ഇന്ത്യയിൽ അടുത്ത സംയുക്ത സൈനിക മേധാവിയെ നിയമിക്കാനുള്ള നീക്കങ്ങൾ കേന്ദ്രസർക്കാർ ആരംഭിച്ചതായി സൂചന . സംയുക്ത സൈനിക മേധാവിയായി 2022 ജനുവരി ഒന്നിന് രണ്ട് വർഷം പൂർത്തിയാക്കാനിരിക്കെയാണ് ബിപിൻ റാവത്തിന്റെ അപ്രതീക്ഷിത വേർപാട് . സൈനിക കാര്യ വകുപ്പിന്റെ സെക്രട്ടറി കൂടിയായിരുന്നു അദ്ദേഹം . ഇന്ത്യ അഭിമുഖീകരിക്കുന്ന സുരക്ഷാ ഭീഷണികൾ കണക്കിലെടുത്ത്, സിഡിഎസിനെ എത്രയും വേഗം തിരഞ്ഞെടുക്കുന്നത് സായുധ സേനയ്ക്കും സർക്കാരിനും വളരെ നിർണായകമാണ്.
നിയമങ്ങൾ അനുസരിച്ച്, സർക്കാരിന് ഏതെങ്കിലും കരസേനാ മേധാവിയേയോ തത്തുല്യനെയോ ഈ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കാം. നിലവിലെ കരസേന മേധാവി മുകുന്ദ് നരവാനെ 2022 ഏപ്രിലിലാണ് വിരമിക്കുന്നത് . വിരമിച്ച മുൻ ഇന്ത്യൻ എയർഫോഴ്സ് ചീഫ് മാർഷൽ ആർകെഎസ് ബദൗരിയയുടെ പേരും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്. മുൻ നോർത്തേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ രൺബീർ സിങ്ങിനെയോ അല്ലെങ്കിൽ അടുത്തിടെ വിരമിച്ച ഇന്ത്യൻ നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിങ്ങിനെയോ പരിഗണിക്കാനും സാദ്ധ്യതയുണ്ട് .ജനറൽ നരവനെയ്ക്ക് അടുത്ത സിഡിഎസായി സ്ഥാനക്കയറ്റം ലഭിച്ചാൽ സൈനിക ശൃംഖലയിൽ തന്നെ തസ്തികകളിൽ ഏറെ മാറ്റങ്ങൾ ഉണ്ടാകും .
നിലവിലെ കരസേനാ മേധാവി നരവാനെ പുതിയ സിഡിഎസായി പരിഗണിക്കപ്പെട്ടാൽ ലഫ്റ്റനന്റ് ജനറൽ ചന്ദി പ്രസാദ് മൊഹന്തിയോ നോർത്തേൺ ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ വൈ കെ ജോഷിയോ അടുത്ത കരസേനാ മേധാവിയാകാം.
അതേ സമയം പുതിയ സംയുക്ത സൈനിക മേധാവിയെ കാത്തിരിക്കുന്ന വെല്ലുവിളികളും ഏറെയാണ് . ഇന്ത്യൻ സായുധ സേനയുടെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ചൈന. കിഴക്കൻ ലഡാക്കിൽ യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങൾ തമ്മിലുള്ള ഉരസൽ തുടരുന്നുണ്ട്.
.
താലിബാന് കീഴിലുള്ള അഫ്ഗാനിസ്ഥാനും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കയുള്ള മറ്റൊരു കാര്യമാണ് . താലിബാനിൽ നിന്ന് ഇന്ത്യക്കെതിരെ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്നും ആശങ്കയുണ്ട് . ആശങ്കയുളവാക്കുന്ന മറ്റൊരു കാര്യം താലിബാനിൽ നിന്നുള്ള മയക്കുമരുന്ന് കടത്താണ്.
പാകിസ്ഥാൻ ഇന്ത്യയ്ക്കെതിരായ ഭീകരാക്രമണങ്ങൾ തുടരുകയും ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്താൻ വിവിധ തീവ്രവാദ ഗ്രൂപ്പുകൾക്ക് അവരുടെ ഭൂമി വിട്ടു നൽകുകയും ചെയ്യുന്നതും ഇന്ത്യയ്ക്ക് ഭീഷണിയാണ് . ഇന്ത്യൻ സായുധ സേനയുടെ തിയേറ്റർ കമാൻഡ് ഉൾപ്പെടെ, പ്രതിരോധരംഗത്ത് ബിപിൻ റാവത്ത് ആരംഭിച്ച പരിഷ്കാരങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതും ഏറെ പ്രാധാന്യമർഹിക്കുന്നു . ഏത് വെല്ലുവിളിയും ഏറ്റെടുക്കാൻ പാകത്തിൽ ഇന്ത്യൻ സൈന്യത്തെ ഏറെ മുന്നോട്ട് നയിക്കുക എന്ന ദൗത്യവും നിയുക്ത സിഡിഎസിനെ കാത്തിരിക്കുന്നുണ്ട് .
Discussion about this post