ഭാരതത്തിന്റെ ആഭ്യന്തര പ്രതിരോധനിർമ്മാണമേഖലയുടെ സമഗ്രമുന്നേറ്റത്തിനായി സ്വയംഭരണാവകാശമുള്ള പൊതുമേഖലാസ്ഥാപനങ്ങൾ ആവശ്യമാണെന്ന് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്. വ്യാവസായികരംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഫിക്കി സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധരംഗത്ത് പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളിൽ സ്വകാര്യപങ്കാളിത്തം കൊണ്ടുവന്ന് സ്വയംഭരണാവകാശമുള്ള സ്ഥാപനങ്ങളാക്കി മാറ്റുന്ന സർക്കാർ നടപടിയെ തൽപരകക്ഷികൾ നഖശിഖാന്തം എതിർക്കുന്നതിനിടെയാണ് അദ്ദേഹത്തിൻറെ ഈ പ്രസ്താവന.
പൊതുമേഖലാ സ്ഥാപനങ്ങളിൽ സ്വകാര്യവ്യക്തികൾക്കും ഭരണപങ്കാളിത്തം ലഭിക്കുക വഴി പ്രസ്തുത സ്ഥാപനങ്ങളുടെ ശേഷി വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാരതത്തിന്റെ പ്രതിരോധ ബജറ്റിന്റെ ഭീമമായ ഒരു ഭാഗം വൈദേശികമായ ആയുധങ്ങൾ വാങ്ങുന്നതിനും അവ പരിപാലിക്കുന്നതിനുമായി ചെലവായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുക വഴി നമുക്ക് ആ ചെലവിൽ ഗണ്യമായ കുറവ് വരുത്താൻ സാധിക്കും. ഒപ്പം അമേരിക്കയുടെ കാറ്റ്സ പോലെയുള്ള ഉപരോധ നിയമങ്ങളെ ഒഴിവാക്കാനും സാധിക്കും എന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ഇന്ത്യയുടെ പക്കലുള്ള ആയുധങ്ങളിൽ ഗണ്യമായ ഒരു വിഭാഗം വളരെ പഴക്കമേറിയവയാണ്. അവയെ എല്ലാം കാലാകാലങ്ങളിൽ പരിഷ്കരിച്ച് ഉപയോഗിക്കുകയാണ് ചെയ്തുവരുന്നത്. എന്നാൽ പ്രതിരോധമേഖലയിലേക്ക് സ്വകാര്യ സംരംഭകരും കൂടി കടന്നു വന്ന് ആഭ്യന്തര ഉത്പാദനം വർദ്ധിക്കുന്നതോടെ അത്തരം ആയുധങ്ങളെ പുതുതലമുറ ആയുധങ്ങൾ വാങ്ങാൻ ശേഷിയില്ലാത്ത രാജ്യങ്ങൾക്ക് വിറ്റഴിക്കുവാൻ സാധിക്കും. ഒപ്പം അവയിൽ ചില ആയുധങ്ങൾ ആഭ്യന്തര ഉല്പാദകർക്ക് നൽകിയാൽ അവയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് അത്യന്താധുനിക ആയുധങ്ങൾ നിർമ്മിക്കാനും സാധിക്കും എന്ന് അദ്ദേഹം പ്രത്യാശിച്ചു.
നിലവിൽ Ordinance Factory Board (OFB) കൂടാതെ വ്യോമയാന നിർമ്മാണരംഗത്തുള്ള Hindustan Aeronautics Limited (HAL), ഇലക്ട്രോണിക്സ് രംഗത്ത് പ്രവർത്തിക്കുന്ന Bharat Electronics Ltd (BEL), ആയുധനിർമ്മാണ മേഖലയിലെ Bharat Dynamics Ltd (BDL), കപ്പൽ നിർമ്മാണ ശാലകളായ Mazagon Dock Shipbuilders Limited (MDL), Garden Reach Shipbuilders and Engineers Ltd (GRSE), Goa Shipyard Limited (GSL), പ്രതിരോധരംഗത്തെ വാഹന നിർമ്മാതാക്കളായ Bharat Earth Movers Ltd (BEML), റോക്കറ്റുകൾക്കും മിസൈലുകൾക്കും വേണ്ട വസ്തുക്കൾ നിർമ്മിക്കുന്ന Mishra Dhatu Nigam Ltd (MIDHANI) എന്നിവയാണ് പ്രതിരോധരംഗത്ത് പ്രവർത്തിക്കുന്ന പ്രധാന പൊതുമേഖലാ സ്ഥാപനങ്ങൾ.
Discussion about this post