ലോകപ്രശസ്ത വെബ്സീരീസ് ആയ ഗെയിം ഓഫ് ത്രോൺസിൽ വരാൻ പോകുന്ന ഭീകര യുദ്ധത്തെ കുറിക്കുന്ന ഒരു വാചകമുണ്ട്. വിന്റർ ഈസ് കമിംഗ്. ലഡാക്കിലും മറ്റ് അതിർത്തി പ്രദേശങ്ങളിലും ഏതാണ്ട് ഇതേ അവസ്ഥ തന്നെയാണിപ്പോൾ. വരാൻ പോകുന്ന കടുത്ത മഞ്ഞുകാലത്തെ അതിജീവിച്ച് രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കാൻ ജാഗരൂകമായി നിൽക്കുകയാണ് ഇന്ത്യയുടെ സൈന്യങ്ങൾ.
വലിയ സൈനിക വിന്യാസമാണ് ഇന്ത്യ അതിർത്തിയിൽ നടത്തിയിരിക്കുന്നത്. ടി 90 ഭീഷ്മ ടി 72 ടാങ്കുകൾ ഉൾപ്പെടെ കവചിത വാഹനങ്ങൾ അതിർത്തിയിൽ സർവ്വ സജ്ജമാണ്. പടുകൂറ്റൻ പീരങ്കികളും യന്ത്രത്തോക്കുകളും ശത്രുവിന്റെ എതു നീക്കവും തടയാൻ തയ്യാറായി നിൽക്കുകയാണ്. മിന്നൽ ആക്രമണങ്ങൾ നടത്താൻ സ്പെഷ്യൽ ഫോഴ്സും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സർവ്വ സജ്ജമായി വ്യോമസേനയും നാവികസേനയും ഏത് അതിക്രമത്തെയും തടയാൻ അതിർത്തിയിൽ നിലയുറപ്പിച്ചിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും നാവികസേനയുടെ ഡിസ്ട്രോയറുകളും പടക്കപ്പലുകളും ശത്രുവിന്റെ ഏത് നീക്കവും നിരീക്ഷിക്കുന്നുണ്ട്. ഓസ്ട്രേലിയ , ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുടെ നാവികസേനയുമായി ഇന്ത്യൻ നാവികസേന സംയുക്ത അഭ്യാസവും നടത്തുന്നുണ്ട്. അപ്രതീക്ഷിതമായി ആക്രമണം നടത്തുകയെന്നത് ചൈനയുടെ മുഖമുദ്രയായതു കൊണ്ട് തന്നെ ഇന്ത്യൻ സൈന്യം സദാ സന്നദ്ധമായാണ് അതിർത്തിയിൽ വിന്യാസം നടത്തിയിരിക്കുന്നത്.
നിരന്തരം ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും യാതൊരു തരത്തിലും സംഘർഷത്തിന് അയവുണ്ടാകാതിരിക്കുന്നതിനാൽ വരാൻ പോകുന്ന മഞ്ഞുകാലം സംഘർഷഭരിതമാകാനുള്ള സാദ്ധ്യതകളുണ്ട് എന്നാണ് സൂചന .. അതെ വിന്റർ ഈസ് കമിംഗ്
Discussion about this post