2014 ഏപ്രിൽ 12 ന് മുപ്പത്തിയൊന്നാമത്തെ ജന്മദിനത്തിനായിരുന്നു മേജർ മുകുന്ദ് വരദരാജൻ അച്ഛനെ വിളിച്ചു രഹസ്യമായി പറഞ്ഞത്. ഒരാഴ്ച്ചയ്ക്കകം പത്തു ദിവസത്തേക്ക് ലീവിനു വരുന്നുണ്ട്. ആരോടും പറയേണ്ട. അപ്പാ മാത്രം അറിഞ്ഞാൽ മതി..ഇന്ദുവിനും അമ്മയ്ക്കും ഒരു സർപ്രൈസ് ആയിക്കോട്ടെ..
പതിനാലാമത്തെ ദിവസം മേജർ മുകുന്ദ് വരദരാജൻ വീട്ടിലെത്തി. ദേശീയപതാക പുതച്ച് മുകുന്ദ് വരദരാജൻ അമർ രഹേ എന്ന മുദ്രാവാക്യങ്ങൾക്കിടയിലൂടെ.. ആർഷിയയെ നോക്കി കണ്ണിറുക്കാതെ.. ഇന്ദുവിനെ ചേർത്ത് പിടിക്കാതെ . അച്ഛനുമമ്മയ്ക്കും നുണക്കുഴി തെളിയുന്ന ഒരു ചിരി നൽകാതെ..
മേജർ മുകുന്ദ് വരദരാജൻ
44 രാഷ്ട്രീയ റൈഫിൾസിലെ കരുത്തനായ മേജർ. കമ്പനിയിലെ സഹപ്രവർത്തകരോട് അതിരറ്റ സ്നേഹം പ്രകടിപ്പിച്ച , സിനിമാ നടൻ മാധവന്റെ രൂപ സാദൃശ്യം കൊണ്ട് മാഡി എന്ന് വിളിക്കപ്പെട്ട ധീര സൈനികൻ.
അൽതാഫ് ബാബയെന്ന ജെയ്ഷെ കമാൻഡറെ ബുദ്ധിയും ചങ്കൂറ്റവും കൊണ്ട് മുകുന്ദ് വരദരാജൻ തകർത്ത് കളഞ്ഞത് രാഷ്ട്രീയ റൈഫിൾസിലെ സഹപ്രവർത്തകർ ഇപ്പോഴും ഓർക്കുന്നുണ്ടാകും.
ആപ്പിൾ തോട്ടത്തിൽ ഒളിച്ചിരുന്ന അൽതാഫ് ബാബയെ മേജർ മുകുന്ദിന്റെ നേതൃത്വത്തിലുള്ള ചാർളി കമ്പനി വളഞ്ഞു. തുരുതുരാ നിറയൊഴിച്ചു കൊണ്ടിരുന്ന ഭീകരന്റെ എകെ 47 ഇടയ്ക്കിടെ മാത്രം നിറയൊഴിക്കുന്നത് മേജർ ശ്രദ്ധിച്ചു. നിരവധി ഏറ്റുമുട്ടലിന് നേതൃത്വം നൽകിയിട്ടുള്ള മേജറിന് കാര്യം മനസ്സിലായി. ഭീകരന്റെ തോക്കിലെ വെടിയുണ്ടകൾ അവസാനിച്ചു തുടങ്ങി.
ഓരോ വെടിയൊച്ച കേൾക്കുമ്പോഴും മേജർ എണ്ണി . മുപ്പതെണ്ണം പൂർത്തിയായി ഞൊടിയിടയിൽ മുകുന്ദും ബഡ്ഡിയായ വിക്രം സിംഗും തുരുതുരാ നിറയൊഴിച്ചു കൊണ്ട് ഭീകരൻ ഒളിച്ചിരുന്ന ആപ്പിൾ മരത്തിനു നേരേ പാഞ്ഞു. നിമിഷങ്ങൾക്കുള്ളിൽ അൽതാഫ് ബാബയെന്ന ഗാസി ബാബ വെടിയേറ്റ് ചത്തുമലച്ചു. സൈന്യത്തെ സംബന്ധിച്ചിടത്തോളം മോശമല്ലാത്ത വിജയമായിരുന്നു അത്.
അൽത്താഫ് ബാബയിൽ നിന്ന് കിട്ടിയ ഡിജിറ്റൽ വിവരങ്ങളിൽ നിന്നാണ് ഭീകരർ സ്ഥിരം തമ്പടിക്കുന്ന ഷോപ്പിയാനിലെ ഒരു വീടിനെപ്പറ്റി മുകുന്ദ് വരദരാജൻ മനസ്സിലാക്കിയത്. പിന്നീട് കാത്തിരിപ്പിന്റെ നാളുകളായിരുന്നു.
