എതിർക്കാനായി മുന്നിൽ വരുന്ന എന്തിനേയും നിശ്ശേഷം തകർത്തുകളയുക , ചിന്തിക്കാൻ പോലും സമയം കിട്ടുന്നതിനു മുൻപ് മിന്നൽ പിണർ പോലെ ആക്രമിച്ച് ഇല്ലാതാക്കുക , ആയുധമില്ലെങ്കിലും അപകടകാരികളായ സ്പെഷ്യൽ കമാൻഡോ സംഘം – ഇന്ത്യൻ ആർമി ഘാതക് പ്ലാറ്റൂൺ – ദ കില്ലിംഗ് മെഷീൻസ്
ഇന്ത്യൻ ഇൻഫൻട്രി ബറ്റാലിയനുകളുടെ കുന്തമുനയാണ് ഘാതക് കമാൻഡോ പ്ലാറ്റൂണുകൾ. ശത്രുവിനെ അവന്റെ സ്ഥലത്ത് ചെന്ന് പ്രത്യാക്രമണം നടത്തുകയെന്നതാണ് ഘാതക് കമാൻഡോകളുടെ ദൗത്യം. ബറ്റാലിയൻ പിൻനിരയിൽ നിലയുറപ്പിക്കുമ്പോൾ അടിച്ചകത്തു കയറി കയ്യിൽ കിട്ടുന്നതൊക്കെ തകർത്തുകളയുന്ന സ്പെഷ്യൽ അറ്റാക്ക്. എതിരാളികൾക്ക് ചിന്തിക്കാൻ സമയം കിട്ടുന്നതിനു മുൻപ് തന്നെ ഘാതക് പണി പൂർത്തിയാക്കി മടങ്ങും. ഘാതകിനു മുന്നിൽ പെട്ടാൽ ഫലം മരണമാണെന്നതിൽ സംശയമില്ല .. ഗാൽവാനിലെ സംഭവത്തിനു ശേഷം അത് നന്നായി എതിരാളികളും ലോകവും മനസ്സിലാക്കിക്കഴിഞ്ഞു.
ബറ്റാലിയനുകളിലെ ഏറ്റവും ശാരീരിക ക്ഷമതയും കഴിവും അഭ്യാസമികവുമുള്ള ഇരുപത് പേരെയാണ് ഘാതക് കമാൻഡോകളായി തെരഞ്ഞെടുക്കുന്നത്. ക്യാപ്ടനാണ് പ്ലാറ്റൂണിന്റെ ചുമതല. അതിർത്തി കടന്ന് ആക്രമണം നടത്തുന്നതും ശത്രുവിന്റെ തന്ത്രപ്രധാനമായ സംവിധാനങ്ങൾ തകർക്കുന്നതും ഇവരുടെ ജോലിയാണ്. ശത്രുവിന്റെ നിരയിലിറങ്ങി കുറച്ച് സമയം കൊണ്ട് പരമാവധി നാശനഷ്ടങ്ങളുണ്ടാക്കി തിരിച്ചെത്തുക എന്നതാണ് ഘാതകിന്റെ പൊതുവേയുള്ള രീതി.
ഇന്ത്യൻ സൈന്യത്തിൽ അംഗമാകുക എന്നതാണ് ഘാതക് പ്ലാറ്റൂണിലെത്താനുള്ള ഒരേയൊരു വഴി.മുപ്പത് വയസ്സിൽ താഴെയുള്ളവർക്ക് മാത്രമേ ഘാതകിലേക്ക് എത്താൻ കഴിയൂ. രണ്ട് ടൈപ്പ് ട്രെയിനിംഗാണ് ഘാതകിന് ലഭിക്കുന്നത്. ഓഫീസർമാർക്കും നോൺ കമ്മീഷൻഡ് ഓഫീസർമാർക്കും പ്രത്യേക ട്രെയിനിംഗാണ് നൽകുക. ഓഫീസർ പരിശീലനത്തിൽ ആസൂത്രണവും നേതൃശേഷിയും പ്രധാന വിഷയങ്ങളാകും.പാരാ സ്പെഷ്യൽ ഫോഴ്സിനും മാർകോസിനും അനുസരിച്ചുള്ള അതി കഠിനമായ പരിശീലനങ്ങളില്ലെങ്കിലും ഘാതക് കമാൻഡോയും ഏറെക്കുറെ സമാനമായ പരിശീലനങ്ങൾ നേരിടേണ്ടി വരും.
