യുദ്ധം ജയിക്കുന്നത് ആയുധങ്ങൾ കൊണ്ടും സാങ്കേതിക വിദ്യകൊണ്ടും മാത്രമല്ല തന്ത്രങ്ങൾ കൊണ്ടുമാണെന്ന് ലോകമഹായുദ്ധങ്ങളിലെ നിരവധി ഉദാഹരണങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എതിരാളിയുടെ ആയുധശക്തിയും ശാരീരിക ശക്തിയും മാത്രമല്ല മനശ്ശക്തിയും യുദ്ധങ്ങളിൽ പരീക്ഷണ വിധേയമാകും. ഇന്ത്യൻ സൈന്യത്തെ ലക്ഷ്യമിട്ട് നിരവധി സൈക്കളോജിക്കൽ നീക്കങ്ങളാണ് ചൈനീസ് സൈന്യം മുന്നോട്ട് വയ്ക്കുന്നത്.
പാംഗോംഗ്സോയ്ക്ക് സമീപം ഏറെക്കുറെ നേർക്കു നേർ തന്നെ തമ്പടിച്ചിരിക്കുന്ന ഇന്ത്യൻ സൈന്യത്തിനായി ലൗഡ് സ്പീക്കറിലൂടെ പഞ്ചാബി ഗാനങ്ങൾ കേൾപ്പിക്കുകയാണ് ഇപ്പോൾ ചൈനീസ് സൈന്യത്തിന്റെ പരിപാടി. പാംഗോംഗ്സോയിൽ വിന്യസിച്ചിട്ടുള്ള ഇന്ത്യൻ സൈനികരിൽ പഞ്ചാബികളുണ്ടെന്ന ഊഹത്തിലാണ് ചൈനയുടെ നീക്കം. അതോടൊപ്പം തന്നെ തങ്ങൾ വളരെ മാന്യന്മാരാണെന്നും നരേന്ദ്രമോദി കാരണമാണ് ഇന്ത്യൻ സൈനികർക്ക് ഈ വിഷമം പിടിച്ച കാലാവസ്ഥയിൽ വന്ന് കിടക്കേണ്ടി വരുന്നതെന്നും ലൗഡ് സ്പീക്കറിലൂടെ പറയുന്നുണ്ട്.
ഇന്ത്യൻ സൈനികർ അതിശൈത്യത്താലോ കൊറോണ പിടിച്ചോ മരിക്കുമെന്ന് നേരത്തെ ചൈനീസ് മുഖപത്രമായ ഗ്ലോബൽ ടൈംസിന്റെ എഡിറ്റർ പറഞ്ഞിരുന്നു. എന്നാൽ ഇതിനെല്ലാറ്റിനും ചുട്ട മറുപടിയാണ് ഇന്ത്യൻ സൈന്യത്തിന്റെ നോർത്തേൺ കമാൻഡ് നൽകിയത്. യുദ്ധമാണ് താത്പര്യമെങ്കിൽ അതിന് തയ്യാറാണെന്നും സിയാച്ചിൻ മലനിരകളിൽ അതിർത്തികാക്കുന്ന ഇന്ത്യൻ സൈനികരെ താരതമ്യേന മഞ്ഞ് വീഴ്ച്ച കുറവുള്ള ചൈനീസ് അതിർത്തിയിലെ മഞ്ഞിനെപ്പറ്റി പറഞ്ഞ് പേടിപ്പിക്കേണ്ടെന്നും നോർത്തേൺ കമാൻഡ് വ്യക്തമാക്കി. പർവ്വത യുദ്ധങ്ങളിൽ പരിശീലനവും പരിചയസമ്പത്തുമുള്ള സൈന്യമാണ് ഇന്ത്യയുടേതെന്നത് മറക്കേണ്ടെന്നും മുന്നറിയിപ്പ് നൽകുകയും ചെയ്തു.
പാംഗോംഗ് സോയിൽ സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സിനെ ഉപയോഗിച്ച് തന്ത്രപ്രധാനമായ മലനിരകൾ ഇന്ത്യൻ സൈന്യം കയ്യടക്കിയത് ചൈനയ്ക്ക് വലിയ തിരിച്ചടിയായി. ഇത് മറയ്ക്കാൻ സൈക്കളോജിക്കൽ നീക്കങ്ങളടക്കം പയറ്റുന്നുണ്ടെങ്കിലും കരുത്തോടെ ഇന്ത്യ പ്രതിരോധിക്കുന്നത് ചൈനയെ മാനസികമായി പിന്നോട്ടടിക്കുന്നുണ്ട്.
Discussion about this post