ഇന്ത്യക്കെതിരെ ഉപയോഗിക്കേണ്ട ബഹുമുഖ തന്ത്രങ്ങൾ വിവരിച്ച് പാകിസ്താൻ. പാകിസ്താൻ സൈനിക ഹെഡ്ക്വാർട്ടേഴ്സ് പുറത്തിറക്കിയ ഗ്രീൻ ബുക്ക് 2020 ലാണ് നിർണായക വിവരങ്ങൾ ഉൾക്കൊള്ളിച്ചത്. ഇന്ത്യക്കു മേൽ യുദ്ധത്തിലൂടെ വിജയം നേടുക എളുപ്പമല്ലെന്നും സ്വീകരിക്കേണ്ടത് സൈക്കോളജിക്കൽ യുദ്ധമാണെന്നും പുസ്തകത്തിൽ പറയുന്നു. പാകിസ്താൻ സൈനികർക്ക് മാത്രം നൽകുന്ന ക്ലാസിഫൈഡ് പുസ്തകത്തിലെ വിവരങ്ങളാണ് പുറത്തുവന്നത്.
ബാലാകോട്ട് ആക്രമണവും കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും ഇന്ത്യയുടെ അതിശക്തമായ നീക്കങ്ങളായിരുന്നു. ഇതിന്റെ അലയൊലികൾ മേഖലയിൽ ഒരിക്കലും അവസാനിക്കില്ല. ഭീകരരെ കശ്മീരിലേക്ക് കയറ്റി വിടുന്നത് ഒഴിവാക്കി ഇന്ത്യയിൽ നിന്ന് തന്നെ ഭീകരരെ സൃഷ്ടിക്കലാണ് വേണ്ടതെന്നും പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യക്കെതിരെ സൈബർ യുദ്ധം ശക്തമാക്കേണ്ടുന്നതിന്റെ ആവശ്യകതയും പുസ്തകത്തിൽ ഊന്നിപ്പറയുന്നുണ്ട്. പരമാവധി വീഡിയോകൾ നിർമ്മിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൻ തോതിൽ പ്രചരിപ്പിക്കണം. ഇന്ത്യയിൽ മുസ്ലിങ്ങൾ വലിയ പീഡനങ്ങൾ അനുഭവിക്കുകയാണെന്നുള്ള പ്രചാരണം ശക്തമാക്കണം. അരുന്ധതി റോയിയെപ്പോലെയുള്ള ഇന്ത്യൻ ലിബറലുകൾ സർക്കാരിനെതിരെ നടത്തുന്ന എല്ലാ പ്രസ്താവനകളും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യക്കെതിരെ ഉപയോഗിക്കണമെന്നും പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നു.
അമേരിക്ക ഇന്ത്യയോട് അടുക്കുന്നത് പാകിസ്താന് തിരിച്ചടിയാണെന്നും സൂചനയുണ്ട്. കശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ അഫ്ഗാൻ അതിർത്തിയിൽ നിന്ന് പാക് സൈന്യത്തെ പിൻവലിക്കുമെന്ന് അമേരിക്കയെ അറിയിക്കണമെന്നും പുസ്തകത്തിൽ നിർദ്ദേശമുണ്ട്. അതോടൊപ്പം ചൈനയുമായുള്ള ബന്ധം ശക്തമാക്കണം. എന്നാൽ ചൈന പാകിസ്താൻ സാമ്പത്തിക ഇടനാഴി തകർക്കാൻ ഇന്ത്യയുടെ ചാര സംഘടനയായ റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് ശ്രമിക്കുന്നുവെന്നും ബുക്കിൽ ആരോപിക്കുന്നു.
ഇന്ത്യയിൽ തന്നെ പാകിസ്താനോട് അനുഭാവമുള്ളവരുണ്ടെന്നും ഇന്ത്യക്കെതിരെ ആയുധമെടുത്ത് പോരാടാൻ അവരെ പ്രാപ്തരാക്കുകയാണ് വേണ്ടതെന്നും ബുക്കിൽ പറയുന്നു. അതോടെ പാകിസ്താൻ ഇന്ത്യയിലേക്ക് ഭീകരരെ കയറ്റി അയക്കുന്നു എന്ന ഇന്ത്യയുടെ ആരോപണം തകർക്കാൻ കഴിയും. ഇന്ത്യക്ക് മേൽ മാനസികമായി വിജയം നേടാൻ ഇത് സഹായിക്കുമെന്നും ബുക്കിൽ വ്യക്തമാക്കുന്നു.
Discussion about this post