ഇന്ത്യ- ചൈന അതിർത്തിയിൽ ഗാല്വൻ താഴ്വരയിൽ നടന്ന സംഘർഷത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്ത്യൻ സൈന്യം ചൈനയ്ക്ക് കനത്ത നാശനഷ്ടം വരുത്തിയെന്നാണ് റിപ്പോർട്ടുകൾ. കേണലിനെ വധിച്ചതിൽ കലിപൂണ്ട് പാഞ്ഞുകയറിയ ബിഹാർ റെജിമെന്റ് സൈനികർ കണ്ണിൽ കണ്ട ചൈനീസ് സൈനികരെ വകവരുത്തുകയും ടെന്റുകൾ നശിപ്പിക്കുകയും ചെയ്തുവെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരങ്ങൾ.
ജൂൺ ആറിനു നടന്ന ചർച്ചയിൽ ഇരുവിഭാഗങ്ങളും അതിർത്തിക്ക് സമീപമുള്ള സൈനിക സന്നാഹങ്ങൾ ഒഴിവാക്കാൻ ധാരണയായിരുന്നു.ധാരണ പ്രകാരം ഇന്ത്യൻ സൈനികർ പിന്നിലേക്ക് മാറി. എന്നാൽ ചൈനീസ് സൈനികർ അവരുടെ ടെന്റുകൾ അഴിച്ചു മാറ്റിയില്ല. ഇതറിഞ്ഞ ബിഹാർ റെജിമെന്റ് കേണലായ ബി. സന്തോഷ് ബാബുവും രണ്ട് സൈനികരും ചൈനയുടെ കമാൻഡിംഗ് ഓഫീസറോട് സംസാരിക്കാൻ അതിർത്തിക്കപ്പുറത്തേക്ക് ചെന്നു.
നിരായുധനായി എത്തിയ കേണലിനെയും സൈനികരേയും വാഗ്വാദങ്ങൾക്കിടയിൽ ചൈനീസ് സൈനികർ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഇതറിഞ്ഞ ബിഹാർ റെജിമെന്റ് ഭടന്മാരും ഘാതക് പ്ലാറ്റൂണും ഇരച്ചുകയറി ചൈനീസ് സൈനികരെ ആക്രമിച്ചു. ഘാതക് കമാൻഡോകളുടെ കടുത്ത ആക്രമണത്തിൽ അപ്പോൾ തന്നെ ഇരുപതോളം ചൈനീസ് സൈനികർ കൊല്ലപ്പെട്ടു. രക്ഷയില്ലാതെ ചൈനീസ് സൈനികർ പിന്തിരിഞ്ഞോടി. ചൈനീസ് സൈനികരെ നേരിട്ടുള്ള ഏറ്റുമുട്ടലിൽ കഴുത്തൊടിച്ച് വലിച്ചെറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഇവർക്ക് സഹായവുമായി പിൻനിരയിൽ നിലയുറപ്പിച്ചിരുന്ന കൂടുതൽ ചൈനീസ് സൈനികരെത്തിയതോടെ കടുത്ത സംഘർഷം പൊട്ടിപ്പുറപ്പെട്ടു. എണ്ണത്തിൽ കൂടുതലാണെങ്കിലും ചൈനീസ് സൈനികരെ ഇന്ത്യൻ സൈനികർ കരുത്തോടെ നേരിട്ടു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് കൂട്ടപ്പൊരിച്ചിലിൽ മലയിടിഞ്ഞതോടെ ഇരു വിഭാഗത്തെയും സൈനികർ നദിയിലേക്ക് വീണു. കടുത്ത തണുപ്പുള്ള നദിയിൽ വീണവർക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. നാലു മണിക്കൂറോളം നീണ്ടുനിന്ന എറ്റുമുട്ടലിൽ ഇന്ത്യക്ക് ഇരുപത് സൈനികരെ നഷ്ടപ്പെട്ടപ്പോൾ ചൈനയ്ക്ക് നഷ്ടപ്പെട്ടവരുടെ എണ്ണം പോലും എടുക്കാൻ കഴിഞ്ഞില്ല.
ഓരോ സൈനിക വിഭാഗത്തിലും ഒരു സംഘം ഘാതക് കമാൻഡോകളും ഉണ്ടാകും. അപ്രതീക്ഷിതമായ കടുത്ത ആക്രമണമാണ് ഘാതകിന്റെ മുഖമുദ്ര. ഘാതകിന്റെ കയ്യിൽ പെട്ടാൽ പിന്നെ മൃതദേഹം പോലും നേരെ ചൊവ്വേ കിട്ടുകയില്ലെന്ന പ്രത്യേകതയുമുണ്ട്.
ഇന്ത്യൻ സൈന്യം കയറി അടിച്ചതും നിരവധി ചൈനീസ് സൈനികർ കൊല്ലപ്പെട്ടതുമാണ് ചൈനയ്ക്ക് നാണക്കേടായത്. മരണമുണ്ടായി എന്ന് പറയുമ്പോഴും എത്ര പേർ കൊല്ലപ്പെട്ടുവെന്ന് ചൈനയ്ക്ക് പറയാൻ കഴിയാത്തതും ഇതുകൊണ്ടാണ്. ആക്രമണത്തിനിടെ പത്ത് ഇന്ത്യൻ സൈനികരെ ചൈന ബന്ദികളാക്കിയെന്നും പകരമായി മറ്റൊരു പ്രദേശത്ത് ഇന്ത്യൻ സൈന്യം ചൈനീസ് സൈനികരെ ബന്ദികളാക്കിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
Discussion about this post