ഇന്ത്യ- ചൈന അതിർത്തി പ്രദേശങ്ങളിൽ ഇരു രാജ്യങ്ങളിലേയും സൈനികർ നേർക്കു നേർ വരുമ്പോൾ അപൂർവ്വമായുണ്ടാകുന്ന സംഘർഷങ്ങൾ ലോകത്തിന്റെ ശ്രദ്ധ പോലും പിടിച്ചു പറ്റാറുണ്ട്. 73 ദിവസം നീണ്ടുനിന്ന ദോക്ലാം സംഘർഷം പിന്നീട് ഇരു രാജ്യങ്ങളുടേയും ഭരണാധികാരികളുടെ ഇടപെടലിലാണ് അവസാനിച്ചത്. ഏഷ്യയിലെ വൻ രാഷ്ട്രങ്ങളാണെന്നതും വലിയ സൈനിക ബലമുള്ള രാഷ്ട്രങ്ങളാണെന്നതുമാണ് ചെറിയ സംഘർഷത്തെ പോലും വലിയ വാർത്തയാക്കുന്നത്.
സിക്കിമിലെ നാകുല മേഖലയിൽ പട്രോളിംഗ് നടത്തിക്കൊണ്ടിരുന്ന ഇന്ത്യൻ സൈന്യത്തിലെ ഒരു ലെഫ്റ്റനന്റിനോട് ആവശ്യമില്ലാത്ത ഡയലോഗ് അടിച്ചതിൽ ഇപ്പോൾ ചൈനീസ് മേജർ പരിതപിക്കുന്നുണ്ടാകണം. സാധാരണപോലെ കൈകൊടുത്ത് ചിരിച്ച് പോകേണ്ടുന്നതിനു പകരം വെറുതെ ഒരു ഷോ ഓഫ് കാണിച്ചതാണ് വിനയായത്. ഇത് നിങ്ങളുടെ സ്ഥലമല്ല , പെട്ടെന്ന് ഇവിടെ നിന്ന് പൊക്കോണം എന്ന ആക്രോശമായിരുന്നു ചൈനീസ് മേജറുടെ ഭാഗത്തു നിന്നുണ്ടായത്. എന്നാൽ ഈ അഹങ്കാരം സഹിച്ച് വിട്ടു കൊടുക്കാൻ ഇന്ത്യൻ ലെഫ്റ്റനന്റ് തയ്യാറായിരുന്നില്ല.
ചൈനക്കാരന്റെ മൂക്ക് നോക്കി ഒറ്റയിടി. മേജർ ചടപടേന്ന് താഴെ വീണു. അയാളുടെ നെയിം പ്ലേറ്റും സൈനിക ബഹുമതിയുമൊക്കെ ഇളകി. സൈനികർ തമ്മിൽ കൂട്ടത്തല്ലായി. ഏഴ് ചൈനീസ് സൈനികർക്കും നാല് ഇന്ത്യൻ സൈനികർക്കും പരിക്കേൽക്കുകയും ചെയ്തു. പെട്ടെന്ന് തന്നെ എല്ലാവരും അവരവരുടെ സൈനികരെ പിടിച്ചു മാറ്റി അന്തരീക്ഷം സമാധാനപരമാക്കി. താമസിയാതെ പ്രദേശത്തെ സൈനിക നേതൃത്വം തമ്മിൽ പ്രശ്നം സംസാരിച്ചു രമ്യമായി പരിഹരിക്കുകയും ചെയ്തു.
അസം റെജിമെന്റിൽ കേണലായി സ്തുത്യർഹ സേവനം നടത്തി വിരമിച്ച അച്ഛന്റെ മകനാണ് ലെഫ്റ്റനന്റ്. ടെക്നോളജിയും ആയുധങ്ങളുമൊക്കെ ചൈനയ്ക്ക് കൂടുതലുണ്ടാകാം. പക്ഷേ നേരിട്ടുള്ള ഏറ്റുമുട്ടലിലും ദേശസ്നേഹത്തിലും ധൈര്യത്തിലും ഇന്ത്യൻ സൈനികരെ കടത്തിവെട്ടാൻ ചൈനക്കാർക്ക് ആവില്ല എന്നാണ് കേണൽ പറയുന്നത്. എന്തായാലും മകന്റെ ധീരത വാർത്തയാക്കുന്നതിനോടൊന്നും അദ്ദേഹത്തിനു യോജിപ്പില്ല. ഒരു സൈനികനും ഇപ്പോൾ ചെയ്യുന്ന കാര്യങ്ങൾ പറയാനിഷ്ടപ്പെടുന്നില്ല. അതുമാത്രമല്ല വലിയൊരു സംഘർഷത്തിലേക്ക് ഇക്കാര്യം പോകാനും പാടില്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
എന്തായാലും ലെഫ്റ്റനന്റിനെ അതിർത്തിയിൽ നിന്ന് തത്കാലം സൈന്യം പിൻവലിച്ചിട്ടുണ്ട്. സംഘർഷം കൂടുതൽ വഷളാകാതിരിക്കാനാണ് തീരുമാനം. അതേസമയം ഇന്ത്യൻ സൈനികന്റെ ഇടിയേറ്റ് ചൈനീസ് മേജർ താഴെ വീണതൊക്കെ റെജിമെന്റിൽ ചർച്ചയായിക്കഴിഞ്ഞു. പരസ്യമായല്ലെങ്കിലും ഉന്നത സൈനിക ഉദ്യോഗസ്ഥർ ലെഫ്റ്റനന്റിന് നല്ല രീതിയിൽ അഭിനന്ദനങ്ങളും നൽകി.
Discussion about this post