ബോംബുകൾ ശരീരത്തിൽ ഘടിപ്പിച്ച ചാവേറുകളെ നേരിടൽ ഏത് സായുധ സേനയ്ക്കും പ്രതിസന്ധി സൃഷ്ടിക്കുന്ന ഒരു സാഹചര്യമാണ്. അതുപോലെ തന്നെയാണ് വലിയ വീടുകളിൽ മറഞ്ഞിരിക്കുന്ന ഭീകരരും. കൊല്ലപ്പെടുന്നതിനു മുൻപ് പരമാവധി നാശനഷ്ടം വരുത്തുക എന്ന ലക്ഷ്യത്തോടെ ആക്രമിക്കാനെത്തുന്ന ഇവർ സുരക്ഷ സൈനികരുടെ വിലപ്പെട്ട ജീവൻ അപകടത്തിലാക്കുന്നു.
ഇത് മുന്നിൽ കണ്ട് ഭീകരരെ നേരിടാൻ റോബോട്ട് മോഡലിൽ ഉള്ള ആയുധങ്ങളുടെ പണിപ്പുരയിലാണ് കാലങ്ങളായി ശാസ്ത്രലോകം. ഇന്ത്യയിലും ഇത് സംബന്ധിച്ച പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. അത്തരമൊരു പരീക്ഷണത്തിന്റെ ഭാഗമായി പിറവിയെടുത്ത ഒരു ആളില്ല വാഹനമാണ് ശൂരൻ. ഈ വർഷത്തെ ഡിഫൻസ് എക്സ്പോയിൽ താരമായിരുന്നു ഇവൻ. ഡിഫൻസ് മാസ്റ്റർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയാണ് ശൂരന്റെ നിർമ്മാതാക്കൾ.
വ്യത്യസ്തമായ യുദ്ധമുഖങ്ങളിൽ പോരാടാൻ കഴിവുള്ള ശൂരൻ റിമോട്ട് കണ്ട്രോളിലാണ് പ്രവർത്തിക്കുന്നത്. പെട്രോൾ എഞ്ചിനാണ് ശൂരനെ നയിക്കുന്നത്. പവർ ബാക്കപ്പ് സംവിധാനവുമുണ്ട്. മൊബൈൽ ഉപയോഗിച്ചോ പ്രത്യേക കൺട്രോൾ സ്റ്റേഷൻ വഴിയോ ശൂരനെ പ്രവർത്തിപ്പിക്കാൻ കഴിയും. ഇനി അതല്ല സ്വയം നിയന്ത്രണം വഴി പ്രവർത്തിക്കണമെങ്കിൽ അതും ചെയ്യും. ശൂരനിൽ ഉറപ്പിച്ചിരിക്കുന്ന മെഷീൻ ഗണ്ണും വേണമെങ്കിൽ റിമോട്ടായി പ്രവർത്തിക്കാൻ കഴിയുന്നതാണ്.
ഏത് യുദ്ധ മേഘലയിലും വിന്യസിക്കാൻ കഴിയുന്ന ശൂരനിൽ ഉപയോഗിക്കുന്നത് നിവാത എന്ന നിർമ്മിത ബുദ്ധിയാണ്. അത്യാധുനിക സെൻസറുകളും പ്രോസസറുകളും ദീർഘദൂര ക്യാമറകളും ശൂരനിൽ ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യൻ സൈന്യത്തിന്റെ എല്ലാ ആവശ്യങ്ങൾക്കുമനുസരിച്ച് ശൂരനെ ഇനിയും ആധുനികമാക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഡിഫൻസ് എക്സ്പോയിൽ പങ്കെടുത്ത മുഖ്യ സെനാ മേധാവി ജനറൽ ബിപിൻ റാവത്ത് കമ്പനിയിലെ വിദഗ്ദ്ധരുമായി ഒരു വട്ടം ചർച്ച നടത്തിക്കഴിഞ്ഞു. ആളില്ലാ ചെറു വാഹനങ്ങൾ നിലവിൽ മൈനുകളും സ്ഫോടക വസ്തുക്കളുമൊക്കെ കണ്ടുപിടിക്കാൻ ഉപയോഗിക്കുന്നുണ്ട്. എന്നാൽ യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കുന്ന ആളില്ലാ യന്ത്രങ്ങൾ ഇതുവരെ പൂർണമായും പ്രവർത്തനക്ഷമമായിട്ടില്ല.
തുടർചർച്ചകൾക്കും പരീക്ഷണങ്ങൾക്കും ശേഷം ശൂരന്റെ പ്രോജക്ട് നടപ്പാക്കാൻ ഇന്ത്യൻ സൈന്യം തീരുമാനിച്ചാൽ അത് വിപ്ലവകരമായ മാറ്റമാകും വരുത്തുക.അതെ .. ഹോളിവുഡ് സിനിമകളിൽ കാണുന്നതു പോലെ ഇനി ഇന്ത്യക്ക് വേണ്ടി യുദ്ധം ചെയ്യാൻ യന്ത്ര മനുഷ്യൻ വരും . അടർക്കളത്തിൽ യന്ത്രമനുഷ്യർ ഏറ്റുമുട്ടുന്നത് നമുക്ക് കാണാൻ സാധിക്കും.
Discussion about this post