റിട്ടയേഡ് ലെഫ്റ്റനന്റ് കേണൽ കർണെയ്ൽ സിംഗ് ബാലിന്റെയും രമീന്ദർ കൗറിന്റെയും മകൻ നവ്ജോത് സിംഗ് ബാൽ സൈന്യത്തിൽ ചേരുകയെന്ന സ്വപ്നം സാക്ഷാത്കരിച്ചത് 1998 ലാണ്. 2002 ൽ മറ്റൊരു സ്വപ്നം കൂടി ആ യുവാവ് സത്യമാക്കി മാറ്റി. ഇന്ത്യയുടെ അഭിമാനമായ പാരാ സ്പെഷ്യൽ ഫോഴ്സിൽ അംഗമാകുകയെന്ന ചിരകാല സ്വപ്നം.
2007 ൽ കശ്മീരിലെ ലോലാബ് മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് കൊടും ഭീകരരെ നവജോതും അദ്ദേഹത്തിന്റെ സഹസൈനികനും കൂടി നേരിട്ടുള്ള ഏറ്റുമുട്ടലിൽ ഇല്ലാതാക്കി. ഈ ധീരതയ്ക്ക് സമാധാന കാലത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബഹുമതിയായ ശൗര്യ ചക്രയ്ക്ക് അദ്ദേഹം അർഹനായി. നിരവധി പാരാ എസ്.എഫ് ഓപ്പറേഷനിൽ പങ്കെടുക്കാൻ കഴിഞ്ഞ ആ യുവാവ് രണ്ടാം പാരാ എസ് എഫ് ബറ്റാലിയന്റെ കമാൻഡിംഗ് ഓഫീസർ ആയി.
പാരാ എസ്.എഫ്. സൈനികന് എന്നും കടന്നു പോകേണ്ടുന്ന കഠിന പരിശീലനത്തിനിടയിലാണ് വലതു കയ്യിൽ ഒരു മാംസവളർച്ച അദ്ദേഹം കണ്ടെത്തുന്നത്. തുടർന്ന് നടന്ന പരിശോധനയിലൂടെ അദ്ദേഹത്തിന്റെ രോഗം തിരിച്ചറിഞ്ഞു. വളരെ കുറച്ചു പേർക്ക് മാത്രം വരുന്ന അപൂർവ്വ ക്യാൻസർ.
കീമോ കാലത്ത് ശ്വസിക്കാൻ ബുദ്ധിമുട്ടുള്ളപ്പോൾ പോലും അസാമാന്യനായ പോരാളിയായിരുന്നു കേണൽ നവജ്യോത്. ക്യാൻസറെന്ന കൊടും ഭീകരനോട് അപ്പോഴും അദ്ദേഹം പോരാട്ടം തുടർന്നു. ആ കാലത്താണ് അദ്ദേഹം ഹാഫ് മാരത്തൺ – 21 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കിയത്.
വലതു കൈ മുറിക്കേണ്ടിവരുമെന്ന് മനസ്സിലാക്കിയ ആ സൈനികൻ തുടക്കം മുതൽ തന്നെ ഇടതു കൈ കൊണ്ട് എല്ലാ കാര്യങ്ങളും നിർവ്വഹിച്ചു തുടങ്ങിയെന്ന് സഹപ്രവർത്തകർ ഓർമ്മിക്കുന്നു. ഇടതു കൈ കൊണ്ട് ഷൂ ലേസ് കെട്ടൽ , ഇടതു കൈകൊണ്ട് ഒപ്പിടൽ എല്ലാം സ്വായത്തമാക്കി. ഇടതു കൈകൊണ്ട് ഷൂട്ടിംഗ് പരിശീലനവും നടത്തി. കൃത്യമായി ലക്ഷ്യം ഭേദിക്കാനും ആ സൈനികൻ പഠിച്ചു. ഏത് പ്രതിസന്ധി ഘട്ടത്തേയും നേരിടാൻ പരിശീലിച്ച ഇന്ത്യൻ പാരാ എസ്.എഫ് കമാൻഡോയ്ക്ക് ഭീകരരേക്കാൾ വലുതായിരുന്നില്ല ക്യാൻസറും.
വലതു കൈ മുറിച്ചു മാറ്റിയിട്ടും യുദ്ധം തുടർന്ന ക്യാൻസർ അദ്ദേഹത്തിന്റെ കരളിനേയും ശ്വാസകോശത്തെയും ബാധിച്ചു, അങ്ങനെ കഴിഞ്ഞ ഏപ്രിലിൽ ഔദ്യോഗിക ചുമതലകളിൽ നിന്ന് വിടവാങ്ങി. തുടർന്ന് കടുത്ത വേദനയ്ക്കിടയിലും പോരാളിയുടെ മനസ്സോടെ മുന്നോട്ടു പോയി. തന്റെ ജീവിതത്തിൽ ഇതുവരെ ഇങ്ങനെയൊരു പേഷ്യന്റിനെ കണ്ടിട്ടില്ലായെന്നായിരുന്നു നവജ്യോതിനെ ചികിത്സിച്ച ഡോക്ടർ പറഞ്ഞത്.
ഒടുവിൽ അവസാന ശ്വാസം വരെ പോരാടി ആ ധീരൻ രോഗത്തിനു കീഴടങ്ങി. കീഴടങ്ങുക എന്ന പദം ഒരു പാരാ എസ്.എഫ്. കമാൻഡോയുടെ നിഘണ്ഡുവിലില്ലാത്തതിനാൽ രോഗത്തോട് പോരാടി മരിച്ചു എന്നു തന്നെ പറയണം. മരിക്കുന്നതിനു തൊട്ടു മുൻപുള്ള ദിവസം അദ്ദേഹം പോസ്റ്റ് ചെയ്ത ആശുപത്രിക്കിടയ്ക്കയിൽ നിന്നുള്ള സെൽഫി അതിനു തെളിവാണ്..
പ്രിയ സൈനികന് ഹൃദയത്തിൽ നിന്നൊരു സല്യൂട്ട് !
Discussion about this post