ബെംഗളൂരു : സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെയടക്കം മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് അന്തരിച്ചു. .ബുധനാഴ്ച പുലർച്ചെ ഐഎഎഫ് കമാൻഡ് ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം .
ഹെലികോപ്റ്റർ അപകടത്തിൽ 14 പേരിൽ 13 പേരും മരണപ്പെട്ടിരുന്നു . ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിനെ വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിൽ നിന്ന് ഡിസംബർ 9 നാണ് കമാൻഡ് ഹോസ്പിറ്റലിലേക്ക് മാറ്റിയത്.
ചൊവ്വാഴ്ച വരെ, അദ്ദേഹത്തിന്റെ നില ഗുരുതരമാണെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നതായി ഡോക്ടർമാർ പറഞ്ഞിരുന്നു . ചർമ്മം വച്ച് പിടിപ്പിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിരുന്നു . സൈനിക വൃത്തങ്ങൾ തന്നെയാണ് മരണവാർത്ത പുറത്ത് വിട്ടത് .“ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങിയ ധീരഹൃദയനായ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന്റെ നിര്യാണത്തിൽ ഐഎഎഫ് അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. “ എന്നാണ് ഇന്ത്യൻ വ്യോമസേനയുടെ കുറിപ്പ്.
ഇതോടെ ഹെലികോപ്ടറിൽ ഉണ്ടായിരുന്ന മുഴുവൻ പേരും മരണത്തിന് കീഴടങ്ങി. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയുമുൾപ്പടെ പതിനാല് പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ വരുൺ സിംഗിന് എൺപത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു
തേജസ് യുദ്ധവിമാനത്തെ അപകടത്തിൽ നിന്ന് രക്ഷിച്ച് അതിവിദഗ്ദ്ധമായി ലാൻഡ് ചെയ്തതിന് രാജ്യം ശൗര്യചക്ര നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു . വരുൺ സിങ്ങിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് എന്നിവർ അനുശോചനം അറിയിച്ചു . “ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് അഭിമാനത്തോടെയും വീര്യത്തോടെയും അത്യധികം പ്രൊഫഷണലിസത്തോടെയും രാജ്യത്തെ സേവിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ഞാൻ അങ്ങേയറ്റം വേദനിക്കുന്നു. രാഷ്ട്രത്തിനായുള്ള അദ്ദേഹത്തിന്റെ സമ്പന്നമായ സേവനം ഒരിക്കലും മറക്കാൻ കഴിയില്ല. . ആദരാജ്ഞലി അർപ്പിക്കുന്നു . ഓം ശാന്തി.”- പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു.
Discussion about this post