ലഡാക്കിലെ ചൈനീസ് അക്രമത്തെത്തുടർന്ന് ഭാരതം 3500 കിലോമീറ്റർ വരുന്ന ഇൻഡോ-ടിബറ്റൻ അതിർത്തിയിലാകെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ്നാഥ്സിങ് തുടങ്ങിയവർ ലേയിലെ ഫോർവേഡ് പോസ്റ്റുകളിൽ സന്ദർശനം നടത്തുകയും ചെയ്തു. പ്രതിരോധമന്ത്രിക്കു മുന്നിൽ കരസേന നടത്തിയ അഭ്യാസപ്രകടനങ്ങളിൽ T-90 ടാങ്കുകളും BMP-2 കവചിതവാഹനങ്ങളും പങ്കെടുക്കുകയും ചെയ്തു. സംഘർഷത്തെത്തുടർന്ന് ഇൻഡോ-ടിബറ്റൻ അതിർത്തിയിലെ പ്രധാന പോയിന്റുകളിൽ ഭാരതം T-90 ടാങ്കുകൾ വിന്യസിച്ചു. നിലവിൽ ലോകത്ത് ലഭ്യമായ മൂന്നാംതലമുറ ടാങ്കുകളിൽ ഏറെ മികച്ചതാണ് T-90. കൂടുതൽ സുരക്ഷയും ആധുനികതയും മുൻനിർത്തി 1990കളിൽ റഷ്യ നിർമ്മിച്ച T-90യെ ഒരു ദശാബ്ദം കഴിഞ്ഞ് 2001ലാണ് ഭാരതം സ്വന്തമാക്കിയത്.
പടിഞ്ഞാറൻ അതിർത്തി പങ്കിടുന്ന പാകിസ്ഥാന്റെ കൈവശമുള്ള ഉക്രെയ്നിയൻ നിർമ്മിത T-80 ടാങ്കുകൾ അന്ന് ഭാരതത്തിന്റെ പക്കലുണ്ടായിരുന്ന രണ്ടാം തലമുറ T-72 ടാങ്കുകളേക്കാൾ മികച്ചവയും നവീനവും ആയിരുന്നതുകൊണ്ടാണ് ഭാരതം താരതമ്യേന പുതുതലമുറ ടാങ്കായ T-90 വാങ്ങുന്നത്. 2004ൽ ലഭിച്ച ആദ്യ ബാച്ചിലേത് T-90M വേർഷൻ ആയിരുന്നെങ്കിൽ ഇപ്പോൾ ഭാരതം ലൈസൻസ് വാങ്ങി T-90 ഭീഷ്മ എന്ന പേരിൽ സ്വന്തമായി നിർമ്മിക്കുന്നത് T-90യുടെ നവീകരിച്ച മോഡലായ T-90S ആണ്. ഫ്രാൻസിലെ ഥേൽസ്, ബെലാറസിലെ പെലെങ് എന്നിവർ നിർമ്മിക്കുന്ന കാതറിൻ തെർമൽ ഇമേജറുകളടക്കമുള്ള സംവിധാനങ്ങളോടെയാണ് ഓരോ T-90 ഭീഷ്മയും ആവഡിയിലെ ഹെവി വെഹിക്കിൾ ഫാക്ടറിയിൽ നിന്ന് പുറത്തിറങ്ങുന്നത്. സാധാരണ കവചവും അധിക സുരക്ഷയ്ക്കായി എക്സ്പ്ലോസീവ് റിയാക്ടീവ് ആർമറും ഘടിപ്പിച്ചിട്ടുള്ള T-90 ഭീഷ്മയ്ക്ക് ഉഗ്രശേഷി നൽകുന്നതിനായി 125 മില്ലിമീറ്റർ സ്മൂത്ത് ബോർ ഗണ്ണും 12.7 മില്ലിമീറ്റർ എയർ ഡിഫൻസ് ഗണ്ണും 7.62 മില്ലിമീറ്റർ PKT മെഷീൻ ഗണ്ണും സ്ഥാപിച്ചിട്ടുണ്ട്.
ടാങ്കിന്റെ സുരക്ഷയ്ക്കായി റഷ്യ തന്നെ നിർമ്മിക്കുന്ന ഷ്തോറ ഡിഫെൻസ് സിസ്റ്റത്തിൽ ഇൻഫ്രാറെഡ് ജാമറും ലേസർ വാണിങ് സിസ്റ്റവും അടക്കമുള്ള ആധുനിക സംവിധാനങ്ങളുണ്ട്. ഒപ്പം ടാങ്കിന്റെ പ്രധാന ഗൺ താഴ്ന്നു പറക്കുന്ന വിമാനങ്ങളെയും മറ്റു ടാങ്കുകളെയും വെടിവച്ചിടാൻ വേണ്ട ചെറുമിസൈലുകൾ ഫയർ ചെയ്യുന്നതിനും സജ്ജമാണ്. 840 കുതിരശക്തിയുള്ള V-12 എൻജിന്റെ ശക്തിയിൽ കുതിക്കുന്ന ഈ കരുത്തന് വെള്ളത്തിനടിയിലൂടെ സഞ്ചരിക്കാനുള്ള കഴിവുമുണ്ട്. വർദ്ധിച്ചുവരുന്ന ചൈനീസ് ഭീഷണി മുന്നിൽക്കണ്ടാണ് ഭാരതം കൂടുതൽ T-90കൾ സജ്ജമാക്കിയത്. T-90ക്കു ശേഷം ഭാരതം സ്വന്തമായി വികസിപ്പിച്ച അർജുൻ ടാങ്കിന്റെ മൂന്നാം തലമുറ നിർമ്മിക്കുന്നതിന് പകരം FRCV എന്ന കവചിതവാഹനം നിർമ്മിക്കുന്നതിനുള്ള പ്രാരംഭപ്രവർത്തനങ്ങൾ നിലവിൽ നടന്നുവരികയാണ്. അതേ സമയം നൂതനലോകത്തിന്റെ ആവശ്യങ്ങൾക്ക് ഉതകും വിധം രൂപകൽപ്പന ചെയ്ത റഷ്യയുടെ നാലാം തലമുറ ടാങ്കായ T-14 അർമാറ്റ ഇപ്പോൾത്തന്നെ ഭാരതത്തിന് വിൽക്കുവാൻ റഷ്യയും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
Discussion about this post