ഇസ്രയേലി സൈനികർ സ്വയരക്ഷയ്ക്കായി ഉപയോഗിക്കുന്ന ഒരു ആയോധന മുറയാണ് ക്രവ് മാഗ. വിവിധ ആയോധന മുറകളിൽ നിന്നുള്ള ഘടകങ്ങൾ കൂട്ടിയിണക്കിയാണ് ക്രവ് മാഗായുടെ നിർമ്മിതി. ഇതിൽ ഐകിഡോ , ബോക്സിംഗ് , റെസ്ലിംഗ് , ജൂഡോ , കരാട്ടെ എന്നിവയിലെ അഭ്യാസമുറകൾ ഉപയോഗിച്ചിട്ടുണ്ട്.
https://www.youtube.com/watch?v=UlQ-HNyLUrM
1930 കളിൽ ചെക്കൊസ്ലോവാക്യയിലെ ജൂതസമൂഹത്തെ അക്രമകാരികളിൽ നിന്ന് രക്ഷിക്കാൻ ഇമി ലിച്ചൻഫീൽഡ് എന്നയാൾ ആവിഷ്കരിച്ച ആയോധനമുറയാണിത്. കവലകളിൽ ക്രവ് മാഗ പരിശീലിച്ച ജൂത യോദ്ധാക്കൾ അക്രമകാരികളെ നേരിടാൻ തുടങ്ങിയതോടെ ജനങ്ങൾക്ക് ആശ്വാസമായി. പിന്നീട് ഇസ്രയേലിൽ എത്തിയ ലിച്ചൻ ഫീൽഡ് ഈ ആയോധന മുറ സൈന്യത്തെ പഠിപ്പിച്ചു . പ്രധാന പരിശീലകനുമായി.
ഇസ്രയേലിൽ പ്രധാനമായും രണ്ടു തരത്തിലുള്ള ക്രവ് മാഗായാണ് പഠിപ്പിക്കുന്നത്. സൈനികർക്കുള്ള ക്രവ് മാഗാ പാഠങ്ങളിൽ പലതും അതീവ രഹസ്യമാണ് . സൈന്യത്തിൽ നിന്ന് റിട്ടയർ ചെയ്ത ഇസ്രയേലി സേനാംഗങ്ങൾക്ക് ക്രവ് മാഗാ പഠിപ്പിക്കണമെങ്കിൽ പോലും അനുമതി ആവശ്യമാണ്.
ഒരേ സമയം ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ച രീതിയാണ് ഇതിന്റെ പ്രത്യേകത. ആക്രമണത്തിൽ നിന്നും രക്ഷപ്പെടുക എന്നതാണ് പ്രധാന ഉദ്ദേശ്യമെങ്കിലും എതിരാളിയുടെ മരണത്തിനു പോലും കാരണമായേക്കാവുന്ന ടെക്നിക്കുകൾ ഇതിലുണ്ട്.ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളെ ലക്ഷ്യമാക്കിയുള്ള ഈ ആക്രമണ രീതി പലപ്പോഴും എതിരാളിയെ പൂർണമായും തകർത്തുകളയും.
ഇന്ത്യൻ സായുധ സേനയുൾപ്പെടെ ലോകത്തെ പല പ്രതിരോധ സേനകളിലും ക്രവ് മാഗ പരിശീലിക്കുന്നുണ്ട്. ഇന്നത്തെ കാലഘട്ടത്തെ ആസ്പദമാക്കി വികസിപ്പിച്ചെടുത്ത ഈ ആയോധന രീതി ലോകത്തെ ഏറ്റവും അപകടകരമായ ആക്രമണ രീതിയായി അറിയപ്പെടുന്നു.
Discussion about this post