(പ്രതീകാത്മക ചിത്രം )
ഇന്ത്യയുടെ അതിർത്തിയുടെ ഒരു വലിയ ഭാഗം നിലകൊള്ളുന്ന ഹിമാലയൻ മേഖലയിൽ കാവലിനായി ലൈറ്റ് വെയ്റ്റ് ടാങ്കുകൾ വാങ്ങാനൊരുങ്ങി ഭാരതം. കരസേന സർക്കാർ തലത്തിൽ നടത്തിയ ചർച്ചകൾക്കും ആലോചനകൾക്കും ശേഷമാണ് ഈ നീക്കത്തിന് പച്ചക്കൊടി ലഭിച്ചത്. ലൈറ്റ് വെയ്റ്റ് ടാങ്കുകൾ വാങ്ങാനുള്ള ആലോചനകൾക്ക് കുറച്ചധികം പഴക്കമുണ്ടെങ്കിലും ഈയടുത്ത് നടന്ന ചൈനീസ് അക്രമങ്ങൾ ഈ നടപടിയുടെ വേഗം കൂട്ടി. ഇതോടെ മേഖലയിലെ വെല്ലുവിളികൾ നേരിടാൻ ഇൻഫൻട്രിക്ക് പിന്തുണയുമായി ആർട്ടിലറി വിഭാഗത്തെ അതിവേഗം എത്തിക്കാൻ ഭാരതത്തിന് സാധിക്കും.
ഹിമാലയൻ മേഖലയിൽ ഭാരതീയ കരസേന നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി അതിന്റെ ആർട്ടിലറി വിഭാഗത്തിനെ പൂർണ്ണമായി ഉപയോഗിക്കാൻ സാധിക്കാത്തതാണ്. ഭാരതത്തിന്റെ പക്കൽ നാലായിരത്തോളം ടാങ്കുകളുണ്ടെങ്കിലും പ്രധാന യുദ്ധ ടാങ്കുകളൊക്കെയും ഹെവിവെയ്റ്റ് ടാങ്കുകളാണെന്നത് അവയുടെ ഉപയോഗത്തെ പരിമിതപ്പെടുത്തുന്ന ഒന്നാണ്. നാൽപ്പതിലേറെ ടൺ ഭാരമുള്ള റഷ്യൻ നിർമ്മിത T-72, T-90 ടാങ്കുകളും സ്വദേശി അർജുൻ ടാങ്കുമാണ് കരസേനയുടെ പക്കലുള്ളത്. ഈ ടാങ്കുകൾ എയർലിഫ്റ്റ് ചെയ്തു കൊണ്ടുപോകാൻ ആകെ 77 ടൺ വരെ ഭാരം വഹിക്കാൻ ശേഷിയുള്ള 12 ബോയിങ് C-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങൾ മാത്രമാണ് നമ്മുടെ പക്കലുള്ളത്.
ലൈറ്റ് ടാങ്കുകൾ മുഴുവൻ ആയുധങ്ങളോടു കൂടി നാല്പത് ടണ്ണിനുള്ളിൽ മാത്രം ഭാരം വരുന്നവയാണ്. അതിനാൽ ഒരു സ്ഥലത്തേക്ക് കൂടുതൽ എണ്ണം കുറഞ്ഞ സമയത്തിനുള്ളിൽ എത്തിക്കാൻ സാധിക്കുമെന്നത് ലൈറ്റ് ടാങ്കുകളുടെ ഒരു നേട്ടമാണ്. അതുപോലെ മെയിൻ ബാറ്റിൽ ടാങ്കുകളേക്കാൾ ഭാരം കുറവായതു കാരണം ഹിമാലയൻ മലനിരകളിലൂടെ എളുപ്പം സഞ്ചരിക്കാൻ സാധിക്കുമെന്നതും ലൈറ്റ് ടാങ്കുകളുടെ മറ്റൊരു നേട്ടമാണ്. അതിർത്തിപ്രദേശത്ത് കൂടുതൽ സൈനികരെ വിന്യസിച്ചു കൊണ്ടിരിക്കുന്ന ചൈനയെ ചെറുക്കാൻ കരസേനയ്ക്ക് ലഭിക്കുന്ന ഒരു മികച്ച ആയുധമാവും ലൈറ്റ് വെയ്റ്റ് ടാങ്ക് എന്നതിൽ സംശയമില്ല.
നിലവിൽ ചൈനയ്ക്ക് സ്വന്തം ലൈറ്റ് ടാങ്കുകൾ ഉള്ളതിനാൽ പ്രതിരോധഗവേഷണരംഗത്ത് പ്രവർത്തിക്കുന്ന ഭാരത സർക്കാർ സ്ഥാപനമായ ഡി.ആർ.ഡി.ഒയും സ്വന്തമായി ഒരു ലൈറ്റ് വെയ്റ്റ് ടാങ്ക് വികസിപ്പിക്കുന്നുണ്ട്. റഷ്യൻ നിർമ്മിത കവചിത വാഹനമായ ബി.എം.പിയെ അടിസ്ഥാനപ്പെടുത്തി നിർമ്മിക്കുന്ന ശരത് എന്ന ഫ്രെയിം ഉപയോഗിച്ചണ് ഡി.ആർ.ഡി.ഒ അവരുടെ ടാങ്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഭാരതത്തിന് അതിന്റെ ലൈറ്റ് ടാങ്കുകൾ ഓഫർ ചെയ്തുകൊണ്ട് റഷ്യ നേരത്തെ തന്നെ മത്സരത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
Discussion about this post