ലക്നൗ: ബ്രഹ്മോസ് മിസൈലിന്റെ നിർമ്മാണ യൂണിറ്റും, ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ ലാബും യുപിയിൽ ആരംഭിക്കുന്നു . ഉത്തർപ്രദേശിന്റെ വികസന ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ ഏടായിരിക്കും ബ്രഹ്മോസ് നിർമ്മാണ യൂണിറ്റെന്നാണ് റിപ്പോർട്ട് .
ഒരു രാജ്യത്തെയും ആക്രമിക്കാനല്ല ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ നിർമ്മിക്കാൻ ആഗ്രഹിക്കുന്നതെന്നും മറ്റൊരു രാജ്യത്തിന്റെയും ദുഷിച്ച കണ്ണ് ഇന്ത്യയിൽ വീഴാതിരിക്കാനാണെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. “ഞങ്ങൾ നിർമ്മിക്കുന്ന ബ്രഹ്മോസ് മിസൈലും മറ്റ് ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും മറ്റേതെങ്കിലും രാജ്യത്തെ ആക്രമിക്കാനുള്ളതല്ല. മറ്റേതെങ്കിലും രാജ്യത്തെ ആക്രമിക്കുകയോ ഏതെങ്കിലും രാജ്യത്തിന്റെ ഒരിഞ്ച് ഭൂമി പോലും തട്ടിയെടുക്കുകയോ ചെയ്യുന്നത് ഇന്ത്യയുടെ സ്വഭാവമായിരുന്നില്ല,” അദ്ദേഹം പറഞ്ഞു.
‘ ഞങ്ങൾ ഇന്ത്യൻ മണ്ണിൽ ബ്രഹ്മോസ് നിർമ്മിക്കാൻ ആഗ്രഹിക്കുന്നു, അതിനാൽ ഒരു രാജ്യത്തിനും ഇന്ത്യയുടെ നേരെ ദുഷിച്ച കണ്ണ് എറിയാനുള്ള ധൈര്യം ഉണ്ടാകില്ല,” അദ്ദേഹം പറഞ്ഞു . ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും, രാജ്നാഥ് സിംഗും ചേർന്നാണ് ഡിഫൻസ് ടെക്നോളജീസ് ആൻഡ് ടെസ്റ്റ് സെന്ററിന്റെയും ബ്രഹ്മോസ് നിർമ്മാണ കേന്ദ്രത്തിന്റെയും ശിലാസ്ഥാപന ചടങ്ങ് നടത്തിയത്.
“ഒരു അയൽ രാജ്യമുണ്ട്. ഇത് ഇന്ത്യയിൽ നിന്ന് വേർപിരിഞ്ഞത് കുറച്ച് കാലം മുമ്പാണ്. ഇന്ത്യയിലുള്ള ആ രാജ്യത്തിന്റെ ഉദ്ദേശ്യങ്ങൾ എപ്പോഴും മോശമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഉറിയിലും പുൽവാമയിലും തീവ്രവാദ പ്രവർത്തനങ്ങളും അവർ നടത്തി,” പാകിസ്താനെ പരാമർശിച്ച് പ്രതിരോധ മന്ത്രി പറഞ്ഞു. “ നമ്മുടെ പ്രധാനമന്ത്രി ഒരു തീരുമാനമെടുത്തു, ഞങ്ങൾ ആ രാജ്യത്തിന്റെ മണ്ണിൽ പോയി തീവ്രവാദികളുടെ ഒളിത്താവളങ്ങൾ തകർത്തു, വ്യോമാക്രമണം ആവശ്യമായി വന്നപ്പോൾ അത് വിജയകരമായി ചെയ്തു. ഇതാണ് ഇന്ത്യയുടെ ശക്തി, ‘ രാജ്നാഥ് സിംഗ് പറഞ്ഞു.
യുപിയിൽ ബ്രഹ്മോസ് മിസൈൽ നിർമ്മിക്കുമെന്നും ഇതിലൂടെ യുവാക്കൾക്ക് പുതിയ തൊഴിൽ മേഖല സൃഷ്ടിക്കുമെന്നുമാണ് യോഗി ആദിത്യനാഥ് പറഞ്ഞത് . രാജ്യത്തിന്റെ അഭിമാനകേന്ദ്രമായി യുപിയെ മാറ്റുകയാണ് ലക്ഷ്യമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
Discussion about this post