ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ ഗ്രാമം ദത്തെടുക്കാൻ മഹാരാഷ്ട്ര ആസ്ഥാനമായുള്ള എൻജിഒ.
ഗതാഗത സൗകര്യങ്ങൾ പോലും കുറവായ സൈന ഗ്രാമത്തിൽ വികസന പ്രവർത്തനങ്ങൾ നടത്താൻ ലാത്തൂർ ആസ്ഥാനമായുള്ള ഡോ. ഹരിവംശായ് ബച്ചൻ പ്രബോധൻ പ്രതിഷ്ഠാന്‍ പൗരി ഗർവാൾ ജില്ലാ അധികാരികൾ അനുമതി നൽകിയിട്ടുണ്ട്. അടുത്തയാഴ്ച സൈന ഗ്രാമം സന്ദർശിച്ച് അവിടെയുള്ള വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമെന്നും എച്ച്ബിപിപി സ്ഥാപകൻ നിവൃത്തി യാദവ് പറഞ്ഞു.
എച്ച്ബിപിപി സ്വന്തം നിലയിലാകും ഗ്രാമം ഏറ്റെടുക്കുക . എന്നാൽ ആരോഗ്യ, വിദ്യാഭ്യാസ സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനും റോഡുകൾ നിർമ്മിക്കുന്നതിനും കർഷകർക്കായി പദ്ധതികൾ ഒരുക്കുന്നതിനും സർക്കാരിന്റെ സഹായം തേടുമെന്നും നിവൃത്തി യാദവ് പറഞ്ഞു..
എച്ച്ബിപിപി ഗ്രാമം ദത്തെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് റാവത്ത് പറഞ്ഞു. എൻജിഒ പ്രതിനിധികൾ സൈന ഗ്രാമം സന്ദർശിച്ച് അവിടെ നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമത്തിൽ വികസന പ്രവർത്തനങ്ങൾ നടത്താനുള്ള എച്ച്ബിപിപിയുടെ നീകത്തെ പറ്റി അറിയിക്കാൻ ജില്ലാ മജിസ്ട്രേറ്റിന് കത്തെഴുതിയതായും റാവത്ത് പറഞ്ഞു.
കഴിഞ്ഞ 18 വർഷമായി എച്ച്ബിപിപി സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. 2013 ലെ കേദാർനാഥ് വെള്ളപ്പൊക്കത്തിൽ ഉത്തരാഖണ്ഡിലേക്ക് ദുരിതാശ്വാസ സാമഗ്രികളും സംഘടന അയച്ചിരുന്നു.
Discussion about this post