ന്യൂഡൽഹി : ദീർഘദൂര സൂപ്പർസോണിക് മിസൈൽ അസിസ്റ്റഡ് ടോർപ്പിഡോ (സ്മാർട്ട്) സംവിധാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ . ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ച സ്മാർട്ട് ഒഡീഷയിലെ ബാലസോറിൽ നിന്നാണ് വിക്ഷേപിച്ചത്.
സാധാരണ ടോർപിഡോകളുടെ റേഞ്ചും സ്പീഡും പരിമിതമാണ്. അവയ്ക്ക് നൂറു കണക്കിന് കിലോമീറ്റർ ദൂരത്തേയ്ക്ക് പോയി കപ്പലുകളെ തകർക്കാൻ സാധിക്കില്ല. ദൂരത്ത് നിൽക്കുന്ന കപ്പലിനെ ലക്ഷ്യമാക്കി മിസൈൽ അയക്കുമ്പോൾ അത് ലക്ഷ്യത്തിന്റെ നിശ്ചിത ദൂരത്ത് എത്തിയാൽ മിസൈലിന്റെ ഉള്ളിൽ നിന്ന് ടോർപിഡോ ലോഞ്ച് ആവും. അതാണ് മിസൈൽ അസിസ്റ്റഡ് ടോർപിഡോ.
സ്മാർട്ടിനു പിന്നിൽ പ്രവർത്തിച്ച ടീമുകളെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. “രാജ്യത്ത് ഭാവി പ്രതിരോധ സംവിധാനങ്ങൾ കെട്ടിപ്പടുക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സംവിധാനത്തിന്റെ വികസനം” എന്നും അദ്ദേഹം വ്യക്തമാക്കി .
“സംവിധാനം നമ്മുടെ നാവികസേനയുടെ ശക്തി വർദ്ധിപ്പിക്കുകയും പ്രതിരോധത്തിൽ സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുകയും സ്വാശ്രയ വൈദഗ്ധ്യവും കഴിവുകളും പ്രയോജനപ്പെടുത്തുകയും ചെയ്യുമെന്ന് “ ഡിആർഡിഒ ചെയർമാൻ ഡോ ജി സതീഷ് റെഡ്ഡി പറഞ്ഞു.
ടോർപ്പിഡോയുടെ പരമ്പരാഗത പരിധിക്കപ്പുറം അന്തർവാഹിനി വിരുദ്ധ യുദ്ധ ശേഷി വർദ്ധിപ്പിക്കുന്നതിനാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇലക്ട്രോ ഒപ്റ്റിക് ടെലിമെട്രി സിസ്റ്റം, ഡൗൺറേഞ്ച് ഇൻസ്ട്രുമെന്റേഷൻ, ഡൗൺറേഞ്ച് ഷിപ്പുകൾ എന്നിവയുൾപ്പെടെ വിവിധ റേഞ്ച് റഡാറുകളും പരീക്ഷിച്ചു. മിസൈലിൽ ടോർപ്പിഡോ, പാരച്യൂട്ട് ഡെലിവറി സിസ്റ്റം, റിലീസ് മെക്കാനിസം എന്നീ സംവിധാനങ്ങൾ ഉണ്ട് . ഈ കാനിസ്റ്റർ അധിഷ്ഠിത മിസൈൽ സംവിധാനത്തിൽ രണ്ട് ഘട്ട സോളിഡ് പ്രൊപ്പൽഷൻ, ഇലക്ട്രോ-മെക്കാനിക്കൽ ആക്യുവേറ്ററുകൾ, പ്രിസിഷൻ ഇനേർഷ്യൽ നാവിഗേഷൻ തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ അടങ്ങിയിരിക്കുന്നു.
നിരവധി ഡിആർഡിഒ ലബോറട്ടറികൾ ഈ നൂതന മിസൈൽ സംവിധാനത്തിനായി വിവിധ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്തിരുന്നു
Discussion about this post