1972 മാർച്ച് 4 ന് ജയ്പൂരിൽ ജനനം. 1997ൽ 4-ാം ജാട്ട് റെജിമൻറിൽ ലെഫ്റ്റനൻറായി സൈന്യത്തിൽ പ്രവേശിച്ചു.1999 മേയ് മാസത്തിൽ കാർഗിലിലെ കക്സർ സെക്ടറിൽ നിയോഗിക്കപ്പെട്ടു. മറ്റൊരു ജൂനിയർ ഓഫീസർ കൂടി കക്സറിൽ അദ്ദേഹത്തിന്റെ സഹായത്തിനുണ്ടായിരുന്നു. സഹോദരിക്ക് എഴുതിയ കത്തിൽ ആ ഓഫീസറെപ്പറ്റി അമിത് ഭരദ്വാജ് പറഞ്ഞതിങ്ങനെ. ” ഒരു പുതിയ കുട്ടി എന്റെ യൂണിറ്റിൽ ചേർന്നിട്ടുണ്ട്. ലെഫ്റ്റനന്റ് സൗരവ് കാലിയ.എനിക്ക് വേണ്ടതെല്ലാം അവൻ ചെയ്തു തരുന്നു. ഒടുവിൽ എന്നെ സാർ എന്ന് വിളിക്കാൻ ഒരാളായി “.
കനത്ത മഞ്ഞുവീഴ്ചയിൽ നിയന്ത്രണരേഖയിലെ ചില പോസ്റ്റുകളിൽ നിന്ന് സൈന്യം പിൻമാറിയ സമയമായിരുന്നു. പെട്രോളിങ്ങിനുമാത്രം ആ സ്ഥലങ്ങളിൽ പോകും. 1999 മേയ് 17ന് ബേസ് കമാൻറർക്ക് ക്യാപ്റ്റൻ അമിത് ഭരദ്വാജ് വയർലെസ് സന്ദേശം നൽകി.
”കക്ക്സർ മേഖലയിലെ ബജ്രംഗ് പോസ്റ്റിൽ പെട്രോളിംഗിനു പോയ സൗരവ് കാലിയയെപ്പറ്റി വിവരമൊന്നുമില്ല. വയർലെസിൽ കിട്ടുന്നുമില്ല. ഞാൻ അന്വേഷിച്ചു പോവുകയാണ്. 30 പേരുടെ ടീമിനെ തയ്യാറാക്കിയിട്ടുണ്ട്. ”
ബജ്രംഗ് പോസ്റ്റിലെത്തിയ അമിത് ഭരദ്വാജിനും ടീമിനും നേർക്ക് കനത്ത് വെടിവെപ്പുണ്ടായി. ഇവർ തിരിച്ചടിക്കാനും തുടങ്ങി. എന്നാൽ നൂറുകണക്കിന് പാക്കിസ്ഥാൻ സൈനികർ ബജ്രംഗ് പോസ്റ്റ് കയ്യടക്കിയിരുന്നു. പിടിച്ചു നിൽക്കാനാവില്ലെന്നു മനസ്സിലായ അമിത് തന്റെ സൈനികരോട് പിൻമാറാൻ ആവശ്യപ്പെട്ടു.
“നിങ്ങൾ തിരിച്ചിറങ്ങണം. ഞാൻ കവർ ഫയർ ചെയ്തു കൊള്ളാം. കൂടുതൽ സൈനികരെ ഇങ്ങോട്ടയക്കാൻ കമാൻറിങ് ഓഫീസറോട് പറയണം.അസാധാരണമായതെന്തോ സംഭവിക്കുന്നുണ്ട് ”
ക്യാപ്റ്റന്റെ നിർബന്ധത്തിന്നു വഴങ്ങി ടീം പിൻമാറി. എന്നാൽ അമിത് ഭരദ്വാജിന്റെ ബഡ്ഡിയായ ഹവീൽദാർ രജ് വീർ സിംഗ് പിൻമാറാൻ തയ്യാറായില്ല. നിങ്ങളെ ഉപേക്ഷിച്ച് ഞാൻ ഇവിടെ നിന്നു പോകില്ല എന്ന് രജ് വീർ പറഞ്ഞു. മരണം ഉറപ്പാണെന്നും നിങ്ങൾ കുടുംബവും കുട്ടികളും ഉള്ളയാളാണെന്നും പിന്മാറണമെന്നും അമിത് പറഞ്ഞു. മരിക്കുന്നെങ്കിൽ നമ്മൾ ഒരുമിച്ച് എന്നായിരുന്നു രജ് വീറിന്റെ മറുപടി.
ദേഷ്യം വന്ന ക്യാപ്റ്റൻ അമിത് പറഞ്ഞു, “ഇത് നിങ്ങളുടെ സീനിയർ ഓഫീസറുടെ ഓർഡർ ആണ്. അനുസരിച്ചില്ലെങ്കിൽ നടപടി നേരിടേണ്ടി വരും ”
ഹവീൽദാർ പറഞ്ഞു. “സാർ, നമ്മൾ രണ്ടു പേരും ജീവനോടെ അവശേഷിച്ചാൽ താഴെയെത്തുമ്പോൾ എനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചുകൊള്ളൂ. പക്ഷെ നിങ്ങളെ തനിച്ചാക്കി ഞാൻ പോകില്ല”
കാർഗിൽ യുദ്ധം ആരംഭിച്ചു. പിന്നീട് അമിത് ഭരദ്വാജിനെയും രജ് വീറിനെപ്പറ്റിയും വിവരമൊന്നുമുണ്ടായില്ല.
