ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങൾക്ക് സമീപം ചൈനയിലേക്കുള്ള പ്രധാന കടൽപ്പാതയായ മലാക്ക കടലിടുക്കിനടുത്ത പ്രദേശങ്ങളിൽ ഭാരതീയ നാവികസേന അഭ്യാസ പ്രകടനം നടത്തി. ചൈനയിലേക്കുള്ള ചരക്കുനീക്കത്തിന്റെ ഏറിയ പങ്കും മലാക്ക കടലിടുക്ക് മുഖേനയാണ്. കഴിഞ്ഞ മാസം അവസാനം ജാപ്പനീസ് നേവിയുടെ ചേർന്ന് സൈനികാഭ്യാസം നടത്തിയതിന്റെ തുടർച്ചയായാണ് നാവികസേന വീണ്ടും ഡ്രിൽ നടത്തിയത്.
മലാക്ക കടലിടുക്കിൽ നേരിട്ട് തമ്പടിച്ചിട്ടുള്ള ചില യുദ്ധക്കപ്പലുകളടക്കം നിരവധി യുദ്ധക്കപ്പലുകൾ, ഭാരതീയ നാവികസേനയുടെ ഡിസ്ട്രോയർ, ഫ്രിഗേറ്റ് വിഭാഗങ്ങളിൽപ്പെടുന്ന പോർക്കപ്പലുകൾ, അന്തർവാഹിനികൾ, അവശ്യഘട്ടങ്ങളിൽ അന്തർവാഹിനികളെ ആക്രമിക്കാൻ കഴിവുള്ള പോസിഡോൺ നിരീക്ഷണവിമാനങ്ങൾ തുടങ്ങിവയാണ് അഭ്യാസത്തിൽ പങ്കെടുത്തത്. വാണിജ്യപരമായി ചൈനയ്ക്ക് ഏറെ പ്രധാനപ്പെട്ടതാണ് മലാക്ക കടലിടുക്ക് എന്നതിനാൽ ഇന്ത്യയുടെ ഈ നീക്കം ലഡാക്കിലെ ഉടമ്പടി പാലിക്കാൻ മടി കാണിക്കുന്ന ചൈനയ്ക്കുള്ള ശക്തമായ സന്ദേശം കൂടിയാണ്.
അമേരിക്കയുടെ സൂപ്പർ കാരിയറുകളായ USS നിമിറ്റ്സും USS റൊണാൾഡ് റീഗനും തെക്കൻ ചൈനാക്കടലിൽ സൈനികാഭ്യാസം നടത്തിവരുന്ന അതേ സമയത്ത് തന്നെയാണ് തെക്കൻ ചൈനാക്കടലിനെ ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്ന മലാക്ക കടലിടുക്കിൽ ഇന്ത്യയുടെ ഈ നാവികാഭ്യാസം എന്നത് വളരെ ശ്രദ്ധേയമാണ്. നിലവിൽ ഇന്ത്യ, ഓസ്ട്രേലിയ, അമേരിക്ക, ജപ്പാൻ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സംഘത്തിലെ ഓസ്ട്രേലിയ ഒഴികെയുള്ള രാജ്യങ്ങൾ ഇന്ത്യയുടെ വാർഷിക നാവികാഭ്യാസമായ ‘മലബാർ യുദ്ധാഭ്യാസത്തിൽ’ പങ്കെടുത്തിട്ടുണ്ട്. സമീപകാലത്തെ സംഭവവികാസങ്ങളെത്തുടർന്ന് പ്രസ്തുത അഭ്യാസത്തിൽ ഓസ്ട്രേലിയയെയും ഉൾപ്പെടുത്താനുള്ള ഉന്നതതല ചർച്ചകൾ നടന്നുവരുന്നു.
Discussion about this post