സ്വാതന്ത്ര്യാനന്തരം ഇന്ത്യക്ക് യുദ്ധം ചെയ്യേണ്ടി വന്ന രണ്ടു രാജ്യങ്ങൾ പാകിസ്താനും ചൈനയുമാണ്. പാകിസ്താനുമായി നാല് പ്രാവശ്യവും ചൈനയുമായി ഒരു പ്രാവശ്യവുമാണ് ഇന്ത്യക്ക് എറ്റുമുട്ടേണ്ടി വന്നത്. 1948, 1965, 1971, 1999 എന്നീ വർഷങ്ങളിൽ പാകിസ്താനുമായും 1962 ൽ ചൈനയുമായും ഇന്ത്യക്ക് എറ്റുമുട്ടേണ്ടി വന്നു. പ്രതിരോധ രംഗത്ത് ആധുനിക ആയുധങ്ങൾ വേണമെന്ന് ഇന്ത്യക്ക് ചിന്തിക്കേണ്ടി വന്നതും ഈ യുദ്ധങ്ങൾ മൂലമാണ്.
നിലവിൽ അണ്വായുധ ത്രയം പൂർത്തിയാക്കിയ അപൂർവ്വ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. കടൽ , കര, ആകാശം എന്നിവിടങ്ങളിൽ നിന്ന് അണ്വായുധം വിക്ഷേപിക്കാനുള്ള കഴിവാണ് അണ്വായുധ ത്രയം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. നിലവിൽ ശക്തമായ അണ്വായുധ ത്രയമുള്ളത് അമേരിക്കയ്ക്കും റഷ്യക്കുമാണ്. ചൈനയും ഇന്ത്യയും ഫ്രാൻസും ഈ സംവിധാനമുള്ള രാജ്യങ്ങളാണ്.
ആകാശമാർഗ്ഗമുള്ള അണ്വായുധ വിക്ഷേപണത്തിന് ഇന്ത്യ ഉപയോഗിക്കുന്നത് യുദ്ധ വിമാനങ്ങളായ ജഗ്വാറും മിറാഷ് 2000 ആണ്. പുൽവാമയ്ക്ക് ബദലായി ബാലാകോട്ട് പറന്നെത്തി തിരിച്ചടി നൽകിയ ഇന്ത്യൻ പോർവിമാനമാണ് മിറാഷ്. അന്ന് അണ്വായുധം ഇന്ത്യ ഉപയോഗിച്ചില്ലെങ്കിലും മിറാഷിന് അണ്വായുധ വിക്ഷേപണത്തിനു കഴിവുണ്ടെന്ന് പരസ്യമായ രഹസ്യമാണ്.
കരമാർഗ്ഗം അണ്വായുധം വിക്ഷേപിക്കാൻ ഇന്ത്യക്കുള്ളത് അഗ്നി സീരീസിൽ പെട്ട മിസൈലുകളാണ്. അഗ്നി 4, അഗ്നി 5 എന്നിവ പരീക്ഷണ ഘട്ടത്തിലാണെങ്കിലും അഗ്നി മൂന്നു കൊണ്ട് തന്നെ പാകിസ്താന്റെ പ്രധാന ഭാഗങ്ങളും ചൈനയുടെ ഷാങ്ഹായും തകർക്കാൻ ഇന്ത്യക്ക് കഴിയും. ഹ്രസ്വദൂര മിസൈലാണെങ്കിലും ഇന്ത്യയുടെ ബ്രഹ്മോസ് ഹൈപ്പർ സോണിക് മിസൈലും ഭാവിയിൽ അണ്വായുധം വഹിക്കാൻ ശേഷിയുള്ളതാക്കാനുള്ള പരീക്ഷണ ഘട്ടത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്.
റഷ്യയുടെ പിന്തുണയോടെ അന്തർവാഹിനികളിൽ നിന്ന് അണ്വായുധം വിക്ഷേപിക്കാനുള്ള സാങ്കേതിക ജ്ഞാനം ഇന്ത്യ സ്വായത്തമാക്കിയിട്ടുണ്ടെന്നാണ് അമേരിക്കൻ ചാര സംഘടനയായ സി.ഐ.എ പോലും വ്യക്തമാക്കുന്നത്. ആയിരം കിലോമീറ്ററിൽ താഴെയാണ് ദൂരപരിധിയെങ്കിലും കടലിൽ നിന്നും ശക്തമായ അണ്വായുധ ഭീഷണി ഉയർത്താൻ ഇന്ത്യക്ക് കഴിയുമെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post