2014 ഏപ്രിൽ 25 – രാവിലെ ഭാര്യ ഇന്ദുവിനോടും മകൾ ആർഷിയയോടും അൽപ്പ സമയം സംസാരിച്ചതിനു ശേഷമാണ് മേജർ ഏറ്റുമുട്ടൽ സ്ഥലത്തേക്ക് പുറപ്പെട്ടത്. ഭീകരർ ഒളിച്ചിരുന്ന വീടിനടുത്ത് എത്തിയ ഉടൻ തന്നെ എറ്റുമുട്ടൽ ആരംഭിച്ചു.
അൽതാഫ് വാനിയെന്ന ജെയ്ഷെ കമാൻഡറും രണ്ട് ഭീകരരുമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. വെടിവെപ്പ് വൈകിട്ടു വരെ നീണ്ടെങ്കിലും ഭീകരരെ വധിക്കാൻ കഴിഞ്ഞില്ല. രാത്രിയായാൽ ഭീകരർ രക്ഷപ്പെടാനുള്ള എല്ലാ സാദ്ധ്യതയുമുണ്ടെന്ന് അറിയാവുന്ന മേജറും ബഡ്ഡി വിക്രം സിംഗും ഭീകരരുടെ ഒളിയിടത്തിലേക്ക് നുഴഞ്ഞു കയറി. ചാർളി കമ്പനിയിലെ സൈനികർ കവർ ഫയർ ചെയ്യുന്നുണ്ടായിരുന്നു.
വാതിൽ സ്ഫോടക വസ്തു വച്ച് തകർത്തതിനു ശേഷം ഇരുവരും വീട്ടിലേക്ക് തുരുതുരാ നിറയൊഴിച്ചു കൊണ്ട് ഇരച്ചു കയറി. ഒരു ഭീകരനെ അവർ വധിച്ചു, പെട്ടെന്ന് വീട്ടിനുള്ളിൽ നിന്ന് ഒരു ഭീകരൻ പുറത്തെ ഔട്ട് ഹൗസിലേക്ക് നിറയൊഴിച്ചു കൊണ്ട് രക്ഷപ്പെട്ടു. ഇരുവരും ഔട്ട് ഹൗസിലേക്ക് ഇഴഞ്ഞു നീങ്ങി. മേജർ ഒരു ഗ്രനേഡ് ഔട്ട് ഹൗസിനുള്ളിലേക്ക് പ്രയോഗിച്ചു.
ഭീകരൻ കൊല്ലപ്പെട്ടെന്ന ഉറപ്പിൽ അകത്തേക്കെത്തിയ അവരെ സ്വീകരിച്ചത് കൊല്ലപ്പെടാത്ത മറ്റൊരു ഭീകരന്റെ വെടിയുണ്ടകളായിരുന്നു. സെപോയ് വിക്രം അപ്പോൾ തന്നെ വീരമൃത്യു വരിച്ചു. അടുത്ത നിമിഷം മേജർ മുകുന്ദ് ഭീകരന്റെ കഥ കഴിച്ചു. അൽതാഫ് വാനിയായിരുന്നു അത്.
വീടിനു പുറത്തേക്ക് നടന്നെത്തിയ മേജർ പെട്ടെന്ന് കുഴഞ്ഞു വീണു. ശരീരത്ത് മൂന്നിടങ്ങളിൽ വെടിയുണ്ട തുളച്ചു കയറിയിരുന്നു. തനിക്ക് വെടിയേറ്റെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നായിരുന്നു ആശുപത്രിയിലേക്ക് നീക്കുമ്പോൾ അദ്ദേഹം പറഞ്ഞത്. ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ എത്തുന്നതിനു മുൻപ് ആ ധീര സൈനികൻ വീരമൃത്യു വരിച്ചു.
സമാധാന കാലത്തെ ഏറ്റവും വലിയ സൈനിക ബഹുമതിയായ അശോക ചക്ര നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. സെപോയ് വിക്രമിന് രാജ്യം ശൗര്യ ചക്ര നൽകി ആദരിച്ചു.
രാജ്യത്തിനു വേണ്ടിയുള്ള ഡ്യൂട്ടിക്കിടയിൽ എന്തെങ്കിലും സംഭവിച്ചാൽ കരയരുത് എന്നതായിരുന്നു മേജർ മുകുന്ദ് ഭാര്യയോട് പലപ്പോഴും ആവശ്യപ്പെട്ടിരുന്നത്. ലോകം കാണേണ്ടത് എന്റെ കണ്ണുനീരല്ല മുകുന്ദിന്റെ ധീരതയാണ് എന്ന് പറഞ്ഞ് ഭാര്യ ഇന്ദു അത് പാലിക്കുകയും ചെയ്തു.
ഏപ്രിൽ 25 – മേജർ മുകുന്ദ് വരദരാജൻ ബലിദാൻ ദിനം – ധീരനായ സൈനികന് പ്രണാമം – കുടുംബത്തിനൊപ്പം അഭിമാനത്തോടെ ആദരവോടെ ടീം സൈനികം
Discussion about this post