മോസ്കോ : ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ യോഗത്തിനായി മോസ്കോയിലെത്തിയ ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ ഇടപെടലിൽ പാകിസ്താന് തിരിച്ചടി. പാകിസ്താന് യാതൊരു വിധ ആയുധങ്ങളും നൽകില്ലെന്ന് റഷ്യ വ്യക്തമാക്കി. രാജ്നാഥ് സിംഗിന്റെ അഭ്യർത്ഥന അംഗീകരിച്ചാണ് റഷ്യയുടെ തീരുമാനം.
ഇന്ത്യയുടെ സുരക്ഷ താത്പര്യങ്ങളോട് യോജിച്ചു തന്നെ മുന്നോട്ടു പോകുമെന്ന് റഷ്യൻ പ്രതിരോധമന്ത്രി ഇന്ത്യയുടെ പ്രതിരോധമന്ത്രിക്ക് ഉറപ്പ് നൽകിയതായാണ് റിപ്പോർട്ട്. ഇന്ത്യയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയെ പിന്തുണയ്ക്കുന്നതായും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ പ്രധാന ആയുധങ്ങളിൽ കൂടുതലും റഷ്യയിൽ നിന്നുള്ള ആയുധങ്ങളാണ്. താമസിയാതെ എസ്-400 മിസൈൽ വേധ സംവിധാനവും റഷ്യ ഇന്ത്യക്ക് കൈമാറും. ഇന്ത്യക്കുള്ള ആയുധങ്ങൾ തന്നെ ശത്രു രാജ്യമായ പാകിസ്താനു ലഭിക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്. ഇതാണ് പാകിസ്താന് ആയുധങ്ങൾ നൽകരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്.
അതേസമയം ഇന്ത്യ- റഷ്യ നാവികസേനകളുടെ സംയുക്ത സൈനികാഭ്യാസം ഇന്ന് ബംഗാൾ ഉൾക്കടലിൽ ആരംഭിച്ചു. കൊറോണ പശ്ചാത്തലത്തിൽ പരസ്പരം ബന്ധമില്ലാതെ സമുദ്രതലത്തിൽ മാത്രമാണ് സൈനികാഭ്യാസം നടക്കുക. ഫ്രിഗേറ്റുകളും ഡിസ്ട്രോയറുകളുമടക്കമുള്ള പടക്കപ്പലുകൾ സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്.
Discussion about this post