അരുണാചൽ പ്രദേശിലെ തെംഗയിൽ പോസ്റ്റിംഗ് ലഭിച്ച ഒരു വനിത ലെഫ്റ്റനന്റ് ജോലിയുടെ ഭാഗമായി ഒരിക്കൽ തവാംഗിലെ ക്യാഫോ കുന്നുകളിലെത്തി. അവിടുത്തെ സൈനിക പോസ്റ്റിൽ എത്തിയപ്പോഴാണ് സ്വാഗതം ചെയ്തു കൊണ്ടുള്ള ബോർഡ് കണ്ടത്. വെൽകം ടു ആശിഷ് ടോപ് എന്നായിരുന്നു ബോർഡിൽ എഴുതിയിരുന്നത്.
അരുണാചലിൽ എങ്ങനെ ആശിഷ് ടോപ് വന്നു എന്ന് ചിന്തിച്ച് ലെഫ്റ്റനന്റ് അവിടെയുണ്ടായിരുന്ന സൈനിക ഉദ്യോഗസ്ഥനോട് വിവരം അന്വേഷിച്ചു. അപ്പോഴാണ് ഓഫീസർ മുപ്പത് വർഷങ്ങൾക്ക് മുൻപുള്ള ഒരു സൈനിക നീക്കത്തെപ്പറ്റി പറഞ്ഞത്. അരുണാചലിലെ സുംദോറോംഗ്ചുവിൽ 1986 ൽ ചൈനീസ് സൈന്യം ഒരു കടന്നുകയറ്റം നടത്തിയതിനെ ഇന്ത്യ ധീരമായി പ്രതിരോധിച്ച കഥയായിരുന്നു അത്.
1986 ലാണ് അരുണാചലിലെ സുംദോറോംഗ്ചുവിൽ ചൈനീസ് സൈന്യം അതിക്രമിച്ച് കയറി ടെന്റുകൾ കെട്ടിയത്. പിന്നീട് സ്ഥിരം സംവിധാനങ്ങളും ഹെലിപ്പാഡും നിർമ്മിക്കാനൊരുങ്ങുന്നുവെന്ന വിവരങ്ങൾ ലഭിച്ചതോടെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. എന്നാൽ പ്രദേശം ചൈനയുടേതാണെന്നായിരുന്നു മറുപടി.
കരസേന മേധാവി കെ. സുന്ദർജി അപ്പോൾ തന്നെ പ്രതിരോധ നടപടികൾ ആരംഭിച്ചു. ഒരു ഇൻഫൻട്രി ബ്രിഗെഡിനെ തന്നെ പ്രദേശത്തേക്ക് എയർലിഫ്റ്റ് ചെയ്തു. കൊൽക്കത്ത കാളീഘട്ട് സ്വദേശിയായ കേണൽ ആശിഷ് ദാസായിരുന്നു ഓപ്പറേഷൻ ഫാൽക്കൺ എന്ന് വിളിച്ച ആ സൈനിക നീക്കത്തിന്റെ ചുമതലയിൽ ഉണ്ടായിരുന്നത്. ഇന്ത്യൻ സൈനികർ ചൈനീസ് സൈന്യത്തെ ധീരമായി പ്രതിരോധിക്കുക തന്നെ ചെയ്തു. ഇന്ത്യയുടെ മണ്ണിൽ നിർമ്മിച്ച ടെന്റുകളും കെട്ടിടങ്ങളും പൊളിച്ചു മാറ്റി ഇന്ത്യൻ സൈന്യം നിലയുറപ്പിച്ചു.
ഭക്ഷണവും വെള്ളവും ഹെലികോപ്ടർ വഴിയായിരുന്നു നൽകിയത്. ഒരിക്കൽ ഭക്ഷ്യവിഭവങ്ങളുടെ കെട്ട് വീണത് ചൈനീസ് പ്രദേശത്തായിപ്പോയി. മൂന്ന് ദിവസം ഭക്ഷണം കിട്ടാതെ സൈനികർക്ക് ജീവിക്കേണ്ടി വന്നു. എലികളായിരുന്നു അപ്പോൾ പ്രധാന ഭക്ഷണമെന്ന് കേണൽ ആശിഷ് ദാസ് ഓർമ്മിക്കുന്നു. അന്ന് ചൈനീസ് സൈന്യത്തെ ഇന്ത്യൻ മണ്ണിൽ നിന്ന് ഓടിച്ച ധീരമായ പോരാട്ടത്തെ ആദരിച്ചു കൊണ്ടാണ് കേണൽ ആശിഷ് ദാസിന്റെ പേര് കുന്നിനു നൽകിയത്.
വിവരണം കേട്ടപ്പോൾ തന്നെ സന്തോഷത്താൽ കണ്ണുനിറഞ്ഞു പോയി ആ വനിത ലെഫ്റ്റനന്റിന്. സ്വന്തം അച്ഛന്റെ പേരിൽ അറിയപ്പെടുന്ന ഒരു കുന്നിൻ മുകളിലാണ് നിൽക്കുന്നതെന്നതായിരുന്നു ആ സന്തോഷത്തിനു കാരണം. സൈനിക പോസ്റ്റിലെ ഓഫീസർ അപ്പോൾ തന്നെ കേണൽ ആശിഷ് ദാസിനെ വിളിച്ച് സന്തോഷം പങ്കു വയ്ക്കുകയും ചെയ്തു.
കഥയിൽ ഒരു ട്വിസ്റ്റ് കൂടിയുണ്ട്..
സിക്കിമിലെ നാകുല പ്രദേശത്ത് കടന്നു കയറിയ ചൈനീസ് പട്രോളിംഗ് ടീമും ഇന്ത്യൻ പട്രോളിംഗ് ടീമുമായുണ്ടായ സംഘർഷം ഈയിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇത് നിങ്ങളുടെ ഭൂമിയല്ല ഇവിടെ നിന്ന് ഇറങ്ങിപ്പോകണം എന്ന് ആക്രോശിച്ച് ചീറിയടുത്ത പീപ്പിൾസ് ലിബറേഷൻ ആർമി മേജറിനെ ഇടിച്ച് താഴെയിട്ട യുവ ലെഫ്റ്റനന്റും പിന്തുടരുന്നത് ഇതേ പാരമ്പര്യമാണ്. കേണൽ ആശിഷ് ദാസിന്റെ മകനാണ് ആ യുവ ലെഫ്റ്റനന്റ്. !
Discussion about this post