ന്യൂഡൽഹി : അതിർത്തിയിൽ ചൈനീസ് റോബോട്ടിക് സൈനികരെ വിന്യസിച്ചിരിക്കുന്നുവെന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് റിപ്പോർട്ട് . യഥാർത്ഥ നിയന്ത്രണ രേഖയിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ സുരക്ഷാ സൈനികരും ഇതുവരെ അതിർത്തിയിൽ തോക്കുകളുമായി ചൈനീസ് റോബോട്ടിക് സൈനികരെ കണ്ടിട്ടില്ലെന്ന് പറഞ്ഞതായി ഉന്നത സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.
ചൈന അവരുടെ സൈനികരെ അതിശൈത്യത്തിൽ നിന്ന് രക്ഷിക്കാൻ റോബോട്ടിക് സൈനികരെ വിന്യസിക്കുന്നുവെന്നായിരുന്നു റിപ്പോർട്ട് . എന്നാൽ “അതിർത്തിയിൽ ഇതുവരെ റോബോട്ടിക് സൈനികരെ ഞങ്ങൾ കണ്ടിട്ടില്ല, പക്ഷേ പീപ്പിൾസ് ലിബറേഷൻ ആർമി അങ്ങനെ ചെയ്യുന്നതാകും അവർക്ക് നല്ലത് , കാരണം കൊടും തണുപ്പ് അതിജീവിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ അവരുടെ സൈനികർക്ക് അവിടെ നിൽക്കാൻ കഴിയാത്ത അവസ്ഥയാണ് “ ഇന്ത്യൻ സൈനികർ പറയുന്നു.
അതിശൈത്യം കാരണം, ചൈന സൈന്യത്തിലെ 90 ശതമാനം സൈനികരെയും പിൻ വലിക്കേണ്ട അവസ്ഥയിലാണ് . ടിബറ്റ് സ്വയംഭരണ പ്രദേശത്തിന് പുറത്തുള്ള മറ്റ് പ്രദേശങ്ങളിൽ നിന്നും റിസർവ് സേനയിൽ നിന്നുമാണ് പുതിയ സൈനികരെ ചൈന കൊണ്ടുവന്നത് . കഴിഞ്ഞ വർഷത്തെ തണുപ്പ് ചൈനീസ് സേനയെ സാരമായി ബാധിച്ചിരുന്നു. ശൈത്യകാലത്ത് ചൈനീസ് സൈനികരിൽ പലർക്കും രോഗബാധ ഉണ്ടാകുകയും ചെയ്തു.
അതേസമയം ഇന്ത്യൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെ ലഡാക്ക് സെക്ടറിൽ നേരിട്ട് സന്ദർശനം നടത്തി . സ്ഥിതിഗതികൾ വിലയിരുത്തുകയും കരയിലുള്ള സേനയ്ക്ക് നിർദേശം നൽകുകയും ചെയ്യുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ചൈനയുമായുള്ള സൈനിക ചർച്ചകളിൽ സേനയുടെ നിലപാടിന് മാർഗനിർദേശം നൽകുകയും ചെയ്യുന്നുണ്ട്.
Discussion about this post