ന്യൂഡൽഹി : കശ്മീരിലെ ഗിൽജിത് – ബാൽട്ടിസ്ഥാൻ മേഖലയിൽ നിന്നും പാകിസ്താനെ പുറത്താക്കാനുള്ള പദ്ധതി തയ്യാറാണെന്ന് കേന്ദ്ര മന്ത്രി വി.കെ സിംഗ്. മുഴുവൻ കശ്മീരും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. താമസിയാതെ അത് പൂർണമായും യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ പാകിസ്താന് നല്ല ആശങ്കകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്താന് അവരുടെ സ്വന്തം പ്രദേശം പോലും നേരായ രീതിയിൽ സംരക്ഷിക്കാനോ ഭരിക്കാനോ കഴിയുന്നില്ല. അങ്ങനെയുള്ള അവരാണ് ഗിൽജിത് ബാൽട്ടിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടത്താൻ പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു. പാക് അധീന കശ്മീർ സമയമാകുമ്പോൾ പിടിച്ചെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും പ്രസാർ ഭാരതിയും ഗിൽജിത് ബാൽട്ടിസ്ഥാനിലേയും മുസഫറബാദിലേയും കാലാവസ്ഥ വിവരങ്ങൾ പ്രക്ഷേപണം ചെയ്തു തുടങ്ങിയ സാഹചര്യത്തിലാണ് വികെ സിംഗിന്റെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. പാക് അധീന കശ്മീരിൽ നിന്ന് പാകിസ്താൻ ഒഴിഞ്ഞു പോകണമെന്ന ശക്തമായ നിർദ്ദേശവും ഇന്ത്യ കൊടുത്തുകഴിഞ്ഞു.
കോവിഡ് സാഹചര്യം മുതലെടുത്ത് അതിർത്തിയിൽ പാകിസ്താന്റെ പിന്തുണയോടെ നുഴഞ്ഞു കയറ്റശ്രമങ്ങൾ ശക്തമാണ്. ഇതിനെതിരെ ഇന്ത്യയുടെ സൈനിക ഓപ്പറേഷനും കാര്യമായിത്തന്നെ നടക്കുന്നുണ്ട്. ഈ വർഷം മാത്രം പാക് പ്രകോപനത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയിൽ കൊല്ലപ്പെട്ടത് മുപ്പതിലധികം പാക് സൈനികരാണ്. അറുപതോളം ഭീകരരേയും സൈന്യം വധിച്ചു. ഹിസ്ബുൾ മുജാഹിദ്ദീന്റെ കമാൻഡർ റിയാസ് നായ്ക്കുവിനെ വധിച്ചതും പാകിസ്താനും ഭീകര സംഘടനകൾക്കും വൻ തിരിച്ചടിയായിരിക്കുകയാണ്.
അതിനിടയിൽ അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യക്ക് സമീപം പാക് സൈനിക വിമാനങ്ങൾ പട്രോളിംഗ് ശക്തമാക്കിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇന്ത്യ ആക്രമിക്കുമെന്ന ഭയത്താലാണ് പാകിസ്താൻ പട്രോളിംഗ് ശക്തമാക്കിയതെന്നാണ് നിരീക്ഷണം. ഇതോടെ ഇന്ത്യൻ വ്യോമസേന കേന്ദ്രങ്ങൾ കനത്ത ജാഗ്രതയിൽ തുടരുകയാണ്. വേണ്ടിവന്നാൽ ആക്രമണം നടത്താൻ തയ്യാറാകണമെന്ന് പാക് അതിർത്തിയിലെ വ്യോമസേന കേന്ദ്രങ്ങൾക്ക് നിർദ്ദേശവും നൽകിയതായാണ് റിപ്പോർട്ട്.
Discussion about this post