ശ്രീനഗർ : കനത്ത മഞ്ഞ് വീഴ്ച്ചക്കിടയിലും ഗർഭിണിയായ സ്ത്രീയെ സുരക്ഷിതമാക്കി ഇന്ത്യൻ സൈന്യം . അതിശൈത്യം വകവയ്ക്കാതെ അടിയന്തരമായി യുവതിയെ ഒഴിപ്പിച്ച് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ജമ്മു കശ്മീരിൽ ഘഗ്ഗർ ഹിൽ ഗ്രാമത്തിലെ ബോണിയാർ തഹസിൽ നിയന്ത്രണ രേഖയോട് ചേർന്നാണ് സംഭവം നടന്നത്.
ഗുരുതരമായ അവസ്ഥയിൽ കഴിയുന്ന ഗർഭിണി ആയ സ്ത്രീക്ക് അടിയന്തര വൈദ്യ സഹായം അഭ്യർത്ഥിച്ച് നാട്ടുകാരിൽ നിന്ന് ഇന്ത്യൻ ആർമി പോസ്റ്റിന് ഫോൺ കോൾ ലഭിച്ചിരുന്നു. തുടർന്ന്, കരസേനയുടെ മെഡിക്കൽ സംഘം സ്ഥലത്ത് എത്തി. കനത്ത മഞ്ഞു വീഴ്ച കാരണം ഗ്രാമത്തിലേക്ക് വാഹനങ്ങൾ മാറ്റുന്നത് ബുദ്ധിമുട്ടായിരുന്നു . തുടർന്ന് , സൈന്യം സ്ട്രെച്ചർ തയ്യാറാക്കി, രോഗിയെ സലാസൻ വരെ സ്ട്രെച്ചറിൽ കൊണ്ടു പോയി. തുടർന്ന്, അവിടെ ഉള്ള പബ്ലിക് ഹെൽത്ത് സെന്റർ ആംബുലൻസിലേക്ക് മാറ്റി.
കശ്മീരിന്റെ പല ഭാഗങ്ങളിലും മഞ്ഞുവീഴ്ച തുടർന്ന് കൊണ്ടിരിക്കുകയാണ്. കശ്മീരിലെ സമതലങ്ങളിൽ നേരിയതോ മിതമായതോ ആയ മഞ്ഞുവീഴ്ച രേഖപ്പെടുത്തിയപ്പോൾ, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വളരെ കനത്തതും, താഴ്വരയുടെ ഉയർന്ന ഭാഗങ്ങളിൽ മിതമായതും കനത്തതുമായ മഞ്ഞുവീഴ്ച രേഖപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ചിലയിടങ്ങളിൽ മഴയും ഉണ്ടായി.
പ്രതികൂല കാലാവസ്ഥ വ്യോമഗതാഗതത്തെ ബാധിച്ചതിനാൽകുറഞ്ഞത് 10 വിമാനങ്ങളെങ്കിലും റദ്ദാക്കിയിട്ടുണ്ട് . പലതും വൈകുകയും ചെയ്തു, താഴ്വരയിലെ മിക്ക സ്ഥലങ്ങളിലും രാത്രിയിലും മഞ്ഞുവീഴ്ച തുടരുന്നു. ശ്രീനഗറിലെ പലയിടത്തും ബ്രോഡ്ബാൻഡ്, ഫൈബർ ഇന്റർനെറ്റ് ലൈനുകളും വിച്ഛേദിക്കപ്പെട്ടു.
Discussion about this post