ശത്രുരാജ്യങ്ങൾ അതിർത്തികളിൽ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ പ്രതിരോധ ശേഷി കൂടുതൽ വർദ്ധിപ്പിക്കാനുള്ള നീക്കങ്ങളുമായി ഇന്ത്യ . ഇന്ത്യയുടെ ‘ബ്രഹ്മാസ്ത്ര’മായ എസ്-400 സംവിധാനം അടുത്ത വർഷത്തോടെ പൂർണമായി പ്രവർത്തനക്ഷമമാകും. എസ് 400 ന്റെ ആദ്യ യൂണിറ്റ് ഈ വർഷം ഏപ്രിലിൽ വിന്യസിക്കും, മറ്റ് 4 എണ്ണം അടുത്ത വർഷത്തോടെ പ്രവർത്തനക്ഷമമാകും. 40 കിലോമീറ്റർ മുതൽ 400 കിലോമീറ്റർ വരെ അകലെയുള്ള ശത്രുവിമാനങ്ങളെയോ മിസൈലുകളെയോ തകർക്കാനുള്ള ശേഷി ഈ ശക്തമായ സംവിധാനത്തിനുണ്ട് . അതുകൊണ്ട് തന്നെ ഇന്ത്യൻ പ്രതിരോധ നിരയ്ക്ക് കൂടുതൽ കരുത്തേകുന്നതാണ് എസ് 400 എന്നതിൽ സംശയമില്ല .
അത്യാധുനിക ഭൂതല മിസൈൽ പ്രതിരോധ സംവിധാനം വിന്യസിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നിലവിൽ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. ചൈനയുടെ ഭാഗത്ത് നിന്ന് സാധ്യമായ ഏത് ഭീഷണിയും ആക്രമണവും നേരിടാൻ സജ്ജമായാണ് അഞ്ച് യൂണിറ്റുകളും വിന്യസിക്കുക
5 ബില്യൺ ഡോളറിന്റെ ഇടപാടിലൂടെ റഷ്യയിൽ നിന്ന് എസ്-400 സിസ്റ്റം ഇതിനകം വാങ്ങിയിട്ടുണ്ട് . 2018 ഒക്ടോബറിലാണ് ഇതിനുള്ള കരാർ ഇരു രാജ്യങ്ങളും ഒപ്പ് വച്ചത് . കിഴക്കൻ ലഡാക്കിൽ ചൈനയുമായി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ പ്രതിരോധം ശക്തമാക്കുന്നത്. വൻതോതിൽ സൈനികരെയും, ആയുധങ്ങളെയും അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്. ഡെംചോക്കിന്റെ മറുവശത്തും അരുണാചൽ പ്രദേശിന് സമീപവും ചൈന എസ്-400 സംവിധാനം വിന്യസിച്ചിട്ടുണ്ടെന്നാണ് സൂചന.
ഇന്ത്യയ്ക്ക് കൈമാറാനുള്ള, ശേഷിക്കുന്ന എസ് -400 യൂണിറ്റുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. നിർമാണം നടന്നുകൊണ്ടിരിക്കുന്ന എസ്–400 വിവിധ പരീക്ഷണങ്ങൾക്ക് വിധേയമാക്കുന്നുണ്ട്. ഇന്ത്യൻ ആവശ്യങ്ങൾക്കനുസൃതമായി സമതലങ്ങളിലും മരുഭൂമികളിലും പർവതപ്രദേശങ്ങളിലും പ്രവർത്തിക്കാനുള്ള ശേഷിയും പരീക്ഷിക്കുന്നുണ്ട്. ഉയർന്ന പൊടിയും വിവിധ കാലാവസ്ഥയെയും നേരിടാനുള്ള കഴിവുകളും പരീക്ഷണങ്ങളിൽ ഉൾപ്പെടുന്നു.
Discussion about this post