കാബൂൾ : അഫ്ഗാനിസ്ഥാനിലെ നംഗർഹാറിൽ താലിബാൻ ഭീകര കേന്ദ്രം അഫ്ഗാൻ സൈന്യം തകർത്തു. കനത്ത പോരാട്ടത്തിലൂടെയാണ് താലിബാൻ ഭീകരകേന്ദ്രം സൈന്യം തകർത്തത്. പതിനഞ്ച് ഭീകരർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഒരാളെ സൈന്യം പിടികൂടിയിട്ടുണ്ട്. അഞ്ച് സൈനികരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
ഏറ്റുമുട്ടൽ അവസാനിച്ചതിനു ശേഷം താലിബാൻ കേന്ദ്രത്തിലെത്തി ഭീകരരെ തിരിച്ചറിഞ്ഞ അഫ്ഗാൻ സൈന്യത്തിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. കൊല്ലപ്പെട്ടവരിൽ അഞ്ച് പേർ മാത്രമായിരുന്നു താലിബാൻ ഭീകരർ. ബാക്കി പത്തുപേരും ജെയ്ഷെ മുഹമ്മദ് ഭീകരരായിരുന്നു. പിടിക്കപ്പെട്ട ഭീകരനും ജെയ്ഷെ മുഹമ്മദ് അംഗമാണ്.
അഫ്ഗാൻ താലിബാന് പാക് പിന്തുണയുണ്ടെന്നത് നേരത്തെ തന്നെ തെളിഞ്ഞതാണ്. ഇത് സംബന്ധിച്ച് അഫ്ഗാനിസ്താനും പാകിസ്താനും തമ്മിൽ നയപരമായ സംഘർഷം പതിവായിരുന്നു. എന്നാൽ ഇന്ത്യക്കെതിരെ യുദ്ധം ചെയ്യൽ ലക്ഷ്യമിട്ട് അഫ്ഗാൻ താലിബാനൊപ്പം ജെയ്ഷെ മുഹമ്മദ് ഭീകരരും പരിശീലനം നടത്തുന്നുവെന്നത് ഇന്ത്യയെ സംബന്ധിച്ച് ഗൗരവതരമാണ്
നംഗർഹാറിൽ അഫ്ഗാൻ താലിബാൻ ക്യാമ്പുകൾക്കൊപ്പം മൂന്ന് ജെയ്ഷെ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ നൂറിലധികം ഭീകരരും പരിശീലകരും ഉണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ അതിർത്തിയിൽ പാക് അധീന കശ്മീരിനു സമീപമുള്ള ലോഞ്ച് പാഡുകളുടേയും അതിർത്തി പ്രദേശങ്ങളുടേയും മാതൃകകളുടെ നിർമ്മാണവും പിടിച്ചെടുത്ത പരിശീലന കേന്ദ്രത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
അഫ്ഗാനിസ്താനിൽ നിന്ന് അമേരിക്ക പിൻവാങ്ങുന്നതോടെ ഇന്ത്യയെ സംബന്ധിച്ച് ഭീഷണി വർദ്ധിക്കുകയാണ്. പാക് ഐ.എസ്.ഐയുടെ പിന്തുണയോടെ പ്രവർത്തിച്ചു വന്നിരുന്ന താലിബാൻ അനുകൂല ഘടകങ്ങൾ പ്രവർത്തനം പാക് അധീന കശ്മീരിലേക്ക് മാറ്റുമെന്നത് ഉറപ്പാണ്. ഹഖാനി ശൃംഖലയും പാക് അധീന കശ്മീരിൽ നിന്നുള്ള ഭീകരരും കശ്മീരിലേക്ക് നോട്ടമിടുമ്പോൾ ഇന്ത്യൻ സുരക്ഷ ഏജൻസിക്കും സൈന്യത്തിനും ഇനി തിരക്കുള്ള നാളുകളായിരിക്കും.
അതേസമയം ഐഎസ് ഭീകരർ താവളമടിച്ചിരിക്കുന്ന പ്രദേശമാണ് നംഗർ ഹാറെന്നത് ചിന്തിപ്പിക്കുന്ന മറ്റൊരു വസ്തുതയാണ്. ഐഎസിന്റെ പ്രഭാവം അസ്തമിച്ചതോടെ ഇവർ ജെയ്ഷെ മുഹമ്മദിലേക്കോ പാക് താലിബാനിലേക്കോ ചേക്കേറാനാണ് സാദ്ധ്യത. കേരളത്തിൽ നിന്ന് ഐഎസിലെത്തിയ ഭീകരരും നംഗർഹാറിലാണ് ഉണ്ടായിരുന്നത്.
ഇന്ത്യക്കെതിരെ ഏത് ഭീകര സംഘടനകളേയും അണിനിരത്താൻ ശ്രമിക്കുന്ന ഐ.എസ്.ഐ ഇനി അഫ്ഗാനിൽ കൂടി യുദ്ധമുഖം തുറക്കുമെന്നതിൽ സംശയമില്ല. ഇത് കണക്കുകൂട്ടി സുരക്ഷ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും സൈനിക നിയന്ത്രണം കർശനമാക്കാനുമായിരിക്കും ഇന്ത്യ ശ്രമിക്കുക.
Discussion about this post