ഹൈപ്പർ സോണിക് മിസൈൽ സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ചതോടെ പ്രതിരോധ രംഗത്ത് ഇന്ത്യ ഒരു നാഴികക്കല്ലുകൂടി പിന്നിട്ടിരിക്കുകയാണ്. അതിശബ്ദാതിവേഗ ( ഹൈപ്പർ സോണിക് ) മിസൈലുകൾ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ നിർമ്മിക്കാൻ കഴിയും വിധം ഇന്ത്യയെ പ്രാപ്തമാക്കാൻ ഈ പരീക്ഷണം സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. നിലവിൽ അമേരിക്ക, റഷ്യ , ചൈന എന്നീ രാജ്യങ്ങൾക്ക് മാത്രമാണ് ഈ സാങ്കേതിക വിദ്യ ഉണ്ടായിരുന്നത്.
മിസൈലുകൾ ഹൈപ്പർ സോണിക്കാകുന്നതോടെ യുദ്ധരംഗത്ത് വലിയ മാറ്റങ്ങളാണ് വരാൻ പോകുന്നത്. നിലവിൽ ഹൈപ്പർ സോണിക് മിസൈലുകളെ തടയാൻ കഴിയുന്ന മിസൈൽ സാങ്കേതിക വിദ്യ ഒരു രാഷ്ട്രങ്ങൾക്കുമില്ല. ഒരു മിസൈലിനെ തടയണമെങ്കിൽ ആ മിസൈലിനേക്കാൾ വേഗമാർജ്ജിക്കാൻ കഴിയുന്ന മറ്റൊരു മിസൈലിനു മാത്രമേ സാദ്ധ്യമാകൂ. ഹൈപ്പർ സോണിക്കിനേക്കാൾ വേഗമുള്ള മിസൈൽ ഇന്നുവരെ ഒരു രാജ്യവും കണ്ടുപിടിച്ചിട്ടില്ല. കൂറ്റൻ വിമാനവാഹിനിക്കപ്പലുകളെപ്പോലും വളരെ എളുപ്പം തകർക്കാൻ ഈ മിസൈലുകൾക്ക് കഴിയും.
ഹൈപ്പർ സോണിക് മിസൈൽ പരീക്ഷണത്തിൽ റഷ്യ കാതങ്ങൾ മുന്നിലെത്തിയെന്നാണ് റിപ്പോർട്ടുകൾ.റഷ്യയുടെ സിർക്കോൺ എന്ന ഹൈപ്പർസോണിക് മിസൈൽ പരീക്ഷണങ്ങളുടെ അന്തിമ ഘട്ടത്തിലാണ്. 2020 അവസാനമോ അടുത്തവർഷം ആദ്യമോ ഈ മിസൈൽ റഷ്യൻ വ്യോമസേനയുടെ ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ. റഷ്യയ്ക്ക് ഹൈപ്പർ സോണിക് മിസൈൽ യാഥാർത്ഥ്യമാകുമെന്ന് ഉറപ്പായതോടെ ഇതിനെ പ്രതിരോധിക്കാനുള്ള വഴി തേടുകയാണ് അമേരിക്ക. അതേ സമയം അടുത്ത ദശാബ്ദത്തിന്റെ മദ്ധ്യത്തോടെ ഇന്ത്യയും ഹൈപ്പർ സോണിക് മിസൈൽ നിർമ്മാണവും പരീക്ഷണവും വിജയകരമായി പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. ബ്രഹ്മോസ് 2 മിസൈലാണ് ഹൈപ്പർ സോണിക്കായി ഇന്ത്യ വികസിപ്പിക്കുന്നത്.
Discussion about this post