ഓരോ ആഴ്ച്ച കഴിയുന്തോറും പരിശീലനത്തിന്റെ കാഠിന്യം കൂടും. ആയുധവും മറ്റ് അനുബന്ധ സാധനങ്ങളുമൊക്കെ ചേർത്ത് ഇരുപത്തഞ്ച് കിലോയോളം ഭാരവും പേറി പത്ത് കിലോമീറ്റർ ഓട്ടമാണ് രണ്ടാമത്തെ ആഴ്ച്ചയിൽ ഉണ്ടാവുക. പിന്നീട് ഇത് 20 , 30, 40 കിലോമീറ്ററുകളായി ഓരോ ആഴ്ച്ചയിലും മാറും. ആറുമണിക്കൂർ പത്ത് മിനിട്ട് കൊണ്ടാണ് നാൽപ്പത് കിലോമീറ്റർ ഓടിത്തീർക്കേണ്ടത്.സായുധരായ ശത്രുക്കളോട് ആയുധമില്ലാതെയുള്ള പോരാട്ടം .. സ്ഫോടകവസ്തു നിർമ്മാണം.. കൂട്ടിച്ചേർക്കലും നശീകരണവും … റോക്ക് ക്ലൈംബിംഗ് .. അത്യപൂർവ്വ സാഹചര്യങ്ങളിൽ ജീവിക്കാനുള്ള കഴിവ് , ഫസ്റ്റ് എയ്ഡ് തുടങ്ങി വിവിധങ്ങളായ കമാൻഡോ ടെക്നിക്കുകൾ ഈ കാലയളവിൽ സ്വായത്തമാക്കും.
രണ്ട് കോഴ്സുകളും 42 ആഴ്ച്ച ദൈർഘ്യമുള്ളതാണ്. ഒരു ദിവസം 15 പീര്യഡുകളായിട്ടാണ് പരിശീലനം. ആത്മവിശ്വാസം , കരുത്ത് , പോരാട്ട വൈദഗ്ദ്ധ്യംമെന്നിവ ഈ പരിശീലനകാലയളവിൽ മാറ്റുരയ്ക്കും. മാനസികമായി കരുത്ത് നേടാനും ശാരീരികമായ ആവശ്യങ്ങളെ പരമാവധി കുറയ്ക്കാനും പരിശീലനം സഹായിക്കും. ഉറക്കമില്ലാതെ ദിവസങ്ങളോളം കഴിയാനുതകുന്ന പരിശീലനവും ഘാതക് കമാൻഡോയ്ക്ക് ലഭിക്കും. പർവത് ഘാതക് സ്കൂൾ ഉൾപ്പെടെയുള്ള വിവിധ കേന്ദ്രങ്ങളിൽ പരിശീലനം പൂർത്തിയാക്കുന്നതോടെ ഇന്ത്യൻ സൈന്യത്തിന്റെ കുന്തമുനയായ ഘാതക് കമാൻഡോകൾ റെജിമെന്റുകളുടെ ഭാഗമാകും.
