശ്മീരിലേക്ക് കടത്തി വിടാൻ പാകിസ്താൻ ശ്രമിക്കുന്നുവെന്നും ഇന്റലിജൻസ് ഏജൻസികൾ വ്യക്തമാക്കിയിരുന്നു.
കൊല്ലപ്പെടുന്ന ഭീകരരുടെ മൃതദേഹങ്ങൾ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയില്ലെന്ന് സൈന്യം തീരുമാനിച്ചിട്ടുണ്ട്. സാമൂഹ്യ അകലം പാലിക്കാതെ നിരവധി വിഘടനവാദികൾ ഭീകരരുടെ സംസ്കാരത്തിൽ പങ്കെടുക്കുന്നത് കൊണ്ടാണിത്. മാത്രമല്ല മൃതദേഹങ്ങൾ വച്ച് കശ്മീരിലെ യുവാക്കളെ ഭീകരതയ്ക്കൊപ്പം ചേർക്കാനുള്ള ഭീകര സംഘടനകളുടെ ഗൂഢോദ്ദേശ്യവും ഇതോടെ പൊളിഞ്ഞിട്ടുണ്ട്.
രാഷ്ട്രീയ റൈഫിൾസ് 9 ഡിവിഷനും കശ്മീർ പൊലീസിലെ സ്പെഷ്യൽ ടീമും സി.ആർ.പി.എഫും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്.
Discussion about this post