ന്യൂഡൽഹി : ഇന്ത്യയുടെ ബ്രഹ്മാസ്ത്രമായ ബ്രഹ്മോസ് മിസൈൽ വാങ്ങാനുള്ള കരാർ അംഗീകരിച്ച് ഫിലിപ്പീൻസ് . നാവികസേനയ്ക്കായാണ് 374.9 ദശലക്ഷം യുഎസ് ഡോളറിന്റെ ബ്രഹ്മോസ് എയ്റോസ്പേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ നിർദ്ദേശം ഫിലിപ്പീൻസ് അംഗീകരിച്ചത് . ഫിലിപ്പീൻസ് ദേശീയ പ്രതിരോധ വകുപ്പ് തന്നെയാണ് വിവരം ഇന്ത്യയെ രേഖാമൂലം അറിയിച്ചത്.
“ഇത് ഔദ്യോഗികമാണ്, ഫിലിപ്പീൻസിന് ഇന്ത്യയുടെ ബ്രഹ്മോസ് ലഭിക്കുന്നു”, കാലിഫോർണിയയിൽ നിന്നുള്ള പ്രതിരോധ ഗവേഷണ അനലിസ്റ്റ് ഡെറക് ജെ ഗ്രോസ്മാൻ ഈ വിവരം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു . തങ്ങളുടെ അറിയിപ്പിനുള്ള മറുപടി 10 ദിവസത്തിനകം ബ്രഹ്മോസ് എയ്റോസ്പേസ് നൽകണമെന്നും ഫിലിപ്പീൻസ് അധികൃതർ പറയുന്നു.
ഇന്ത്യൻ നാവികസേനയുടെ പുതുതായി കമ്മീഷൻ ചെയ്ത ഐഎൻഎസ് വിശാഖപട്ടണത്തിൽ നിന്ന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ കടലിലേക്ക് വിക്ഷേപിക്കാവുന്ന പരിഷ്കരിച്ച പതിപ്പിന്റെ പരീക്ഷണം വിജയകരമായതിന് പിന്നാലെയാണ് ഫിലിപ്പീൻസിന്റെ പുതിയ നീക്കം.
ഇന്ത്യയും റഷ്യയും ചേർന്നുള്ള സംയുക്ത സംരംഭമാണ് ബ്രഹ്മോസ്. ശക്തമായ ആക്രമണ ശേഷിയുള്ള മിസൈൽ സംവിധാനമായ ബ്രഹ്മോസ്, നേരത്തെ തന്നെ ഇന്ത്യൻ സായുധ സേനയുടെ ഭാഗമാണ്.
Discussion about this post