ശ്രീനഗർ : ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടൽ. ബാരാമുള്ളയിലെ സോപോറിൽ നടന്ന ഏറ്റുമുട്ടലിൽ ജെയ്ഷെ മുഹമ്മദ് കമാൻഡർ സജ്ജാദ് നവാബ് ദറിനെ സൈന്യം വധിച്ചു. രാഷ്ട്രീയ റൈഫിൾസും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് സജ്ജാദ് കൊല്ലപ്പെട്ടത്.
ഭീകരർ ഒളിച്ചിരിക്കുന്ന വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യം സ്ഥലത്തെത്തി തിരിച്ചിൽ ആരംഭിക്കുകയായിരുന്നു. പ്രദേശത്തെ ഒരു വീട്ടിലായിരുന്നു ഭീകരർ ഒളിച്ചിരുന്നത്. നിരന്തരം ആവശ്യപ്പെട്ടിട്ടും ഇവർ കീഴടങ്ങാത്തതിനെ തുടർന്ന് സൈന്യം വെടിയുതിർക്കുകയായിരുന്നു. സജ്ജാദിനൊപ്പമുണ്ടായിരുന്ന ഭീകരർ രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്.
പ്രദേശത്ത് സൈന്യം തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ മൂന്നു വർഷമായി ജെയ്ഷെ മുഹമ്മദിന്റെ കമാൻഡറാണ് സജ്ജാദ്. ഇയാളുടെ അർദ്ധ സഹോദരനും ജെയ്ഷെ ഭീകരനായിരുന്നു. കഴിഞ്ഞ വർഷം നടന്ന ഏറ്റുമുട്ടലിൽ ഇയാളെ സൈന്യം വധിച്ചിരുന്നു. വടക്കൻ കശ്മീരിൽ യുവാക്കളെ ഭീകര പ്രവർത്തനത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ ഇയാൾക്ക് നിർണായക പങ്കുണ്ട്. നിരവധി കേസുകളും ഇയാളുടെ പേരിലുണ്ട്.
Discussion about this post