ഒരു 9 എം.എം പിസ്റ്റൾ ഉപയോഗിച്ച് ലക്ഷ്യത്തിലേക്ക് രണ്ട് മിനുട്ടു കൊണ്ട് അഞ്ച് റൗണ്ട്.. തലയ്ക്ക് മുകളിൽ വച്ച ആപ്പിളിനു നേരെ 75 വാര അകലെ നിന്ന് എകെ 47 ഉപയോഗിച്ച് കൃത്യമായ ഷൂട്ടിംഗ്. ബ്രൂസിലിയുടെ ജീത് കുൻ ഡോ കായികാഭ്യാസം പരിശീലിപ്പിക്കുന്ന ലോകത്തിലെ പത്തുപേരിൽ ഒരാൾ. പ്രതിഫലമില്ലാതെ ഇരുപതിനായിരം സൈനികർക്ക് കമാൻഡോ പരിശീലനം നൽകിയ പുലിക്കുട്ടി. ഇന്ത്യയുടെ അഭിമാനം .. രാജ്യത്തെ ആദ്യ വനിത കമാൻഡോ ട്രെയിനർ — ഡോ: സീമ റാവു.
സ്വാതന്ത്ര്യ സമര സേനാനി പ്രൊഫസർ രമാകാന്ത് സിനാരിയുടെ മകൾ കുട്ടിക്കാലത്ത് കേട്ടതെല്ലാം ഇന്ത്യൻ സമര പോരാളികളുടെ വീരോജ്ജ്വലമായ ചരിത്രങ്ങളായിരുന്നു. പൈതൃകമായി തന്നെ കിട്ടിയ രാജ്യസ്നേഹവും ദേശാഭിമാന ബോധവും അവരെ എത്തിച്ചത് ഒരു പക്ഷേ ഇന്ത്യയിലെ മറ്റൊരു സ്ത്രീക്കും എത്താൻ കഴിയാത്ത ഉയരങ്ങളിലാണ്. ഇന്ത്യയുടെ ആദ്യത്തെ വനിത കമാൻഡോ ട്രെയിനർ. ഒരു പക്ഷേ രാജ്യത്തെ ഏക വനിത കമാൻഡോ ട്രെയിനർ.
തന്നേക്കാൾ ശരീരഭാരവും വലിപ്പവുമുള്ള പുരുഷന്മാരെ നേരിട്ടുള്ള ഫൈറ്റിൽ തകർത്ത് തരിപ്പണമാക്കാൻ കഴിയുന്ന അഭ്യാസ മികവ്. ആയുധങ്ങൾ പ്രയോഗിക്കുന്നതിൽ അസാമാന്യമായ മിടുക്ക്..ഒരിക്കലും പിഴക്കാത്ത ഉന്നം.. അക്ഷരാർത്ഥത്തിൽ പെൺപുലി തന്നെയാണ് ഡോ. സീമ റാവു.
മാർഷ്യൽ ആർട്സ് ട്രെയിനറായ ഭർത്താവ് ദീപക് റാവുവാണ് സീമയെ ട്രെയിനിംഗ് രംഗത്തേക്ക് എത്തിച്ചത്. രാജ്യത്തിനായി ആവുന്നത് ചെയ്യുക എന്ന ലളിതമായ ലക്ഷ്യം മാത്രമായിരുന്നു തങ്ങളുടെ മുന്നിലുണ്ടായിരുന്നതെന്ന് അവർ വിശേഷിപ്പിക്കുമ്പോഴും കാര്യങ്ങൾ അങ്ങനെയല്ല എന്ന് ആ ജീവിത കഥ തെളിയിക്കുന്നു.1990 തങ്ങളെ ആക്രമിച്ച ക്രിമിനലുകളെ ഒറ്റയ്ക്ക് നേരിടാൻ ഭർത്താവ് തന്നോട് നിർദ്ദേശിച്ചത് സീമ ഇപ്പോഴും ഓർക്കുന്നു. മിനിറ്റുകൾക്കുള്ളിൽത്തന്നെ അക്രമികൾ നിലം പരിശായി. പിന്നെ ഭർത്താവിനൊപ്പം സൈനികരെ പരിശീലിപ്പിക്കാൻ സീമ റാവും പോയിത്തുടങ്ങി. സീമയുടെ പരിശീലനത്തിലുള്ള വൈദഗ്ദ്ധ്യം കണ്ടറിഞ്ഞ് സൈന്യം അവരെ പ്രത്യേകം വിളിക്കാൻ തുടങ്ങി. ആദ്യമൊക്കെ ഇവർക്കതിനു കഴിയുമോ എന്ന് അത്ഭുതത്തോടെ കണ്ടിരുന്ന സൈനികരുടെ ഉള്ളിൽ പതിയെപ്പതിയെ വിശ്വാസവും ബഹുമാനവുമുണ്ടാക്കാൻ സീമയുടെ കരുത്തിനും അഭ്യാസമികവിനും സാധിച്ചു. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഇരുപതു വർഷത്തോളം നീളുന്ന സൈനിക പരിശീലക കരിയറിൽ ഇരുപതിനായിരത്തിലധികം കമാൻഡോകളെ അവർ പരിശീലിപ്പിച്ചു. ഒരിക്കൽ പോലും പ്രതിഫലം വാങ്ങിയില്ല.
