ന്യൂഡൽഹി : ആദ്യ സംയുക്ത സൈനിക മേധാവി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചുവെന്ന വാർത്ത ഞെട്ടലോടെയാണ് രാജ്യം അറിഞ്ഞത് .കൂനൂർ ടൗണ് എത്തുന്നതിന് ഏകദേശം നാലു കിലോമീറ്റർ മുൻപായിരുന്നു അപകടം നടന്ന എസ്റ്റേറ്റ്. കാട്ടേരി ഹോർട്ടി കൾചർ ഫാമിനോടു ചേർന്ന നഞ്ചപ്പസത്രം കോളനിയിലായിരുന്നു ഹെലികോപ്റ്റർ തകർന്നു വീണത്. തേയിലയായിരുന്നു എസ്റ്റേറ്റിലെ പ്രധാന കൃഷി. അവിടുത്തെ തൊഴിലാളികളും മറ്റുമായിരുന്നു കോളനിയിൽ താമസിച്ചിരുന്നവരേറെയും. ഏകദേശം 50 കുടുംബങ്ങൾ. ഇതിൽ ഏറ്റവും അവസാനത്തെ വീടിനു സമീപമായിരുന്നു അപകടം.
ജനറൽ ബിപിൻ റാവത്തും മറ്റ് 12 പേരുമായി തമിഴ്നാട്ടിൽ തകർന്നുവീണ ഹെലികോപ്റ്റർ പറത്തിയിരുന്നത് ആഗ്ര സ്വദേശിയായിരുന്ന വിങ് കമാൻഡർ പൃഥ്വി സിംഗ് ചൗഹാനാണ്. കോയമ്പത്തൂരിലെ എയർഫോഴ്സ് സ്റ്റേഷനിലെ 109 ഹെലികോപ്റ്റർ യൂണിറ്റിന്റെ കമാൻഡിംഗ് ഓഫീസറായിരുന്നു അദ്ദേഹം .
പൃഥ്വി സിംഗ് ചൗഹാൻ മോശം കാലാവസ്ഥയിലും ഹെലികോപ്റ്റർ പ്രവർത്തിപ്പിക്കുന്നതിൽ വിദഗ്ധനായിരുന്നുവെന്നാണ് റിപ്പോർട്ട് . പൃഥ്വി സിംഗിന്റെ വേർപാടിന്റെ ദു:ഖം പങ്ക് വച്ച് കൊണ്ട് അദ്ദേഹത്തിന്റെ അമ്മാവൻ ഡോ. ജയ്പാൽ സിംഗ് ചൗഹാനും ഇക്കാര്യം വ്യക്തമാക്കി . പൃഥ്വി സിംഗ് ചൗഹാൻ ഗ്രൂപ്പ് കമാൻഡർ ആയിരുന്നു , വൈദഗ്ധ്യമുള്ള പൈലറ്റായിരുന്നു അദ്ദേഹമെന്ന് അർദ്ധസൈനിക സേന വിഭാഗങ്ങളും ഉറപ്പിക്കുന്നു.,
പ്രതികൂല കാലാവസ്ഥയിലും പറക്കാനുള്ള ശേഷി വിമാനത്തിനുമുണ്ടായിരുന്നു. മി-17വി-5 ക്യാബിനിനകത്തും ബാഹ്യ സ്ലിങ്ങിലും ചരക്ക് കൊണ്ടുപോകാൻ രൂപകൽപന ചെയ്തിട്ടുള്ള ലോകത്തിലെ തന്നെ ഏറ്റവും നൂതന ഗതാഗത ഹെലികോപ്റ്ററുകളിൽ ഒന്നാണ്. സൈനിക ആയുധ ഗതാഗതം, ഫയർ സപ്പോർട്ട്, കോൺവോയ് എസ്കോർട്ട്, പട്രോളിങ്, സെർച്ച് ആൻഡ് റെസ്ക്യൂ ദൗത്യങ്ങളിലും ഇത് വിന്യസിക്കാം . കൂടുതൽ സവിശേഷതകളുള്ള ഈ വിമാനം പിന്നെ എങ്ങനെയാണ് അപകടത്തിൽപ്പെട്ടതെന്ന അന്വേഷണത്തിലാണ് വ്യോമസേന.
Discussion about this post