ലോകത്തെ എറ്റവും ശക്തവും മാന്യതയുള്ളതുമായ സൈന്യങ്ങളിൽ പ്രഥമഗണനീയമായി കരുതപ്പെടുന്ന സൈന്യമാണ് ഇന്ത്യയുടേത്. പോരാട്ട ഭൂമിയിൽ സിഹപരാക്രമികളായ ശത്രുക്കളെ നിലംപരിശാക്കുമെങ്കിലും യുദ്ധത്തിൽ കൊല്ലപ്പെട്ട ശത്രുവിനോട് അനാദരവ് കാണിച്ച ചരിത്രം ഇന്ത്യൻ സൈന്യത്തിനില്ല. കാർഗിലിൽ കൊല്ലപ്പെട്ട പാക് സൈനികർക്ക് അർഹമായ എല്ലാ അന്ത്യകർമ്മങ്ങളും മതപരമായി നടത്തി സംസ്കരിക്കുന്ന ഇന്ത്യൻ പട്ടാളത്തിന്റെ പ്രവൃത്തി ലോകത്ത് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൊല്ലപ്പെട്ട ഇന്ത്യൻ സൈനികരുടെ മൃതദേഹം പോലും വികൃതമാക്കുന്ന പാക് സൈന്യത്തിന് ഇന്ത്യ അതിന്റെ സംസ്കാരം കാട്ടിക്കൊടുത്തത് ഇങ്ങനെയായിരുന്നു.
കശ്മീരിൽ 1972 ൽ കൊല്ലപ്പെട്ട പാക് മേജറുടെ ശവകുടീരം വൃത്തിയാക്കി അത് സാദ്ധ്യമായ രീതിയിൽ ഇന്ത്യൻ സൈന്യം പുനരുദ്ധരിച്ച വാർത്തയാണ് പുതിയത്. ഇന്ത്യൻ ആർമി ചിനാർ കോറാണ് ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. 1972 ൽ നൗഗം സെക്ടറിൽ വച്ച് ഒൻപതാം സിഖ് ബറ്റാലിയന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട പാക് മേജർ മൊഹമ്മദ് ഷബീർ ഖാന്റെ ശവകുടീരമാണ് ഇന്ത്യൻ സൈന്യം അർഹമായ രീതിയിൽ പുനരുദ്ധരിച്ചത്. പാകിസ്താൻ സിതാര ഇ ജുറത് ബഹുമതി നൽകിയ മേജറാണ് മൊഹമ്മദ് ഷബീർ ഖാൻ.
ഇന്ത്യൻ സൈന്യത്തിന്റെ സ്വഭാവവും സംസ്കാരവുമനുസരിച്ച് യുദ്ധത്തിൽ കൊല്ലപ്പെട്ട ഒരു പട്ടാളക്കാരൻ ആദ്യം ഒരു പട്ടാളക്കാരനാണ്. അതിനു ശേഷം മാത്രമാണ് അയാളുടെ രാജ്യവും മറ്റ് കാര്യങ്ങളും.യുദ്ധത്തിൽ കൊല്ലപ്പെട്ട ഏതൊരു പട്ടാളക്കാരനും ബഹുമാനവും ആദരവും അർഹിക്കുന്നു. ഇന്ത്യൻ സൈന്യത്തിന്റെ സംസ്കാരമനുസരിച്ച് മേജർ മൊഹമ്മദ് ഷബീർ ഖാന് ആദരവർപ്പിക്കുന്നു. ചിനാർ കോർ ട്വിറ്ററിൽ കുറിച്ചു. പാകിസ്താൻ സൈന്യത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിനെ ടാഗ് ചെയ്തുകൊണ്ടാണ് ഇന്ത്യൻ സൈന്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.
Discussion about this post