ശ്രീനഗർ : ഏത് പരിതസ്ഥിതിയിലും യുദ്ധം ചെയ്യാൻ ഇന്ത്യൻ സൈന്യം തയ്യാറാണെന്ന് നോർത്തേൺ കമാൻഡ്. ലഡാക്കിൽ ചൈനീസ് സൈന്യവുമായുള്ള സംഘർഷ സാദ്ധ്യത നിലനിൽക്കെയാണ് ശക്തമായ പ്രസ്താവനയുമായി ഇന്ത്യൻ സൈന്യം രംഗത്തെത്തിയത്. ചൈനീസ് അതിർത്തിയിൽ സുരക്ഷയുടെ ചുമതല സൈന്യത്തിന്റെ നോർത്തേൺ കമാൻഡിനാണ്.
തണുപ്പുകാലം ആരംഭിക്കാനിരിക്കെ ഇന്ത്യൻ സൈനികർ കഠിനമായ തണുപ്പുകൊണ്ട് മരിച്ചു പോകുമെന്ന് ചൈനീസ് മുഖപത്രമായ ഗ്ലോബൽ ടൈംസ് പ്രസ്താവിച്ചിരുന്നു. എന്നാൽ സിയാച്ചിനിൽ ഉൾപ്പെടെ ലോകത്തേ ഏറ്റവും ഉയരമേറിയ യുദ്ധമുഖങ്ങളിൽ കഴിവ് തെളിയിച്ച ഇന്ത്യൻ സൈന്യത്തെ പേടിപ്പിക്കേണ്ടെന്ന ശക്തമായ മറുപടിയായിരുന്നു ഇന്ത്യ തിരിച്ചു നൽകിയത്. പാംഗോംഗ്സോയിൽ നവംബർ ആകുമ്പോഴേക്കും കഠിനമായ തണുപ്പുകാലം ആരംഭിക്കും. മൈനസ് 30 ഡിഗ്രിക്കുമേൽ തണുപ്പാണ് ഈ സമയത്. 40 അടി പൊക്കത്തിൽ മഞ്ഞുവീണു കിടക്കും.മാത്രമല്ല പ്രദേശത്തേക്കെത്തുന്ന റോഡുകൾ മഞ്ഞുകൊണ്ട് മൂടപ്പെടുകയും ചെയ്യും. ഇതൊക്കെയാണെങ്കിലും അതികഠിനമായ തണുപ്പുകാലത്തും മലനിരകളിലും യുദ്ധം ചെയ്ത് പരിചയമുള്ള സൈന്യമാണ് ഇന്ത്യയുടേതെന്ന് നോർത്തേൺ കമാൻഡ് വ്യക്തമാക്കി.
അതിനിടെ യുദ്ധസാഹചര്യം പ്രതീക്ഷിച്ചുള്ള തയ്യാറെടുപ്പുകളാണ് അതിർത്തിയിൽ ഇന്ത്യൻ സൈന്യം നടത്തുന്നത്.സൈനികർക്കുള്ള തണുപ്പുകാലത്ത് ഉപയോഗിക്കുന്ന വസ്ത്രങ്ങളും ബൂട്ടുകളും അതിർത്തിയിലേക്ക് എത്തിച്ചു കഴിഞ്ഞു. ഭക്ഷണത്തിനുള്ള പാക്കറ്റുകളും മറ്റ് ആഹാര സാധനങ്ങളും ഇതിനോടകം തന്നെ അതിർത്തി ക്യാമ്പുകളിൽ എത്തിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഹവിറ്റ്സർ തോക്കുകളും ടാങ്കുകളും അതിർത്തിയിൽ വിന്യസിച്ചു.
അടൽ ടണൽ പ്രവർത്തനക്ഷമമായതും ഡാർച്ച മുതൽ ലേ വരെ പുതിയ റോഡ് നിർമ്മിക്കാൻ സാധിച്ചതും ഇന്ത്യൻ സൈന്യത്തിന് അനുകൂല ഘടകങ്ങളാണ്. തണുപ്പുകാലത്തും പുതിയ റോഡിലൂടെ സാധനങ്ങൾ എത്തിക്കാമെന്നതാണ് സൈന്യത്തിന് നേട്ടമായത്. ചൈന ആദ്യമായി പ്രകോപനം സൃഷ്ടിച്ചപ്പോൾ മുതൽ ഒരു പൂർണ യുദ്ധത്തിന് സൈന്യം തയ്യാറെടുത്തിരുന്നു. നാവിക സേനയും വ്യോമസേനയും ഏത് സാഹചര്യത്തേയും നേരിടാൻ തയ്യാറായിക്കഴിഞ്ഞിട്ടുണ്ട്. യുദ്ധത്തിനൊരുങ്ങിയാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും സൈന്യം മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.
Discussion about this post