ശ്രീനഗർ : സൈന്യം വധിച്ച ഹിസ്ബുൾ ഭീകരൻ റിയാസ് നായ്ക്കുവിനു പകരം പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ച് ഹിസ്ബുൾ മുജാഹിദ്ദീൻ. ഘാസി ഹൈദറിനേയും സഫറുൾ ഇസ്ലാമിനേയുമാണ് ഭീകര സംഘടനയുടെ ചുമതല നൽകിയിരിക്കുന്നത്. സയ്യദ് സലാഹുദ്ദീൻ ചെയർമാനായ യുണൈറ്റഡ് ജിഹാദ് കൗൺസിൽ ആണ് റിയാസ് നയ്ക്കുവിന് പകരക്കാരെ തെരഞ്ഞെടുത്തത്.
അതേസമയം ഹിസ്ബുളിന്റെ എല്ലാ കമാൻഡർമാരുടെയും വിധി തന്നെയാണ് പുതിയ ഭീകരർക്കും വരാൻ പോകുന്നതെന്നത് ഉറപ്പാണ്. ഹിസ്ബുളിന്റെ നേതൃത്വത്തെ കൃത്യമായി ലിസ്റ്റിൽ പെടുത്തിയാണ് സൈന്യം വേട്ടയാടിയിട്ടുള്ളത്. 2016 ൽ ബുർഹാൻ വാനിയെയും പിന്നീട് സബ്സർ അഹമ്മദ് ഭട്ടിനേയും വകവരുത്തിയ സൈന്യം ഒടുവിൽ റിയാസ് നായ്ക്കുവിനേയും വധിക്കുകയായിരുന്നു.
ബുർഹാൻ വാനി , സബ്സർ അഹമ്മദ് ഭട്ട് , സാക്കിർ മൂസ , അബു ദുജാന , ജുനൈദ് അഹമ്മദ് മാട്ടു, സദ്ദാം പാഡർ , വസിം ഷാ തുടങ്ങിയ ഭീകരന്മാരെ സൈന്യം വധിച്ചതോടെ ഭീകര സംഘടനകൾക്ക് വലിയ നേതൃക്ഷാമമാണ് ഉണ്ടായത്. ചുമതലയിലേക്കെത്തുന്ന ഭീകരരെല്ലാം കൊല്ലപ്പെടുന്നതോടെ പുതുതായി നേതൃത്വത്തിലേക്ക് വരാനും ഭീകരർ മടിക്കുന്നുണ്ട്. പരിശീലനം സിദ്ധിച്ചതും വിഘടനവാദികൾക്കിടയിൽ സ്വാധീനമുള്ളതുമായ ഭീകരരെല്ലാം കൊല്ലപ്പെട്ടത് ഭീകരസംഘടനകൾക്ക് തിരിച്ചടിയായിട്ടുണ്ട്.
അതേ സമയം രാഷ്ട്രീയ റൈഫിൾസിന്റെ കമാൻഡിംഗ് ഓഫീസറാകാൻ താത്പര്യമുണ്ടോ എന്ന് ഏഴ് സൈനിക ഓഫീസർമാരോടാണ് സൈന്യം ചോദിച്ചത്. കെണൽ അശുതോഷ് ശർമ്മ വീരമൃത്യു വരിച്ചതിനെ തുടർന്നാണ് 21 ആർ.ആറിന് പുതിയ കമാൻഡിംഗ് ഓഫീസറെ നിയമിക്കേണ്ടിവന്നത്. ഏഴു സൈനിക ഓഫീസർമാരും സമ്മതം അറിയിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ നിയമനം വരുന്നതു വരെ കേണൽ സിംഗിനാണ് 21 ആർ.ആറിന്റെ ചുമതല.
Discussion about this post