ഹോങ്കോംഗ് : ചൈനീസ് ദേശീയ ദിനത്തിൽ ത്രിവർണപതാകയുയർത്തി ഹോങ്കോംഗുകാരൻ നടത്തിയ പ്രതിഷേധം വൈറലായി. ചൈനയുടെ ദേശീയ ദിനമായ ഒക്ടോബർ ഒന്നിനായിരുന്നു ഹോങ്കോംഗ് തെരുവിൽ ഹോങ്കോംഗ് പൗരൻ ഇന്ത്യൻ പതാകയുമായി പ്രതിഷേധം നടത്തിയത്. ചൈനയുടെ ഹോങ്കോംഗിലെ ഇടപെടലിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടയിലാണ് വ്യത്യസ്ത പ്രതിഷേധവുമായി യുവാവ് രംഗത്തെത്തിയത്.
എന്തിനാണ് ഇന്ത്യൻ പതാക ഉയർത്തുന്നതെന്ന് ചോദിച്ചപ്പോൾ താൻ ഇന്ത്യയെ വളരെയധികം സ്നേഹിക്കുന്നുവെന്നായിരുന്നു യുവാവിന്റെ മറുപടി. ഇന്ത്യ ചൈനയോട് യുദ്ധം ചെയ്യാൻ ശക്തിയുള്ള രാജ്യമാണ്. ചൈനയുടെ അധിനിവേശത്തിനെതിരെ ശക്തമായി പോരാടാൻ ഇന്ത്യക്ക് കഴിയുമെന്നും യുവാവ് ചൂണ്ടിക്കാട്ടി. ത്രിവർണ പതാകയുമായി യുവാവ് ഹോങ്കോംഗ് പൊലീസിന്റെ മുന്നിലൂടെ നടക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഹോങ്കോംഗ് പൗരന്മാരെ വിചാരണയ്ക്ക് ചൈനയിലേക്ക് അയക്കാനുള്ള ബിൽ നടപ്പാക്കാൻ ശ്രമിക്കുന്നതിനെതിരെയാണ് കഴിഞ്ഞ കുറെ നാളുകളായി പ്രക്ഷോഭം നടക്കുന്നത്. ചൈനയുടെ ജനാധിപത്യ വിരുദ്ധ നയങ്ങളുടെ ഭാഗമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രക്ഷോഭം നടക്കുന്നത്.
Discussion about this post