ശ്രീനഗർ : ജമ്മു കശ്മീരിൽ പോലീസ് വാഹനത്തിനു നേരെ ഭീകരാക്രമണം .രണ്ട് പോലീസുകാർക്ക് വീരമൃത്യു . 14 പേർക്ക് പരിക്കേറ്റു. ശ്രീനഗറിന്റെ പ്രാന്തപ്രദേശത്തുള്ള സെവാനിലെ പോലീസ് ക്യാമ്പിന് സമീപം ഇന്ന് വൈകുന്നേരമാണ് ആക്രമണം നടന്നത് . എഎസ്ഐയും, സെലക്ഷൻ ഗ്രേഡ് കോൺസ്റ്റബിളുമാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്, 12 പേർ അപകടനില തരണം ചെയ്തു.
ഇന്ന് വൈകുന്നേരം 25 ഉദ്യോഗസ്ഥരുമായി പോയ ബസാണ് മൂന്ന് ഭീകരർ ചേർന്ന് ആക്രമിച്ചത് . സൈനികർ തിരികെ വെടിയുതിർത്തു . എന്നാൽ വെടിയേറ്റിട്ടും ഒരു ഭീകരൻ ഓടി രക്ഷപ്പെടുകയായിരുന്നു . ജയ്ഷെ മുഹമ്മദിന്റെ കശ്മീർ ടൈഗേഴ്സ് ഉത്തരവാദിത്തം ഏറ്റെടുത്തു. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുന്നതായി കശ്മീർ ഐജി വിജയ് കുമാർ പറഞ്ഞു
വിവിധ സുരക്ഷാ സേനകളുടെ നിരവധി ക്യാമ്പുകൾ ഉള്ള അതീവ സുരക്ഷിതമായ പ്രദേശത്താണ് ഭീകരർ ആക്രമണം നടത്തിയത് .ആക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തുകയും വിശദാംശങ്ങൾ തേടുകയും ചെയ്തു.
“ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിന്റെ വിശദാംശങ്ങൾ പ്രധാനമന്ത്രി ആരാഞ്ഞിട്ടുണ്ട്. ആക്രമണത്തിൽ വീരമൃത്യു വരിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ കുടുംബങ്ങളോട് അദ്ദേഹം അനുശോചനം അറിയിച്ചു,” പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
കശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ പോലീസ് സംഘത്തിന് നേരെ ഭീകരർ വെടിയുതിർത്തതിനെ തുടർന്ന് രണ്ട് പോലീസുകാർ കൊല്ലപ്പെട്ടിരുന്നു . അതിനു പിന്നാലെയാണ് ഈ ആക്രമണം
Discussion about this post