ഇന്ത്യയുടെ സ്പെഷ്യൽ ഫോഴ്സുകളായ ഗരുഡ് , മാർകോസ് , എൻ.എസ്.ജി തുടങ്ങിയവയൊക്കെ സീമയുടെ ട്രെയിനിംഗ് നേടിയിട്ടുള്ളവരാണ്. പതിനാറു സംസ്ഥാനങ്ങളിലെ പൊലീസ് സേനകൾക്കും സീമ പരിശീലനം നൽകിയിട്ടുണ്ട്. നേരിട്ടുള്ള യുദ്ധത്തിൽ അഗ്രഗണ്യയായ പരിശീലകയാണവർ. മിലിട്ടറി ആയോധന കലയിൽ 7ത് ഡിഗ്രി ബ്ലാക്ക് ബെൽറ്റ്. ഫയർ ഫൈറ്റർ , സ്കൂബ ഡൈവർ സീമ റാവു സ്പെഷ്യലൈസ് ചെയ്യാത്ത അഭ്യാസ മേഖലകളില്ല എന്നു തന്നെ പറയാം.
പരിശീലനങ്ങൾക്കിടയിൽ സാരമായ പരിക്കുകളേറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്. വീടും സ്ഥലവും വിറ്റ് ജീവിതം മുന്നോട്ട് നയിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ ഒരിക്കൽ പോലും ഇന്ത്യൻ സൈന്യത്തോടും ഇന്ത്യയോടൂമുള്ള സ്വയം തെരഞ്ഞെടുത്ത കടമയിൽ നിന്ന് അവർ പിൻവാങ്ങിയില്ല. എത്ര കഷ്ടപ്പാടനുഭവിച്ചാലും പരിശീലനത്തിന്റെ പേരിൽ ഒരു പ്രതിഫലവും വാങ്ങുകയില്ലെന്ന ഉറച്ച തീരുമാനം അവർ നടപ്പാക്കി. 2019 ൽ പരമോന്നത വനിത പുരസ്കാരമായ നാരീ ശക്തി പുരസ്കാരം നൽകി രാജ്യം അവരെ ആദരിച്ചു. പ്രായം അൻപതിനോടടുത്തെങ്കിലും ഇന്നും കായികാഭ്യാസ മേഖലയിൽ സജീവമാണ് സീമ. മകൾ നടത്തുന്ന ബോക്സിംഗ് പരിശീലന കേന്ദ്രത്തിൽ കർക്കശക്കാരിയായ പരിശീലകയായി തുടരുകയാണ് ഇപ്പോൾ. ഇന്നും സീമാ റാവുവിനോട് നേരിട്ടേറ്റു മുട്ടി ജയിക്കാൻ അവിടെ ആർക്കും കഴിയാറില്ല.
സൈനികാഭ്യാസവുമായി ബന്ധപ്പെട്ട് ലോക പ്രശസ്തമായ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് സീമ റാവു. എൻസൈക്ലോപീഡിയ ഓഫ് ക്ലോസ് കോംബാറ്റ് ഓപ്പറേഷൻ, എ കോമ്പ്രിഹെൻസീവ് അനാലിസിസ് ഓഫ് വേൾഡ് ടെററിസം തുടങ്ങിയ പുസ്തകങ്ങൾ അവരുടേതാണ്. നിരവധി രാജ്യാന്തര പുരസ്കാരങ്ങളും സൈനിക മെഡലുകളും സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റവും സന്തോഷം നൽകുന്ന ബഹുമതി എന്തെന്ന് ചോദിച്ചാൽ സീമയ്ക്ക് അന്നും ഇന്നും ഒറ്റ ഉത്തരമേയുള്ളൂ..ഇന്ത്യൻ സൈനികർക്ക് പരിശീലനം നൽകാൻ കഴിയുന്നത്.. അതാണേറ്റവും സംതൃപ്തി നൽകുന്നതും..
പ്രായം ഒട്ടും തളർത്താത്ത ആ പോരാട്ട വീര്യത്തിന്, ദേശാഭിമാന പ്രചോദിതമായ ആ ജീവിതത്തിന് , ഇന്ത്യൻ ജനതയുടെ ഹൃദയത്തിൽ തൊട്ടൊരു സല്യൂട്ട്
Discussion about this post