കാർഗിൽ യുദ്ധത്തിൽ ടൈഗർ ഹിൽ പിടിച്ചെടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച പരംവീർ ചക്ര ജേതാവ് യോഗേന്ദ്ര സിംഗ് യാദവ് ഘാതക് കമാൻഡോ എന്താണെന്നുള്ളത് കാട്ടിത്തരുന്നു. എല്ലാ ബങ്കറുകളും നശിപ്പിച്ച് ശത്രുക്കളെ ഇല്ലാതാക്കി ടൈഗർ ഹിൽ പിടിച്ചെടുക്കുമ്പോൾ യോഗേന്ദ്ര സിംഗ് യാദവിന്റെ ശരീരത്തിലേറ്റത് 21 വെടിയുണ്ടകളായിരുന്നു. മരണത്തെപ്പോലും അതി ജീവിക്കുമ്പോൾ ആ ഘാതക് കമാൻഡോയുടെ വയസ്സ് വെറും പത്തൊൻപത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പരംവീർ ചക്ര ജേതാവ്.
കശ്മീരിൽ ഇരുപതോളം വരുന്ന ഭീകരരെ എതിരിട്ട് അതിൽ പന്ത്രണ്ടെണ്ണത്തെയും വകവരുത്തിയ മറാത്താ ലൈറ്റ് ഇൻഫൻട്രി ഘാതക് പ്ലാറ്റൂണിന്റെ കമാൻഡറായിരുന്ന ലെഫ്റ്റനന്റ് നവദീപ് സിംഗിന് രാജ്യം മരണാനന്തര ബഹുമതിയായി സമാധാന കാലത്തെ ഏറ്റവും വലിയ സൈനിക ബഹുമതിയായ അശോക ചക്ര നൽകി ആദരിച്ചു. ഉറി ആക്രമണത്തിനെതിരെ നടത്തിയ സർജിക്കൽ സ്ട്രൈക്കിൽ പാരാ സ്പെഷ്യൽ ഫോഴ്സിനൊപ്പം ബിഹാർ, ഡോഗ്ര റെജിമെന്റുകളിലെ ഘാതക് കമാൻഡോകളും പങ്കെടുത്തിട്ടുണ്ട്.
ഗാൽവനിൽ ചൈനീസ് അതിക്രമത്തിന്റെ കഴുത്തൊടിച്ച ഗുർതേജ് സിംഗ് മൂന്നാം പഞ്ചാബ് ഘാതക് പ്ലാറ്റൂണിലെ അംഗമായിരുന്നു. പിന്നിൽ നിന്നുള്ള ആക്രമണത്തിൽ വീരമൃത്യു വരിക്കുന്നതിനു മുൻപ് പന്ത്രണ്ട് ശത്രു സൈനികരെയാണ് 24 കാരനായ ഗുർതേജ് സിംഗ് ഇല്ലാതാക്കിയത്. അസാമാന്യമായ ചങ്കുറപ്പും പോരാട്ട വീര്യവും കൊണ്ട് ഇന്ത്യയുടെ ഘാതക് പ്ലാറ്റൂൺ എന്നാൽ എന്താണെന്ന് ലോകം തന്നെ മനസ്സിലാക്കുകയും ചെയ്തു.
ഏഴായിരത്തോളം ഘാതക് കമാൻഡോകളാണ് ഇന്ന് ഇന്ത്യൻ സൈനിക റെജിമെന്റുകളുടെ കുന്തമുനയായി ഇപ്പോഴുള്ളത്. ആധുനികമായ ആയുധങ്ങളും സ്നൈപ്പർ ഗണ്ണുകളും ഘാതകിന്റെ ആയുധ ശേഖരത്തിൽ പെടും. ആയുധമുള്ളതോ ഇല്ലാത്തതോ ഘാതകിനൊരു വിഷയമില്ല – ജീവന്റെ അവസാന ശ്വാസം വരെ എതിരാളിയെ തകർക്കുക എന്നതല്ലാതെ മറ്റൊരു ചിന്തയുമില്ല ഘാതകിന് . അക്ഷരാർത്ഥത്തിൽ കില്ലിംഗ് മെഷീൻസ് – !
Discussion about this post