കൊറോണയ്ക്ക് പിന്നാലെ വഷളായ അമേരിക്ക – ചൈന ബന്ധം കൂടുതൽ മോശമാകുന്നതായി സൂചന. ചൈനയുടെ ആയുധാഭ്യാസത്തിനു നേരെ അമേരിക്ക ചാരവിമാനം പറത്തിയെന്ന് റിപ്പോർട്ട്. ഇതിനു മറുപടിയായി തെക്കൻ ചൈന കടലിൽ അമേരിക്കൻ കപ്പൽ പടയ്ക്ക് ഭീഷണിയായി ചൈന മിസൈലുകൾ അയച്ചെന്നും റിപ്പോർട്ടുകളുണ്ട്.അമേരിക്കയെ ലക്ഷ്യമിട്ട് ചൈന പുറപ്പെടുവിച്ച ജൈവായുധമാണ് കൊറോണയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്ക ചൈന ബന്ധം കൂടുതൽ വഷളായത്.
പീപ്പിൾസ് ലിബറേഷൻ ആർമി നോർത്തേൺ കമാൻഡിന്റെ നേതൃത്വത്തിൽ നടന്ന സൈനിക അഭ്യാസത്തിനിടെയാണ് അമേരിക്കയുടെ യു-2 ചാരവിമാനം പറന്നത്. ഇത് തങ്ങളുടെ സൈനിക അഭ്യാസം നിർത്തിവെക്കാൻ കാരണമായെന്ന് ചൈന ആരോപിക്കുകയും ചെയ്തു.യുഎസ് ചാരവിമാനം കിഴക്ക് നിന്ന് ബാഷി ചാനല്‍ കടന്ന് തെക്ക് പടിഞ്ഞാറന്‍ തെക്കന്‍ ചൈനാ കടലിലേക്ക് പോവുകയും തിരികെ അതേ റൂട്ടിലൂടെ മടങ്ങിയെന്നാണ് ചൈന ആരോപിക്കുന്നത്
ഇതിനു മറുപടിയെന്നോണമാണ് അമേരിക്കയുടെ വിമാന വാഹിനിക്കപ്പലുകൾ നിലയുറപ്പിച്ച തെക്കൻ ചൈന കടലിൽ ചൈന മിസൈൽ ആക്രമണം നടത്തിയത്. ഡി.എഫ് 21 ഡി, ഡി.എഫ് 26 ബി എന്നീ മിസൈലുകളാണ് പ്രയോഗിച്ചത്. അമേരിക്കയുടെ സൈനിക താവളങ്ങൾക്കും വിമാനവാഹിനികൾക്കും കനത്ത ഭീഷണി ഉയർത്തിക്കൊണ്ടായിരുന്നു ചൈനയുടെ മിസൈൽ വിക്ഷേപണം. ഇത് ഭീഷണി തന്നെയാണെന്ന് ചൈനയുടെ ദേശീയ മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
ചില അമേരിക്കൻ രാഷ്ട്രീയക്കാർ പേടിപ്പിക്കാൻ നോക്കുന്നുണ്ടെന്നും തങ്ങൾ അതിൽ വിരളില്ലെന്നും ചൈനയുടെ പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്. അതേസമയം എതെങ്കിലും രാജ്യത്തിനു നേരെ ആയിരുന്നില്ല മിസൈൽ ആക്രമണമെന്നും ചൈന വ്യക്തമാക്കുന്നുണ്ട്. മിസൈൽ പരീക്ഷണത്തെ അമേരിക്ക ശക്തമായി അപലപിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനോടകം തന്നെ വഷളായ ചൈന – അമേരിക്ക ബന്ധം കൂടുതൽ രൂക്ഷമാകുമെന്നാണ് മേഖലയിൽ നിന്നുള്ള റിപ്പോർട്ടുകൾ.
Discussion about this post