അഫ്ഗാൻ -പാക് അതിർത്തിയിൽ വേലി കെട്ടാനെത്തിയ പാക് സൈനികരെ താലിബാൻ തടഞ്ഞു . കിഴക്കൻ പ്രവിശ്യയായ നംഗർഹാറിൽ അതിർത്തി വേലി സ്ഥാപിക്കുന്നതിൽ നിന്ന് താലിബാൻ സൈന്യം പാകിസ്താൻ സൈന്യത്തെ തടഞ്ഞതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇനായത്തുള്ള ഖ്വാരസ്മിയാണ് വ്യക്തമാക്കിയത് .
കാബൂളിൽ നിന്നുള്ള പ്രതിഷേധങ്ങൾക്കിടയിലും ബ്രിട്ടീഷ് കാലഘട്ടത്തിലെ അതിർത്തി നിർണയത്തെ എതിർത്ത് 2,600 കിലോമീറ്റർ അതിർത്തിയിൽ ഭൂരിഭാഗവും പാകിസ്താൻ വേലികെട്ടിയിരുന്നു . എന്നാൽ വീണ്ടും മറ്റ് ഭാഗങ്ങളിൽ വേലികെട്ടാൻ എത്തിയതാണ് താലിബാൻ തടഞ്ഞത് .
ഇതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് . വീഡിയോയിൽ താലിബാൻ സൈനികർ മുള്ളുവേലികൾ പിടിച്ചെടുത്തതും, ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അതിർത്തിയിൽ വീണ്ടും വേലികെട്ടാൻ ശ്രമിക്കരുതെന്ന് പാകിസ്ഥാൻ സൈനികരോട് പറയുന്നതും കാണാം .
അതിർത്തി സംഭവത്തിൽ താലിബാനും പാക് സേനയും മുഖാമുഖം വന്നു, സ്ഥിതിഗതികൾ സംഘർഷഭരിതമായിരുന്നു. സംഭവത്തിനു പിന്നാലെ അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിലേക്കുള്ള അതിർത്തിയിൽ പാക് പ്രദേശത്ത് തീപിടിത്തമുണ്ടായതായും താലിബാൻ വക്താവ് കൂട്ടിച്ചേർത്തു.
നിലവിൽ താലിബാൻ സൈനിക ഹെലികോപ്റ്ററുകൾ പ്രദേശത്ത് പട്രോളിംഗ് നടത്തുന്നുണ്ട്.
മുൻ അഫ്ഗാൻ സർക്കാരുകളും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാകുന്നതിന് പിന്നിലെ പ്രധാന കാരണവും അതിർത്തി തർക്കമായിരുന്നു . പാകിസ്താനുമായി അടുത്ത ബന്ധമുണ്ടെങ്കിലും താലിബാനെ സംബന്ധിച്ചിടത്തോളം അതിർത്തി വിഷയം തർക്കമായി തുടരുന്നുവെന്ന് നിലവിലെ പ്രശ്നം സൂചിപ്പിക്കുന്നു.
Discussion about this post