ജൂൺ 4 ന് വീട്ടിലേക്ക് പട്ടാളത്തിൽ നിന്നും എഴുത്തുവന്നു. മേയ് 17 മുതൽ അമിത് മിസ്സിംഗ് ആണ്. ഞങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട് എന്നായിരുന്നു കത്തിൽ. പിറ്റേ ദിവസം ഫോൺ വന്നു.
” ഞാൻ കശ്മീരിൽ നിന്നാണ് വിളിക്കുന്നത്. പേര് വെളിപ്പെടുത്തുന്നില്ല.ക്യാപ്റ്റൻ അമിത് ജീവനോടെയില്ല”
എന്താണ് സംഭവിച്ചതെന്ന് സഹോദരി ചോദിച്ചു. ബജ്രംഗ് പോസ്റ്റിലുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടു എന്ന് പറഞ്ഞു. ശരീരം എപ്പോൾ വീട്ടിലെത്തുമെന്ന് സഹോദരി ചോദിച്ചപ്പോൾ ശരീരം കിട്ടിയില്ലാ എന്നായിരുന്നു മറുപടി. പിന്നെങ്ങനെ മരണം ഉറപ്പിച്ചു എന്ന് സഹോദരി ചോദിച്ചു. “ശരീരം സൈനികർ കണ്ടെത്തിയിട്ടുണ്ട്. പക്ഷെ അവർക്ക് അതെടുക്കാൻ പറ്റുന്നില്ല. പാക്കിസഥാൻ ഭാഗത്ത് നിന്ന് ശക്തമായ വെടിവെപ്പാണ്. മരിച്ചുവെന്നുറപ്പാണ്. നിങ്ങൾ കുടുംബാംഗങ്ങളെ പറഞ്ഞു മനസ്സിലാക്കൂ.” 57 ദിവസങ്ങൾക്കു ശേഷം കാർഗിൽ യുദ്ധം അവസാനിച്ച ജൂലൈ 13 നാണ് അമിത് ഭരദ്വാജിന്റെയും രജ് വീറിൻെറയും ശരീരം ഭാരതത്തിന് വീണ്ടെടുക്കാനായത്. തന്റെ റൈഫിൾ നെഞ്ചോടു ചേർത്തു പിടിച്ച് മഞ്ഞിൽ പുതഞ്ഞ നിലയിലായിരുന്നു അമിതിന്റെ ശരീരം. സമീപത്ത് നിന്ന് 10 പാക്കിസ്ഥാൻ സൈനികരുടെ ശവശരീരം കണ്ടെത്തി.
1999 ജൂലായ് 14ന് ആ ധീര സൈനികന്റെ ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ ശരീരം അഭിമാനത്തോടെ ജയ്പ്പൂർ നഗരം ഏറ്റുവാങ്ങി.
അമിതിന്റെ അച്ഛനൊഴികെ എല്ലാവരും മരണത്തോട് പൊരുത്തപ്പെട്ടിരുന്നു. മൃതദേഹം കണ്ടെത്തുന്നത് വരെ ” അവൻ അതിർത്തിയിൽ ശത്രുക്കളോട് പോരാടിക്കൊണ്ടിരിക്കുകയാണ് ” എന്നായിരുന്നു അച്ഛന്റെ വിശ്വാസം. ആശ്വസിപ്പിക്കാനെത്തിയവരോടും അദ്ദേഹം ഇതായിരുന്നു പറഞ്ഞത്.
1999 ൽ അമിതിനു വേണ്ടി സഹോദരി സുനിത ഭരദ്വാജ് തയ്യാറാക്കിയ രാഖി അണിയാൻ അമിത് ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീടുള്ള ഓരോ വർഷവും അമിതിന്റെ ബറ്റാലിയനിലെ സൈനികർക്കായി സുനിത ഭരദ്വാജ് രക്ഷാബന്ധൻ ദിനത്തിൽ രാഖി അയച്ചു കൊടുക്കും. ചില വർഷങ്ങളിൽ സൈനികർക്കൊപ്പമായിരുന്നു അവരുടെ രക്ഷാബന്ധൻ ആഘോഷം. പല സൈനികരും ബറ്റാലിയൻ വിട്ടെങ്കിലും ചിലരൊക്കെ വിരമിച്ചിട്ടും ഇന്നും രാഖി അയയ്ക്കുന്ന കാര്യം സുനിത മുടക്കിയിട്ടില്ല. ധീരനായ തന്റെ സഹോദരന്റെ ദീപ്തമായ ഓർമ്മകളാണ് അതിലൂടെ ഉണരുന്നതെന്ന് അവൾക്കറിയാം.
Discussion about this post