ശ്രീനഗർ : കശ്മീരിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരരെ സൈന്യം വധിച്ചത്. കൊല്ലപ്പെട്ടവരിൽ കശ്മീരിലെ ഹൂറിയത്ത് കോൺഫറൻസ് ചെയർമാൻ മൊഹമ്മദ് അഷ്രഫ് സെഹ്രായിയുടെ മകൻ ജുനൈദ് അഷ്രഫ് ഖാനും ഉൾപ്പെടുന്നതായി പൊലീസ് അറിയിച്ചു. ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിംഗാണ് ഭീകരർ കൊല്ലപ്പെട്ട വിവരം അറിയിച്ചത്.
ഇന്നലെ രാത്രിയിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ശ്രീനഗറിലെ നവകാദൽ പ്രദേശത്തായിരുന്നു ഏറ്റുമുട്ടൽ. ഇന്റലിജൻസ് വിവരം കിട്ടിയതിനെ തുടർന്ന് എത്തിയ സൈന്യത്തിനു നേരേ ഭീകരർ നിറയൊഴിക്കുകയായിരുന്നു. ഇന്ന് രാവിലെയും ഏറ്റുമുട്ടൽ തുടർന്നതോടെ ഭീകരർ ഒളിച്ചിരുന്ന വീട് സൈന്യം തകർക്കുകയായിരുന്നു.
2018 ലാണ് മുഹമ്മദ് അഷ്‌റഫ് സെഹ്രായിയുടെ മകൻ ഹിസ്ബുൾ മുജാഹിദ്ദീനിൽ ചേരുന്നത്. മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സെഹ്രായി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഇയാൾ ഹിസ്ബുളിൽ ചേർന്നതാണെന്ന് സ്ഥിരീകരിക്കപ്പെട്ടത്. എം.ബി.എ ബിരുധധാരിയായ ഇയാൾ ഹിസ്ബുളിൽ ചേർന്ന ഗവേഷണ വിദ്യാർത്ഥിയായ ഭീകരൻ മന്നാൻ വാനിയുടെ സുഹൃത്തായിരുന്നു. മന്നാൻ വാനി പിന്നീട് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
Discussion about this post